ഗുവാഹത്തി: ഐ.എസ്.എല്ലിൽ നാലാമത്തെ സെമിഫെെനലിസ്റ്റ് ആരായിരിക്കും? കേരള ബ്ലാസ്റ്റേഴ്സോ അതോ നോർത്ത് ഈസ്റ്റ് യുണെെറ്റഡോ? അതറിയണമെങ്കിൽ ഇനി ഞായറാഴ്ച്ച കൊച്ചിയിൽ നടക്കുന്ന മത്സരം വരെ കാത്തിരിക്കേണ്ടി വരും. 19 പോയിന്റുള്ള കേരള ബ്ലാസ്റ്റേഴ്സിന് ഞായറാഴ്ച്ചത്തെ മത്സരത്തിൽ സമനില കൊണ്ട് സെമിയിലെത്താം. എന്നാൽ 18 പോയിന്റുമായി അഞ്ചാമതുള്ള നോർത്ത് ഈസ്റ്റിന് അവസാന നാലിലെത്താൻ വിജയം തന്നെ വേണം.

ഡൽഹി ഡെെനാമോസിനെതിരായ ഗുവാഹത്തിയിൽ നടന്ന നിർണായക മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളിന് വിജയിച്ചാണ് നോർത്ത് ഈസ്റ്റ് സെമി പ്രതീക്ഷ നിലനിർത്തിയത്. ഗോൾരഹിതമായ ആദ്യ പകുതിക്ക് ശേഷമാണ് മത്സരത്തിലെ മൂന്ന് ഗോളുകളും പിറന്നത്. 

 60ാം മിനിറ്റിൽ സൊക്കോറയുടെ ക്രോസ്സിൽ നിന്ന് സെത്യാസെൻ സിംഗാണ് നോർത്ത് ഈസ്റ്റിനെ മുന്നിലെത്തിച്ചത്. കീൻ ലൂയിസിനെയും സൗവികിനെയും മറികടന്ന് സെത്യാസെൻ പോസ്റ്റിന്റെ ഇടത് സെെഡിൽ നിന്ന്  വലയുടെ മൂലയിലേക്ക് പന്തെത്തിക്കുകയായിരുന്നു. മുന്നിലേക്ക് കയറിയ ഡൽഹി ഗോളി ഡോബ്ലസിന് പിഴച്ചു. 

71ാം മിനിറ്റിൽ റോബർട്ട് കല്ലനും റൊമാരിക്കും നടത്തിയ നീക്കത്തിനൊടുവിൽ‌ നോർത്ത് ഈസ്റ്റ് രണ്ടാം ഗോൾ കണ്ടെത്തി. റോബർട്ട് കല്ലന്റെ പാസ്സിലേക്ക് ഓടിയത്തെയി റൊമാരിക്ക് ഡൽഹി ഡിഫൻഡേഴ്സിനും ഗോൾകീപ്പർക്കും അവസരം നൽകാതെ പുറംകാൽ കൊണ്ട് ഗോൾ നേടി. 

ഇഞ്ചുറി ടെെമിൽ ഐ.എസ്.എൽ മൂന്നാം സീസണിലെ ടോപ്പ് സ്കോറർ മാഴ്സെലീന്യോ ഡൽഹിക്കായി ഒരു ഗോൾ മടക്കി. മെലൂദയുടെ ഹെഡ്ഡറിൽ നിന്ന് മാഴ്സെലീന്യോ ലക്ഷ്യം കാണുകയായിരുന്നു. നോർത്ത് ഈസ്റ്റിനോട് പരാജയപ്പെട്ടെങ്കിലും ഡൽഹി നേരത്തെ തന്നെ സെമിയിൽ ഇടം പിടിച്ചിരുന്നു. മുംബെെ സിറ്റി എഫ്.സി, അത്ലറ്റിക്കോ ദി കൊൽക്കത്ത ടീമുകളും അവസാന നാലിലെത്തി. 

ലെെവ് അപ്ഡേറ്റ്സ്