റ്റാലിയന്‍ താരമായ മാര്‍ക്കോ മറ്റരാസിക്ക് ഒരൊറ്റ ലക്ഷ്യമേയുള്ളൂ. കഴിഞ്ഞവര്‍ഷത്തെ തങ്ങളുടെ കിരീടവിജയം വെറും ഭാഗ്യംകൊണ്ടല്ലെന്ന് തെളിയിക്കല്‍. എല്ലാ ചാമ്പ്യന്മാര്‍ക്കും എന്നപോലെ കിരീടം നിലനിര്‍ത്തുക എന്ന പ്രയാസകരമായ ജോലിയാണ് ഇത്തവണ ചെന്നൈയിന്‍ എഫ്.സിക്കുള്ളത്. ആദ്യ സീസണില്‍ ഐ.എസ്.എല്‍. പട്ടികയില്‍ ഏറ്റവും പുറകിലായിരുന്ന ടീമിനെയാണ് രണ്ടാം സീസണില്‍ മറ്റരാസി കിരീടമണിയിച്ചത്. ഇത്തവണ അതത്ര എളുപ്പമാവുമെന്നു തോന്നുന്നില്ല. ചെന്നൈയുടെ വിജയത്തിനുപിന്നില്‍ പ്രവര്‍ത്തിച്ച മൂന്നു പ്രമുഖര്‍ ഇപ്രാവശ്യം ടീമിലില്ല. മുന്നേറ്റനിരയില്‍ തിളങ്ങിയിരുന്ന കൊളംബിയന്‍താരം സ്റ്റീവന്‍ മെന്‍ഡോസയും ബ്രസീലിയനായ എലാനോ ബ്ലൂമറും ടീമിനെ വിട്ടു. കഴിഞ്ഞവര്‍ഷം അത്‌ലറ്റികോ ഡി കൊല്‍ക്കത്തയില്‍ നിന്നുമെത്തി ഗോള്‍വലയം കാത്ത എഡല്‍ ബെറ്റെയാകട്ടെ, എഫ്.സി. പുണെ സിറ്റിയിലേക്കും പോയി. ബാക്കിയുള്ളവരെ വെച്ചുവേണം മറ്റരാസിക്ക് കിരീടം നിലനിര്‍ത്താന്‍. ചെന്നൈയുടെ ആദ്യമത്സരം ഒക്ടോബര്‍ രണ്ടിന് കൊല്‍ക്കത്തയുമായി അവരുടെ മണ്ണിലാണ്.
കഴിഞ്ഞവര്‍ഷം ഐ.എസി.എല്ലില്‍ ഏറ്റവും കൂടുതല്‍ ഗോളടിച്ച താരമാണ് താരം സ്റ്റീവന്‍ മെന്‍ഡോസ. ഗോവയില്‍ നടന്ന ഫൈനലില്‍ കളിയുടെ അവസാന നിമിഷം പിറന്ന വിജയഗോളും മെന്‍ഡോസയുടെ വകയായിരുന്നു. അതൊന്നും ചെന്നൈയുടെ ആരാധകര്‍ക്ക് അത്രപെട്ടെന്ന് മറക്കാന്‍ കഴിയില്ല. ടൂര്‍ണമെന്റിലെ മികച്ച കളിക്കാരനായി തിരഞ്ഞെടുക്കപ്പെട്ട മെന്‍ഡോസ മേജര്‍ ലീഗ് സോക്കറില്‍ ന്യൂയോര്‍ക്ക് സിറ്റി എഫ്.സിക്ക് വേണ്ടിയാണ് ഇപ്പോള്‍ കളിക്കുന്നത്. ടീമിലെ മറ്റൊരു പ്രമുഖനായ ബ്രൂണോ പെലിസാറിയാകട്ടെ, ഡല്‍ഹി ഡൈനാമോസിലേക്ക് മാറി. കഴിഞ്ഞവര്‍ഷം ടീമിലുണ്ടായിരുന്ന 14 പേരെ നിലനിര്‍ത്താന്‍ കഴിഞ്ഞു എന്നത് മാത്രമാണ് ചെന്നൈ ടീമിന് ആശ്വസിക്കാന്‍ കഴിയുന്നത്.

എഡലിന് പകരം ഇത്തവണ ചെന്നൈയുടെ ഗോള്‍വലയം കാക്കുന്നത് ജമൈക്കന്‍ താരമായ ഡ്വയിന്‍ കെര്‍ ആണ്. ഇന്ത്യന്‍ താരങ്ങളായ കരണ്‍ജിത് സിങ്ങും പവന്‍ കുമാറുമാണ് കൂട്ടാളികള്‍.

പ്രതിരോധത്തില്‍ ബെര്‍ണാഡ് മെന്‍ഡിയും ടീമിന്റെ മാര്‍ക്വീതാരമായ ജോണ്‍ ആര്‍നെ റീസ്സെയുമുണ്ട്. ഇന്ത്യന്‍ താരങ്ങളായ അഭിഷേക് ദാസ്, മെഹ്‌റാജുദ്ദീന്‍ വാദൂ എന്നിവര്‍ അവര്‍ക്ക് കൂട്ടാകും. മധ്യനിരയില്‍ ബ്രസീലിയന്‍ താരം റാഫേല്‍ അഗസ്റ്റോയ്‌ക്കൊപ്പം ഡല്‍ഹിയില്‍ നിന്നെത്തിയ ഹാന്‍സ് മുള്‍ഡറും ചേരുമ്പോള്‍ അത് മികച്ച കൂട്ടുകെട്ടാകും. ഇറ്റലിക്കാരന്‍ മാനുവല്‍ ബ്ലാസി, ഇന്ത്യന്‍ താരങ്ങളായ ബാല്‍ജിത് സാഹ്നി, തോയി സിങ് എന്നിവരും ഇവരോടൊപ്പം ചേരും.

ഐ ലീഗില്‍ മികച്ച പ്രകടനം കാഴ്ചവെച്ച നൈജീരിയന്‍ താരം ഡുഡുവും ഈവര്‍ഷത്തെ മികച്ച ഇന്ത്യന്‍ ഫുട്‌ബോളായി തിരഞ്ഞെടുക്കപ്പെട്ട ജെജെ ലാല്‍ പെഖൂലയുമാണ് ചെന്നൈയിന്‍ ടീമിന്റെ ആക്രമണനിരയിലുള്ളത്. ഇറ്റാലിയന്‍താരമായ ഡേവിഡ് സൂസിയും ഗോളടിക്കാനുണ്ടാകും.