കോഴിക്കോട്: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോള്‍ മൂന്നാം സീസണിന്റെ ഉദ്ഘാടനമത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സ് ഇറങ്ങുമ്പോള്‍ ടീം ഘടനയും ഫോര്‍മേഷനും കളിപ്രേമികള്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. പ്രമുഖകളിക്കാരുടെ അഭാവവും പരിക്കും ഗെയിംപ്ലാനില്‍ മാറ്റംവരുത്താന്‍ പരിശീലകന്‍ സ്റ്റീവ് കോപ്പലിനെ നിര്‍ബന്ധിതനാക്കുന്നു.
 
ആദ്യസീസണില്‍ ഡേവിഡ് ജെയിംസിന്റെ കീഴില്‍ വ്യത്യസ്ത ഫോര്‍മേഷനുകളിലാണ് കളിച്ചതെങ്കിലും 4-4-2, 4-2-3-1 ശൈലികളിലാണ് കൂടുതല്‍ ഉപയോഗിച്ചത്. രണ്ടാം സീസണില്‍ പീറ്റര്‍ ടെയ്‌ലര്‍ക്കു കീഴില്‍ 5-3-2ല്‍ കളിച്ചുതുടങ്ങിയ ടീം പിന്നീട് ടെറി ഫെലാന് കീഴില്‍ 4-4-2 ശൈലിയിലേക്കുമാറി. ഇത്തവണ സ്റ്റീവ് കോപ്പല്‍ ഏതുരീതിയിലാകും ടീമിനെ വിന്യസിക്കുകയെന്നത് കൗതുകകരമായിരിക്കും. ശനിയാഴ്ച ഗുവാഹാട്ടിയില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെയാണ് ടീമിന്റെ ആദ്യമത്സരം.
 
കോപ്പലിന്റെ തന്ത്രങ്ങള്‍
 
ഇംഗ്ലീഷ് ക്ലബ്ബ് റെഡ്ഡിങ്ങിനെ പരിശീലിപ്പിക്കുന്നകാലത്ത് 4-4-2 ശൈലിയാണ് കോപ്പലിന് പ്രിയങ്കരം. എന്നാല്‍, അതിവേഗത്തില്‍ കളിക്കുന്ന ടീമുകള്‍ക്കെതിരെ 4-5-1 ശൈലിയില്‍ ടീമിനെ ഇറക്കിയ ചരിത്രവുമുണ്ട്. ആദ്യകളിക്കിറങ്ങുമ്പോള്‍ ബ്ലാസ്റ്റേഴ്‌സിന് ചില പ്രതിസന്ധികളുണ്ട്. വലതുവിങ്ബാക്ക് സ്ഥാനത്ത് കളിക്കേണ്ട റിനോ ആന്റോ, ലെഫ്റ്റ് വിങ്ങര്‍ സി.കെ. വിനീത് എന്നിവരുടെ അഭാവം ടീം ആസൂത്രണത്തില്‍ നിര്‍ണായകമാകും. പരിക്കേറ്റ മുഹമ്മദ് റഫീഖും കളിക്കാനുണ്ടാകില്ല. മധ്യനിരയില്‍ മികച്ച വിദേശതാരങ്ങളില്ലാത്തതും മുന്നേറ്റനിരയിലെ ധാരാളിത്തവും കോപ്പലിന് ദൗത്യം ശ്രമകരമാക്കും.
ആറു വിദേശതാരങ്ങള്‍ അഞ്ച് ഇന്ത്യന്‍ താരങ്ങള്‍ എന്നതാണ് ആദ്യ ഇലവന്റെ ഘടന. അഞ്ച് ഇന്ത്യന്‍ താരങ്ങളില്‍ ഡിഫന്‍സീവ് മിഡ്ഫീല്‍ഡര്‍ മെഹ്താബ് ഹുസൈന്‍, ലെഫ്റ്റ് ബാക്ക് സന്ദേശ് ജിംഗാന്‍ എന്നിവര്‍ക്ക് മാത്രമാണ് സ്ഥാനമുറപ്പുള്ളത്.
 
4-4-2 ശൈലിയിലാണ് കളിക്കുന്നതെങ്കില്‍ ഗോള്‍ കീപ്പറായി ഗ്രഹാം സ്റ്റാക്ക്, പ്രതിരോധത്തില്‍ ആരോണ്‍ ഹ്യൂസ്, സിഡ്രിക് ഹെങ്ബര്‍ട്ട്, മധ്യനിരയില്‍ ഹൊസു മുന്നേറ്റത്തില്‍ അന്റോണിയോ ജെര്‍മെയ്ന്‍, മൈക്കല്‍ ചോപ്ര അല്ലെങ്കില്‍ കെവിന്‍ ബെല്‍ഫോര്‍ട്ട് എന്നിവര്‍ കളിക്കും. ഇന്ത്യന്‍ താരങ്ങളായ ഗുര്‍വീന്ദര്‍ സിങ്, സന്ദേശ് ജിംഗാന്‍ എന്നിവര്‍ പ്രതിരോധത്തിലും മെഹ്താബ് ഹുസൈന്‍, വിനീത് റായ്, ഇഷ്ഫഖ് അഹമ്മദ് എന്നിവര്‍ മധ്യനിരയിലും വരും.
 
