കൊച്ചി: ഐഎസ്എല്‍ കലാശപ്പോരിന് കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ തുടക്കമാകുമ്പോള്‍ സ്‌റ്റേഡിയത്തിന് പുറത്ത് നിരാശയിലാണ് കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ നൂറുകണക്കിന് ആരാധകര്‍. മത്സരം നേരിട്ടുകാണാന്‍ മണിക്കൂറുകള്‍ യാത്ര ചെയ്ത് എത്തിയിട്ടും ടിക്കറ്റ് ലഭിക്കാതെ പോയത് ആരാധകരെ നിരാശയിലാഴ്ത്തി.

കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും മഞ്ഞപ്പടയുടെ കലാശപ്പോരാട്ടം കാണാന്‍ ആയിരക്കണക്കിന് ആരാധകരാണ് കലൂര്‍ സ്‌റ്റേഡിയത്തിലേക്കെത്തിയത്. ടിക്കറ്റില്ലാഞ്ഞിട്ടും സ്‌റ്റേഡിയത്തില്‍ നിന്നും ടിക്കറ്റ് ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഭൂരിഭാഗം പേരുമെത്തിയത്. എന്നാല്‍ ഇന്നും ടിക്കറ്റ് വീതരണമുണ്ടാകില്ലെന്ന് അറിഞ്ഞതോടെ ഇവര്‍ക്ക് നിരാശയായി ഫലം.

ടിക്കറ്റ് ലഭിക്കില്ലെന്ന ഉറപ്പായപ്പോള്‍ പലരും അപേക്ഷയുമായി പോലീസിന് അടുത്തുവരെയെത്തി 'അതിരാവിലെ പുറപ്പെട്ടതാണ്, എങ്ങനെയെങ്കിലും കടത്തിവിടണം'. എന്നാല്‍ നിസ്സഹായരായി പോലീസും കൈമലര്‍ത്തി. ആരാധസംഘങ്ങളോട് സ്‌റ്റേഡിയത്തിനകത്തെ അവസ്ഥ പറഞ്ഞു മനസ്സിലാക്കുന്ന പോലീസുകാരെ സ്‌റ്റേഡിയം പരിസരത്ത് പലയിടത്തും കാണാമായിരുന്നു.

ഏതുവിധേനയും ടിക്കറ്റ് സംഘടിപ്പിക്കാമെന്ന പ്രതീക്ഷയിലാണ് ഇവിടെ എത്തിയതെന്നും എന്നാല്‍ ടിക്കറ്റുകള്‍ കരിഞ്ചന്തയില്‍ പോയത് തങ്ങള്‍ക്ക് തിരിച്ചടിയായെന്നും തലശ്ശേരിയില്‍ നിന്നെത്തിയ മുഹ്‌സിന്‍ പറയുന്നു. കരിഞ്ചന്തയില്‍ 300 രൂപയുടെ ഗ്യാലറി ടിക്കറ്റിന് 3000 രൂപവരെയായിരുന്നു വില.

സ്‌റ്റേഡിയം പരിസരത്തുനിന്നും ചിലര്‍ക്ക് ടിക്കറ്റ് ലഭിക്കുകയും ചെയ്തു. യഥാര്‍ത്ഥ വിലയുടെ പലമടങ്ങ് വില നല്‍കേണ്ടിവന്നുവെന്ന മാത്രം. 'രണ്ടു ടിക്കറ്റുകള്‍ കിട്ടിയിട്ടുണ്ട്. ഞങ്ങള്‍ എട്ടുപേരാണുള്ളത്. അന്വേഷിച്ചിട്ട് ഇനി ടിക്കറ്റ് കിട്ടാനുമില്ല. എന്താണ് ചെയ്യേണ്ടതെന്നറിയില്ല' മലപ്പുറത്തു നിന്നെത്തിയ സംഘത്തിലെ ഒരാള്‍ മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു.

കഴിഞ്ഞ ദിവസങ്ങളില്‍ വന്ന് ക്യൂ നിന്നിട്ടും ടിക്കറ്റ് കിട്ടിയില്ലെന്നും എന്നാല്‍ ഇന്ന കിട്ടിയേക്കുമെന്ന പ്രതീക്ഷയിലാണ് എത്തിയതെന്നും പട്ടാമ്പിയില്‍ സ്വദേശി വിഷ്ണു പറയുന്നു. പട്ടാമ്പിയില്‍ നിന്ന് ബൈക്കിലാണ് വിഷ്ണുവും സംഘവും കൊച്ചിയിലെത്തിയത്. ബിബിഎ വിദ്യാര്‍ത്ഥികളാണിവര്‍. 

'മുമ്പത്തെ മത്സരങ്ങള്‍ക്ക് മത്സരദിവസം സ്‌റ്റേഡിയത്തില്‍ നിന്നാണ് ടിക്കറ്റ് എടുത്തിരുന്നത്. ഇന്നും ആ പ്രതീക്ഷയിലാണ് എത്തിയത്. അത് വെറുതെയായി' ചേര്‍ത്തലയിലെ കോളേജില്‍ പഠിക്കുന്ന അനൂപ് നിരാശ മറച്ചുവെക്കുന്നില്ല.

ടിക്കറ്റ് ഉള്ളവരും ഇല്ലാത്തവരുമെല്ലാം സ്‌റ്റേഡിയം പരിസരത്ത് നിറഞ്ഞതോടെ പോലീസിനും തലവേദന കൂടി. ടിക്കറ്റില്ലാത്തവര്‍ സ്‌റ്റേഡിയത്തിന്റെ ചുറ്റുമുള്ള റോഡില്‍നിന്നും മാറണമെന്ന പോലീസ് പലതവണ അനൗണ്‍സ് ചെയ്തു. ഒടുവില്‍ ടീം ബസ്സുകള്‍ക്ക് സ്‌റ്റേഡിയത്തിലേക്കെത്താന്‍ പോലീസിന് ചെറിയ തോതില്‍ ലാത്തിപ്രയോഗവും നടത്തേണ്ടിവന്നു.