കിരീടത്തില്‍ കുറഞ്ഞതൊന്നും ഇത്തവണ ഡല്‍ഹി ഡൈനാമോസ് പ്രതീക്ഷിക്കുന്നില്ല. പണമെറിഞ്ഞ് സൂപ്പര്‍താരങ്ങളെയും പരിശീലകനെയും കൊണ്ടുവരികയും ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ്ബിനോട് പോലും പരിശീലനമത്സരം സംഘടിപ്പിക്കുകയും ചെയ്തത് സ്വപ്നസാക്ഷാത്കാരത്തിനുവേണ്ടിയാണ്.

കഴിഞ്ഞ സീസണില്‍ കളത്തിലിറങ്ങിയും പരിശീലിപ്പിച്ചും ഒപ്പമുണ്ടായിരുന്ന ബ്രസീലിയന്‍ ഇതിഹാസം റോബര്‍ട്ടോ കാര്‍ലോസിനെ മാറ്റി ഇറ്റലിക്കാരന്‍ ജിയാന്‍ ലൂക്ക സാംബ്രോട്ടയില്‍ വിശ്വാസമര്‍പ്പിക്കുകയാണ് ടീം. 2006 ല്‍ ഇറ്റലി ഫുട്ബോള്‍ ലോകകപ്പില്‍ ചാമ്പ്യന്മാരായപ്പോള്‍ പ്രതിരോധത്തിലെ മതിലായിരുന്നു സാംബ്രോട്ട. 

കൂടെ സഹപരിശീലകരായി തന്ത്രങ്ങള്‍ മെനയാന്‍ ഇറ്റലിക്കാരനായ സിമോണ്‍ ബറോണും തമിഴ്നാട്ടുകാരന്‍ രാമന്‍ വിജയനുമുണ്ട്. നിലവിലെ ഐ.എസ്.എല്‍. ചാമ്പ്യന്മാരായ ചെന്നൈയിനെതിരെ ഒക്ടോബര്‍ അഞ്ചിന് ചെന്നൈ ജവാഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തിലാണ് ആദ്യമത്സരം.

delhi dynamos

കഴിഞ്ഞ സീസണില്‍ ഡൈനാമോസ് അക്രമണത്തിന് ചുക്കാന്‍ പിടിച്ച ഫ്രഞ്ച് താരം ഫ്ലോറന്റ് മലൂദയെ മാര്‍ക്വീ താരമായി ഇത്തവണ നിലനിര്‍ത്തിയിട്ടുണ്ട്. ഗോള്‍വലയം കാക്കാനുള്ള ചുമതല ഇന്ത്യന്‍ ഗോള്‍കീപ്പര്‍മാരായ സഞ്ജീബന്‍ ഘോഷിനും സോറം അങാന്‍ബിക്കും സ്പാനിഷ് താരം ടോണി ഡോബ്ലാസിനുമാണ്

ആദ്യ സീസണില്‍ അഞ്ചാംസ്ഥാനത്ത് ഫിനിഷ് ചെയ്ത ഡൈനാമോസിനെ കഴിഞ്ഞ സീസണില്‍ സെമിയിലെത്തിച്ചത് പ്രതിരോധ നിരയുടെ പ്രകടനമായിരുന്നു. ഈ സീസണിലും ഡല്‍ഹിയെ ടൂര്‍ണമെന്റിന്റെ ഫേവറിറ്റുകളാക്കുന്നതും ഇതേ പ്രതിരോധ കോട്ടയാണ്.

റയല്‍ മാഡ്രിഡ് താരമായിരുന്ന റൂബന്‍ ഗോള്‍സാലസും ഘാനക്കാരനായ ഡേവിഡ് ആഡിയുമുള്ള പ്രതിരോധ നിരയില്‍ ഇവര്‍ക്ക് കൂട്ടായി മലയാളി താരം അനസ് എടത്തൊടികയുമുണ്ട്. 

മധ്യനിരയില്‍ മാര്‍ക്വീ താരം ഫ്ലോറന്റ് മലൂദയും ഈ സീസണില്‍ ചെന്നൈയിന്‍ എഫ്.സി.യില്‍ നിന്നെത്തിയ ബ്രൂണോ പെലിസാറിയും തന്ത്രങ്ങള്‍ മെനയും. 

delhi dynamos

വെസ്റ്റ് ബ്രോംവിച്ചില്‍ നിന്നെത്തിയ സമീര്‍ നബിയും മലയാളി താരം ഡെന്‍സണ്‍ ദേവദാസും കൂടിച്ചേരുമ്പോള്‍ മധ്യനിരയ്ക്ക് കരുത്തുകൂടും. സ്പാനിഷ് താരം മാര്‍ക്കോസ് ടെബാര്‍, സെനഗലിന്റെ ബായെ ഇബ്രാഹിമ നിയാസെ മോഹന്‍ബഗാന്‍ താരം കീന്‍ ലുയീസ് എന്നിവരും കളംനിറഞ്ഞ് കളിക്കാന്‍ കഴിയുന്നവരാണ്.

മുന്നേറ്റത്തില്‍ ബ്രസീല്‍ സഖ്യമാണ് ടീമിന്റെ കരുത്ത്. മാഴ്സലീന്യോയും മെമോയും മികച്ച ധാരണയിലെത്തിയാല്‍ എതിര്‍ പ്രതിരോധത്തിന് ജോലികൂടും. സെനഗലില്‍നിന്നുള്ള ബദറ ബഡ്ജി ഘാനക്കാരന്‍ റിച്ചാര്‍ഡ് ഗഡ്സെ എന്നിവരാണ് ആക്രമണത്തിലെ മറ്റ് വിദേശസാന്നിധ്യങ്ങള്‍. ഇവര്‍ക്ക് കൂട്ടായി മണിപ്പൂരില്‍നിന്നുള്ള യുവതാരം മിലന്‍ സിങ്, സര്‍വീസസിന്റെ അര്‍ജുന്‍ ഡുഡു, എന്നിവര്‍കൂടി ചേരുമ്പോള്‍ മുന്നേറ്റത്തില്‍ പ്രതീക്ഷയര്‍പ്പിക്കാം.

സന്നാഹമത്സരങ്ങള്‍ക്കായി ഇംഗ്ലണ്ട്, സ്വീഡന്‍ എന്നിവിടങ്ങളിലേക്കാണ് ടീം പോയത്. ഇംഗ്ലണ്ടില്‍ വെസ്റ്റ് ബ്രോംവിച്ച് ടീമിനോട് മത്സരം കളിച്ചു. ഒരു ഗോളിനാണ് ഈ മത്സരത്തില്‍ ടീം തോറ്റത്.