കാണികളുടെ ആരവത്തില്‍ അത്ലറ്റിക്കോ ദി കൊല്‍ക്കത്ത കളിമറന്നപ്പോള്‍ ബ്ലാസ്റ്റേഴ്സിന് കളി സംഘാടനത്തിലാണ് പിഴച്ചത്. പ്രതിരോധത്തില്‍നിന്നുള്ള നീളന്‍ പാസുകളായിരുന്നു കേരളടീമിന്റെ പ്രധാനതന്ത്രം. എന്നാല്‍, ബെല്‍ഫോര്‍ട്ടിനെ രണ്ട് പ്രതിരോധനിരക്കാര്‍ വട്ടംപിടിച്ചതോടെ ആതിഥേയരുടെ ആക്രമണങ്ങളുടെ കൂമ്പടഞ്ഞു.

ഹോസുവില്ലാത്ത ഇടതുവിങ്ബാക്ക് സ്ഥാനത്ത് ഇഷ്ഫഖിനെയും നന്ദിക്കുപകരം ഗോള്‍കീപ്പറായി ഗ്രഹാം സ്റ്റാക്കിനെയും കളിപ്പിച്ചാണ് കോപ്പല്‍ 4-4-1-1 ശൈലിയില്‍ ടീമിനെ ഇറക്കിയത്. മറുവശത്ത് അപകടകാരികളായ യാവി ലാറ, സ്റ്റീഫന്‍ പിയേഴ്സന്‍ എന്നിവരെ മാറ്റി ഇയാന്‍ ഹ്യൂമിനും ഹൊസെ മൊളീന ആദ്യ ഇലവനില്‍ അവസരം നല്‍കി.

രണ്ടാം സ്ട്രൈക്കറുടെ റോളിലാണെങ്കിലും മധ്യനിരയിലേക്ക് ഇറങ്ങിയാണ് മുഹമ്മദ് റാഫി കളിച്ചത്. ഡിഫന്‍സീവ് തേര്‍ഡില്‍ ബ്ലാസ്റ്റേഴ്സ് പുലര്‍ത്തിയ അലസത പലപ്പോഴും അവര്‍ക്ക് വിനയായി. ആക്രമണസമയത്ത് ടീമിന് കൃത്യമായ ആകൃതി ഇല്ലാതിരുന്നതും ബ്ലാസ്റ്റേഴ്സിനെ ഗോളില്‍ നിന്നകറ്റി. 

മറുവശത്ത് സമ്മര്‍ദത്തിനടിമപ്പെട്ടാണ് കൊല്‍ക്കത്ത കളിച്ചത്. ഇയാന്‍ ഹ്യൂമിനെമാത്രം മുന്നില്‍നിര്‍ത്തി പ്രതിരോധത്തിന് പ്രാധാന്യം നല്‍കുന്നതായിരുന്നു അവരുടെ ഗെയിംപ്ലാന്‍. ഹെങ്ബര്‍ട്ട് കൃത്യമായി ഹ്യൂമിനെ തളയ്ക്കുകയും ചെയ്തു. കളിയുടെ സംഘാടനത്തില്‍ കേരളടീമിന് പിഴച്ചത് ഹ്യൂസ് പരിക്കേറ്റ് പോയതോടെയാണ്. ഇതോടെ, ഹെങ്ബര്‍ട്ട് പ്രതിരോധത്തില്‍ തമ്പടിക്കുകയും മെഹ്താബും അസ്രാകും പ്രതിരോധത്തിലേക്ക് കൂടുതലായി വലിയുകയും ചെയ്തു. അറ്റാക്കിങ് മിഡ്ഫീല്‍ഡിനെ ശോഷിപ്പിക്കുന്നതായി ഈ തന്ത്രം. 

അഞ്ചുപേരെ മധ്യനിരയില്‍ നിറച്ചുകളിച്ച കൊല്‍ക്കത്ത വിങ്ങുകളില്‍ കളിച്ച വിനീതിലേക്കും ബെല്‍ഫോര്‍ട്ടിലേക്കുമുള്ള പന്തുകളെ കൃത്യമായി തടഞ്ഞു. എക്സ്ട്രാ ടൈമിലേക്ക് കളി നീണ്ടതോടെ ബ്ലാസ്റ്റേഴ്സ് ഗെയിംപ്ലാന്‍ പുതുക്കിപ്പണിതു. ആക്രമണത്തിനും പ്രതിരോധത്തിനും തുല്യപ്രധാന്യമുള്ള 4-2-31 ശൈലിയിലേക്ക് അവര്‍ ഫോര്‍മേഷന്‍ മാറ്റി. ഡിഫന്‍സീവ് മിഡ്ഫീല്‍ഡില്‍നിന്ന് മെഹ്താബ് ഹുസൈന്‍ വലതുവിങ്ങിലേക്ക് മാറി. റഫീക് ഡിഫന്‍സീവ് മിഡ്ഫീല്‍ഡിലേക്കുവന്നു. ഈ തന്ത്രത്തിനും കളിയെ മാറ്റാനായില്ല.