കൊച്ചി: ഫൈനലില്‍ മോശം കളി പുറത്തെടുത്തതാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ തോല്‍വിക്ക് കാരണമെന്ന് മുന്‍ ഇന്ത്യന്‍ നായകന്‍ ഐ. എം. വിജയന്‍. എന്നാല്‍, കളിച്ചത് ബ്ലാസ്‌റ്റേഴ്‌സാണെന്ന് സി.പി. ഐ. നേതാവ് പന്ന്യന്‍ രവീന്ദ്രന്‍.

ഫൈനലിന് ചേര്‍ന്ന കളിയല്ല ബ്ലാസ്‌റ്റേഴ്‌സ് പുറത്തെടുത്തതെന്ന് വിജയന്‍ മത്സരശേഷം മാധ്യമങ്ങളോട് പറഞ്ഞു. ഇത്രയും കാണികള്‍ വന്നിട്ട് അവരുടെ മുന്നില്‍ ഇൗ കളി കാഴ്ചവയ്ക്കുന്നത് മോശമാണ്. ഭയങ്കര മോശമായിട്ടാണ് കളിച്ചത്. സ്‌റ്റോപ്പര്‍ ബാക്ക് മാത്രമാണ് നന്നായി കളിച്ചത്. കൊല്‍ക്കത്തയാണ് ഏറ്റവും നന്നായി കളിച്ചത്. ഈ കാണികളുടെ പ്രാര്‍ഥനയും പിന്തുണയും കൊണ്ടാണ് ടീം ഫൈനല്‍ വരെ എത്തിയത്. അവസാനം ഫൈനലില്‍ എല്ലാം നശിപ്പിച്ചു-വിജയന്‍ പറഞ്ഞു.

എന്നാല്‍, ബ്ലാസ്‌റ്റേഴ്‌സ് നന്നായി കളിച്ചാണ് തോറ്റതെന്ന അഭിപ്രായക്കാരനാണ് സി.പി.ഐ. നേതാവ് പന്ന്യന്‍ രവീന്ദ്രന്‍. മോശമായി കളിച്ച് തോറ്റതല്ല ടീം. പെനാല്‍റ്റിയില്‍ ഇതൊക്കെ സ്വാഭാവികമാണ്. എന്തായാലും കേരള കളിക്കാരെ ഞാന്‍ അഭിനന്ദിക്കുകയാണ്-പന്ന്യന്‍ പറഞ്ഞു.