തൊടുപുഴ: ''അമ്മ വരണം. അച്ഛനെയും കൂടെ കൂട്ടിക്കോ''
''ഇല്ലെടാ, ഇവിടെ നൂറുകൂട്ടം പണിയുണ്ട്. അന്നേരമാ നിന്റെ കളി...''
''അതൊന്നും പറഞ്ഞാല്‍ പറ്റില്ല. വെള്ളിയാഴ്ച കൊച്ചിയില്‍ എത്തിയേക്കണം''

മകന്റെ സ്നേഹനിര്‍ഭരമായ വാശിക്ക് കീഴടങ്ങി ആ കുഞ്ഞുകുടുംബം വെള്ളിയാഴ്ച കൊച്ചിയിലേക്ക് പോകും. ജീവിതത്തില്‍ ആദ്യമായി ഒരു പ്രൊഫഷണല്‍ ഫുട്ബോള്‍ കളി നേരില്‍ കാണാന്‍. കേരള ബ്ലാസ്റ്റേഴ്സ് താരം അജിത് ശിവന്റെ അച്ഛന്‍ ശിവനും അമ്മ സിന്ധുവും അനിയത്തി അനുപമയും വെള്ളിയാഴ്ച ജവാഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തിലുണ്ടാകും. അജിത്തിന്റെ സുഹൃത്തും അയല്‍പക്കക്കാരനുമായ ജോളിയുടെ കാറിലാണ് യാത്ര. ''അമ്മയും അച്ഛനും നേരത്തേ വന്നാമതി. മൂന്നുമണിക്കെത്തിയാല്‍ നേരിട്ട് കാണാം.ടിക്കറ്റൊക്കെ റെഡിയാക്കിയിട്ടുണ്ട്. വന്ന് കളി കണ്ടിട്ട് പൊക്കോ.'' 

കളി കാണാനെത്തുമെന്ന കാര്യം ഉറപ്പാക്കാന്‍ അജിത് വ്യാഴാഴ്ച വിളിച്ച കാര്യം ഫോണില്‍ മാതൃഭൂമിയോട് പറയുമ്പോള്‍ സന്തോഷം കൊണ്ട് സിന്ധുവിന് വാക്കുകള്‍ കിട്ടുന്നുണ്ടായിരുന്നില്ല. റിലയന്‍സ് ഫൗണ്ടേഷന്‍ അക്കാദമിയിലൂടെ ശ്രദ്ധേയനായ അജിത് ഈ സീസണിലാണ് ബ്ലാസ്റ്റേഴ്സിലെത്തിയത്. 'അജിത്തിന് കളിക്കാന്‍ അവസരം കിട്ടില്ലെന്നാ പറയുന്നേ, എന്നാലും സാരമില്ല, മോന്റെ ടീമല്ലേ, അതപ്പോള്‍ ഞങ്ങടെ ടീമാ. ബ്ലാസ്റ്റേഴ്സ് ജയിക്കും- അമ്മ സിന്ധു ആത്മവിശ്വാസം പ്രകടിപ്പിച്ചു.

ആശാവര്‍ക്കര്‍ കൂടിയായ സിന്ധു കഞ്ഞിക്കുഴി പഞ്ചായത്ത് അധികൃതരുടെ പ്രത്യേകാനുമതി വാങ്ങിയാണ് വെള്ളിയാഴ്ച അവധിയെടുക്കുന്നത്. കരിങ്കല്‍ പണിക്കാരനായ ഇടുക്കി കഞ്ഞിക്കുഴി ഏഴുകമ്പി കമ്പിക്കകത്ത് ശിവനും സന്തോഷത്തിലാണ്. ഒരു ദിവസം പണിക്ക് പോയില്ലേലും സാരമില്ല. മോന്റെ ടീമിന്റെ കളി കാണാമല്ലോ. മൂന്നാര്‍ ഗവ. എന്‍ജീനിയറിങ് കോളജിലെ ഒന്നാംവര്‍ഷ കംപ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ഥിനിയായ അനുപമ നിര്‍ബന്ധിച്ചാല്‍ ലുലുമാളും മെട്രോയിലും ഒന്ന് കേറിയേച്ചേ വരൂള്ളൂവെന്ന് പറയുന്നു അമ്മ സിന്ധു. അനുപമയുടെ കൂട്ടുകാരി അഞ്ജലിയും കൂടെയുണ്ടാകും.

അമ്മയും അച്ഛനും കളി കാണാന്‍ വരുന്നതിന്റെ സന്തോഷത്തിലാണ് അജിത്. ബ്ലാസ്റ്റേഴ്സ് ക്യാമ്പ് മൊത്തത്തില്‍ പുതിയ അനുഭവമാണ്. ഒരു പ്രൊഫഷണല്‍ ഫുട്ബോളറായി വളരാന്‍ സഹായിക്കുന്നുണ്ട്. ബെര്‍ബെറ്റോവിനെപ്പോലുള്ള വിദേശ താരങ്ങളും സി.കെ. വിനീതിനെയും റിനോയെയും പോലുള്ള ചേട്ടായിമാരും പുതിയവിദ്യകള്‍ പകര്‍ന്നുതരുന്നുണ്ടെന്ന് മധ്യനിരതാരമായ അജിത് പറയുന്നു.