ചെന്നൈ: ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോളിൽ ചെന്നൈയ്ൻ എഫ്.സിക്കെതിരെ മുംബെെ സിറ്റി എഫ്.സിക്ക് ആവേശ സമനില. ചെന്നൈയ്ൻ വിജയത്തിലേക്ക് നീങ്ങവേ 88ാം മിനിറ്റിൽ ബ്രസീലുകാരനായ ലിയോ കോസ്റ്റയിലൂടെയാണ് മുംബെെ സമനില നേടിയത്. ചെന്നൈയ്നായി ഇന്ത്യൻ താരം ജെജെ ലക്ഷ്യം കണ്ടു.

കഴിഞ്ഞ രണ്ടു സീസണിലെ ചെന്നൈയ്നെതിരെ വിജയം കാണാനാകത്തിന്റെ നാണക്കേട് ഇല്ലാതാക്കുക എന്ന ലക്ഷ്യവുമായാണ് മുംബെെ ചെന്നെെ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ കളിക്കാനിറങ്ങിയത്. കളിയുടെ വിരസമായ ആദ്യ പകുതിയിൽ ഇരുടീമുകൾക്കും ഗോൾ കണ്ടെത്താനായില്ല. എന്നാൽ രണ്ടാം പകുതിയിൽ കളി മാറി. 

51ാം മിനിറ്റിൽ ഗാലറിയിൽ ആവേശം തീർത്ത് ജെജെ മികച്ചൊരു ഹെഡ്ഡറിലൂടെ ചെന്നൈയ്നെ മുന്നിലെത്തിച്ചു. മൗറീസിയോ പെലൂസോയുടെ കോർണർ കിക്ക് ഹെഡ്ഡ് ചെയ്ത് ജെജെ വലയിലെത്തിക്കുകയായിരുന്നു. ഡീഗോ ഫോർലാന്റെ ഫ്രീ കിക്കുകളൊഴിച്ചാൽ മുംബെെയുടെ ഭാഗത്ത് നിന്ന് മികച്ച മുന്നേറ്റങ്ങളുണ്ടായില്ല. എന്നാൽ ചെന്നൈയ്ൻ വീണ്ടും മുംബെെയുടെ ഗോൾമുഖം വിറപ്പിച്ചു കൊണ്ടേയിരുന്നു.

ലിയോ കോസ്റ്റയുടെ ഗോൾ

61ാം മിനിറ്റിൽ ജെഴ്സൺ വിയേറക്ക് ലിയോ കോസ്റ്റയെ ഇറക്കിയ മുംബെെയുടെ നീക്കം ഫലിച്ചു. കളി തീരാൻ രണ്ടു മിനിറ്റ് ബാക്കി നിൽക്കെ മനോഹരമായൊരു ലോങ് റേഞ്ച് ഷോട്ടിലൂടെ ലിയോ കോസ്റ്റ ചെന്നെെയ്ന്റെ വിജയപ്രതീക്ഷകൾ ഇല്ലാതാക്കി. ഇടതു വിങ്ങിൽ നിന്നും പോസ്റ്റിന്റെ വലതു മൂലയിലേക്ക് കോസ്റ്റയടിച്ച ഷോട്ട് മുംബെെക്ക് സമനില സമ്മാനിച്ചു.

സമനിലയോടെ മുംബെെ 12 പോയിൻറുമായി ലീഗിൽ രണ്ടാം സ്ഥാനം നിലനിർത്തി. 10 പോയിൻറുമായി ഒരു സ്ഥാനം മുന്നിൽ കയറിയ ചെന്നൈയ്ൻ പോയിന്റ് പട്ടികയിൽ നാലാം സ്ഥാനത്തെത്തി. 

ജെജെയുടെ ഗോൾ

ലൈവ് അപ്‌ഡേറ്റ്‌സ്‌