ഘോഷിക്കാന്‍ വകതേടിനടന്ന ഉത്സവപ്രേമിക്കുമുന്നില്‍ അവതരിച്ച തൃശ്ശൂര്‍പൂരമാണ് ഐ.എസ്.എല്‍. ഫൈനല്‍. ആഘോഷത്തിമിര്‍പ്പില്‍ മലയാളി ഫുട്ബോള്‍ ആരാധകര്‍ അതിനെ സ്വീകരിച്ചു. കേരള ബ്ലാസ്റ്റേഴ്സിന്റെ ജയമോ തോല്‍വിയോ അവര്‍ക്കൊരു ഘടകമേ ആയിരുന്നില്ല. ഫുട്ബോളിന്റെ മാസ്മരികലഹരി മാത്രമായിരുന്നു മുന്നില്‍.

ബ്ലാസ്റ്റേഴ്സ് കേരളത്തിന് കിട്ടിയ വരദാനമാണ്. ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കറുടെ സമ്മാനം. കേരള ഫുട്ബോളിന്റെ ദേശീയതലത്തിലെ ഏക മേല്‍വിലാസം. ഫുട്ബോളിനെ സ്നേഹിക്കുന്ന മലയാളിക്ക് ഊറ്റംകൊള്ളാനും വിമര്‍ശിക്കാനും നിരാശപ്പെടാനുമുള്ള ഏക തട്ടകം. 

ഐ.എസ്.എല്ലിന്റെ മറ്റൊരു സീസണിനായി ഇനി ഒരുവര്‍ഷം കാത്തിരിക്കണം. കൊച്ചിയില്‍ സ്റ്റേഡിയം നിറഞ്ഞുകവിയാന്‍ നാലാം സീസണ്‍ തുടങ്ങണം. പക്ഷേ, ഇതിനിടയിലൊരു വര്‍ഷമുണ്ട്. അത് വിശ്രമിക്കാനുള്ള ഒഴിവുകാലമല്ലെന്ന് തിരിച്ചറിയേണ്ട ചിലര്‍ ഇവിടെയുണ്ട്. കേരളത്തിന്റെ ഫുട്ബോള്‍ നടത്തിപ്പുകാരാണ് അതില്‍ പ്രമുഖര്‍. 

ഫുട്ബോളിന് മറ്റെന്തിനെക്കാളും വളക്കൂറുള്ള മണ്ണാണ് കേരളം. ആ ഫലഭൂയിഷ്ഠത വീണ്ടെടുക്കണമെങ്കില്‍ ബ്ലാസ്റ്റേഴ്സ് സൃഷ്ടിച്ച ആവേശത്തിന് തുടര്‍ച്ചയുണ്ടാകണം. ചടങ്ങുകള്‍പോലെ നടത്തുന്ന സംസ്ഥാന ലീഗുകളും ക്ലബ്ബ് ഫുട്ബോള്‍ ടൂര്‍ണമെന്റുകളും അതില്‍നിന്ന് കരകയറട്ടെ. ആവേശത്തിന്റെ വിളനിലങ്ങളാകട്ടെ. ബ്ലാസ്റ്റേഴ്സിന് വേദിയൊരുക്കുക വഴി, സമ്പാദിച്ച കോടികളില്‍ ഒരുഭാഗം കേരളത്തിന്റെ ഫുട്ബോള്‍ വികസനത്തിനായി നീക്കിവെക്കാന്‍ ഐ.എസ്.എല്‍. അധികൃതരും ശ്രമിക്കണം.

പ്രബലരായിരുന്ന ഒട്ടേറെ ഡിപ്പാര്‍ട്ട്മെന്റ് ടീമുകളുടെ മണ്ണായിരുന്നു ഇത്. പോലീസും ടൈറ്റാനിയവും എസ്.ബി.ടിയും ഏജീസുമടക്കം എണ്ണംപറഞ്ഞ ടീമുകള്‍. ഈ ടീമുകള്‍ക്ക് നിലനില്‍പ്പില്ലാതായത് ദേശീയതലത്തില്‍ മത്സരങ്ങളില്ലാതായതോടെയാണ്. ഒറ്റക്കോളത്തിലൊതുങ്ങുന്ന, ഇന്‍വിറ്റേഷണല്‍ ടൂര്‍ണമെന്റുകളിലെ വിജയങ്ങള്‍ മാത്രമാണ് അവര്‍ക്കിന്നുള്ളത്. അതു മാറാന്‍ ടൂര്‍ണമെന്റുകള്‍ തിരിച്ചുകൊണ്ടുവന്നേ പറ്റൂ.

കളിയെ ജോലിക്കുള്ള കുറുക്കുവഴിയായി കാണുന്ന മലയാളിക്ക് പ്രൊഫഷണല്‍ ഫുട്ബോളില്‍ വലിയ ഭാവിയുണ്ടെന്ന് കരുതാനാകില്ല. അതുകൊണ്ടുതന്നെ ഡിപ്പാര്‍ട്ട്മെന്റ് ടീമുകളുടെ തിരിച്ചുവരവുമാത്രമേ ഇവിടെ ടൂര്‍ണമെന്റും ആവേശവും തിരിച്ചുപിടിക്കാന്‍ സഹായിക്കൂ. ഫുട്ബോളിലക്ക് കൂടുതല്‍പേരെ ആകര്‍ഷിക്കാനും മത്സരങ്ങളുണ്ടായേ തീരൂ. 

പുറംനാട്ടുകാരുടെ ഉടമസ്ഥതയിലുള്ള, പേരിനുമാത്രം മലയാളി താരങ്ങളുള്ള ബ്ലാസ്റ്റേഴ്സിന് കേരളത്തിന്റെ സ്വന്തം ടീമാകാമെങ്കില്‍, നമ്മുടെ താരങ്ങള്‍ കളിക്കുന്ന ഇവിടത്തെ ടീമുകള്‍ക്ക് ആരാധകരെ കിട്ടാന്‍ പ്രയാസമുണ്ടാകില്ല. അതിനാവശ്യം പ്രൊഫഷണല്‍ മികവോടെ സംഘടിപ്പിക്കുന്ന ടൂര്‍ണമെന്റുകളാണ്. കേരള ഫുട്ബോള്‍ അസോസിയേഷന്‍ ഇനി ശ്രദ്ധിക്കേണ്ടത് അത്തരം കാര്യങ്ങളിലാണ്. 

ഐ.എസ്.എല്ലിന്റെ തുടക്കത്തില്‍ക്കേട്ട ഏറ്റവും വലിയ ആശങ്ക, ഇത്തരം കോര്‍പ്പറേറ്റ് ടീമുകള്‍ക്ക് ആരാധകപിന്തുണ കിട്ടുമോ എന്നതായിരുന്നു. ബ്ലാസ്റ്റേഴ്സ് അത്തരം ആശങ്കകളെല്ലാം കാറ്റില്‍പ്പറത്തി. മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെയോ ബാഴ്സലോണയെയോ റയല്‍ മാഡ്രിഡിനെയോപോലെ, ആരാധകപിന്തുണയില്‍ അവര്‍ വിപ്ലവം സൃഷ്ടിച്ചു. ബ്ലാസ്റ്റേഴ്സിന്റെ തിളക്കം നമ്മുടെ ഫുട്ബോളിനും ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ വേദിയായി മാറട്ടെ.