ഈ ഫോര്‍മേഷന്‍ പ്രകാരം മാര്‍ക്വീതാരം ആരോണ്‍ ഹ്യൂസിനെ വലതുവിങ്ങില്‍ കളിപ്പിക്കാനാണ് സാധ്യത. ഹെങ്ബര്‍ട്ടും ഗുര്‍വീന്ദറും സെന്‍ട്രല്‍ ഡിഫന്‍സില്‍ വരും. ഹൊസുവും ഇഷ്ഫഖും വിങ്ങില്‍ കളിക്കും. മെഹ്താബും വിനീതും സെന്‍ട്രല്‍ മിഡ്ഫീല്‍ഡിലാകും. ജെര്‍മെയ്ന്‍ മധ്യനിരയ്ക്കും മുന്നേറ്റനിരയ്ക്കും ഇടയിലാകും. മുഖ്യ സ്‌ട്രൈക്കറായി ബെല്‍ഫോര്‍ട്ടോ ചോപ്രയോ കളിക്കും.
 
മുഖ്യതാരങ്ങളുടെ കുറവുള്ളതിനാലും നോര്‍ത്ത് ഈസ്റ്റിന്റെ ഹോം ഗ്രൗണ്ടില്‍ കളിക്കേണ്ടിവരുന്നതിനാലും 4-5-1 ശൈലിയില്‍ ടീം കളിക്കാനാണ് സാധ്യത കൂടുതല്‍. അങ്ങനെയെങ്കില്‍ ഗോളിയും പ്രതിരോധവും മാറില്ല. ഡിഫന്‍സീവ് മിഡ്ഫീല്‍ഡില്‍ മെഹ്താബിനൊപ്പം ഐവറി കോസ്റ്റിന്റെ ദിദിയര്‍ കാദിയയോ ഛാഡിന്റെ അസ്രാക്ക് മെഹ്മത്തോ കളിക്കും.െൈ മക്കല്‍ ചോപ്രയെ അറ്റാക്കിങ് മിഡ്ഫീല്‍ഡില്‍ ഇറക്കും. ബാക്കിയുള്ള രണ്ട് ഇന്ത്യന്‍ താരങ്ങളില്‍ വിനീത് റായ്, മലയാളിതാരം പ്രശാന്ത്, ഇഷ്ഫഖ്, ഫാറുഖ് ചൗധരി എന്നിവര്‍ക്ക് സാധ്യതയുണ്ട്.
 
കോപ്പല്‍ രണ്ടുതരത്തില്‍ അപ്രതീക്ഷിത നീക്കംനടത്താന്‍ സാധ്യതയുണ്ട്. ഗോള്‍കീപ്പറായി ഇന്ത്യന്‍ താരത്തെ പരീക്ഷിക്കാന്‍ തയ്യാറായാല്‍ ഒരു വിദേശതാരത്തെ മധ്യനിരയില്‍ പരീക്ഷിക്കാന്‍ കഴിയും. അങ്ങനെയെങ്കില്‍ ഹൊസു-അസ്രാക് മെഹ്മത്ത്-ചോപ്ര ത്രയം മധ്യനിരയിലേക്ക് വരും.
 
രണ്ടാമത്തെ നീക്കം മുന്നേറ്റത്തില്‍ വിദേശ-സ്വദേശി സ്‌ട്രൈക്കിങ് ജോഡിയാണ്. അപ്പോഴും മധ്യനിരയില്‍ വിദേശതാരങ്ങളുടെ എണ്ണം കൂട്ടാന്‍ കഴിയും. റിനോയും വിനീതും തിരിച്ചെത്തിയാല്‍ ആരോണ്‍ ഹ്യൂസിനെ ഡിഫന്‍സീവ് മധ്യനിരയിലേക്ക് മാറ്റാം. ഇതുകൂടാതെ രണ്ടു വിദേശതാരങ്ങളെക്കൂടി മധ്യ-മുന്നേറ്റ നിരയിലേക്ക് കൊണ്ടുവരാം, ലെഫ്റ്റ് വിങ്ങറായി സി.കെ. വിനീതിനെയും ഉള്‍പ്പെടുത്താന്‍ കഴിയും.