ഴിഞ്ഞ രണ്ട് സീസണിലെ മോശംപ്രകടനത്തിന്റെ ക്ഷീണം തീര്‍ക്കാനൊരുങ്ങുകയാണ് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ്. പുതിയപരിശീലകനും കളിക്കാരും ആ പ്രതീക്ഷകള്‍ക്ക് നിറം പകരാന്‍ കരുത്തുള്ളവരാണ്. മൂന്നാം പതിപ്പിന് ഒക്ടോബര്‍ ഒന്നിന് ഗുവാഹത്തി ഇന്ദിരാ ഗാന്ധി അത്ലറ്റിക്ക് സ്റ്റേഡിയത്ത് കിക്കോഫാവുമ്പോള്‍ ഉദ്ഘാടനമത്സരത്തില്‍ കേരള ബ്ലാസ്റ്റേഴിസിനെതിരെ ബൂട്ട് കെട്ടുന്ന നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് എട്ട് സംസ്ഥാനങ്ങളുടെ പ്രതീക്ഷഭാരവും താങ്ങിയാണ് മൈതാനത്തെത്തുന്നത്.

കിരീടം ഉറപ്പിക്കാന്‍ പുതിയ പരിശീലകനെയിറക്കായാണ് വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളുടെ ഇത്തവണത്തെ വരവ്. പോര്‍ച്ചുഗലില്‍നിന്നുള്ള നെലോ വിന്‍ഗാഡയാണ് ഇത്തവണ നോര്‍ത്ത് ഈസ്റ്റിനായി തന്ത്രങ്ങള്‍ മെനയുന്നത്. പോര്‍ച്ചുഗല്‍ 89-ലും 91-ലും യൂത്ത് കപ്പില്‍ മുത്തമിട്ടപ്പോള്‍ സഹപരിശീലകനായും 95-ല്‍ മൂന്നാം സ്ഥാനത്തെത്തിയപ്പോള്‍ മുഖ്യപരിശീലകന്റെ കുപ്പായത്തിലും വിന്‍ഗാഡയുണ്ടായിരുന്നു.

ആദ്യ സീസണില്‍ അവസാനസ്ഥാനത്തും കഴിഞ്ഞ സീസണില്‍ അഞ്ചാം സ്ഥാനത്തുമായാണ് ടീം ലീഗില്‍ ഫിനിഷ് ചെയ്തത്.പരിചയ സമ്പന്നരായവര്‍ക്കൊപ്പം ഒരുപിടി പുതിയ താരങ്ങളുമാണ് നോര്‍ത്ത് ഈസ്റ്റിന്റെ പ്രതീക്ഷ വര്‍ധിപ്പിക്കുന്നത്.

കഴിഞ്ഞവര്‍ഷം പൂനെ എഫ്.സി. പ്രതിരോധ നിരയിലുണ്ടായിരുന്ന ഐവറികോസ്റ്റിന്റെ ദിദിയര്‍ സെക്കോറയാണ് നോര്‍ത്ത് ഈസ്റ്റ് ടീം നിരയുടെ മാര്‍ക്വീ താരം. മലയാളിതാരം ടി.പി. രഹ്നേഷും മുംബൈ എഫ്.സി. വിട്ട മുന്‍ ഇന്ത്യന്‍ ഗോള്‍കീപ്പര്‍ സുബ്രതോപാലും ഗോള്‍കീപ്പര്‍മാരാകും.

north east united

ബ്രസീലില്‍നിന്നുള്ള ഗുസ്താവോ ലസ്സാറെറ്റിക്കും മാലിസണ്‍ ആല്‍വെസിനും കൂട്ടായി കേരള ബ്ലാസ്റ്റേഴ്സ് നിരയിലുണ്ടായിരുന്ന നിര്‍മല്‍ ഛെത്രിയും ഡൈനാമോസ് നിരയിലുണ്ടായിരുന്ന സൗവിക് ഘോഷും ചേരുന്നതോടെ പ്രതിരോധനിര ശക്തമാവും.

മധ്യനിരയില്‍സെക്കോറക്കൊപ്പം കളി മെനയാന്‍ തനിക്കൊപ്പം ഐവറിക്കോസ്റ്റ് ദേശീയ ടീമിലുണ്ടായിരുന്ന റൊമാരിക്കും ഇന്ത്യന്‍പ്രതീക്ഷകളായ സെയ്ത്യസെന്‍ സിങും ജപ്പാന്റെ കാത്സുമി യുസയും ചേരും.

കഴിഞ്ഞ രണ്ട് സീസണുകളിലുമായി 28 കളികള്‍ കളിച്ച നോര്‍ത്ത് ഈസ്റ്റിന് 29 തവണമാത്രമാണ് എതിരാളികളുടെ വലകുലുക്കാന്‍ സാധിച്ചത്. എന്നാല്‍ ആ പ്രതിസന്ധിക്ക് പരിഹരിക്കാന്‍ വേണ്ടി രണ്ടാംപതിപ്പില്‍ അഞ്ച് ഗോളുകള്‍ സ്‌കോര്‍ ചെയ്ത അര്‍ജന്റീനിയന്‍ താരം നിക്കോളസ് വെലെസിന് കൂട്ടായി ഉറുഗ്വെയ് താരങ്ങളായ എമിലാനോ അല്‍ഫാറോയെയും സാഷ അനെഫിനെയും മുന്നേറ്റനിരയില്‍ ആക്രമണ ചുമതലയേല്‍പ്പിക്കും.

യുവതാരങ്ങളായ സുമീത് പാസ്സിയും ഹോളിചരണ്‍ നര്‍സാരിയും എതിരാളികളുടെ ഗോള്‍വല നിറയ്ക്കാന്‍ കെല്‍പ്പുള്ളവരാണ്.

ഹോം ഗ്രൗണ്ട് : ഇന്ദിരാ ഗാന്ധി അത്ലറ്റിക് സ്റ്റേഡിയം 
കപ്പാസിറ്റി: 35,000
ടീം ഉടമ: ജോണ്‍ എബ്രഹാം
കോച്ച്: നെലോ വിന്‍ഗാട
മാര്‍ക്വീ താരം: ദിദയര്‍ സെക്കോറ
കഴിഞ്ഞ സീസണ്‍ അഞ്ചാം സ്ഥാനം