ഗുവാഹത്തി: ഐ.എസ്.എല്‍ ചരിത്രത്തില്‍ ഇതുവരെ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ പരാജയപ്പെടുത്തിയില്ല എന്ന നാണക്കേട് ഗുവാഹത്തി ഇന്ദിരാ ഗാന്ധി സ്റ്റേഡിയത്തിൽ ഒരൊറ്റ ഗോൾ വിജയത്തോടെ ചെന്നെെയ്ൻ എഫ്.സി തിരുത്തി. 49ാം മിനിറ്റിൽ ഡേവിഡ് സുസി നേടിയ ഒരൊറ്റ ഗോളിലാണ് ചെന്നൈയ്ൻ നോർത്ത് ഈസ്റ്റിനെ പരാജയപ്പെടുത്തിയത്. 

സ്വന്തം മെെതാനത്ത് നടക്കുന്ന കളിയെന്ന രീതിയിലും എതിരാളികൾക്കെതിരെ ഇതുവരെ പരാജയപ്പെട്ടിട്ടില്ലെന്ന ആത്മ വിശ്വാസത്തിലുമാണ് നോർത്ത് ഈസ്റ്റ് ചെന്നൈയ്ൻ എഫ്.സിക്കെതിരെ കളത്തിലിറങ്ങിയത്. ആദ്യ പകുുതിയിൽ നിരന്തരം മുന്നേറ്റങ്ങൾ മെനഞ്ഞത് ചെന്നൈയ്നായിരുന്നു. എന്നാൽ ഗോൾകീപ്പർ സുബ്രതോ പോളിന്റെ പോസ്റ്റിന് കീഴിലുള്ള മികവിൽ പലപ്പോഴും ചെന്നെെയ്ന് ലക്ഷ്യം കാണാനായില്ല. 

മത്സരത്തിന്റെ 15ാം മിനിറ്റിൽ ബൽജിത്ത് സാഹ്നിയുടെ പാസ്സിൽ ഡേവിഡ് സുസിക്ക് മികച്ച ഒരവസരം ലഭിച്ചതാണ്. സാഹ്നി കൊടുത്ത പാസ്സ് നോർത്ത് ഈസ്റ്റ് പ്രതിരോധത്തിൽ തട്ടി ഗതി മാറിയപ്പോൾ ചെന്നെത്തിയത് സുസിയുടെ കാലിലായിരുന്നു. എന്നാൽ സുസിക്ക് അവസരം നൽകാതെ മുന്നോട്ടു കയറി സുബ്രതോ പോൾ പന്ത് കെെപ്പിടിയിലൊതുക്കി. ആ നഷ്ടം സുസി പിന്നീട് നികത്തി. 

alfaro
മത്സരത്തിനിടെ ആല്‍ഫാരോ

രണ്ടാം പകുതിയുടെ ഒമ്പതാം മിനിറ്റിൽ ഹംഗൽ ഉയർത്തി നൽകിയ ക്രോസ്സിൽ നിലം തൊടാതെയുള്ള ഒരു സിസർ കിക്കിലൂടെ സുസി ചെന്നൈയ്നെ മുന്നിലെത്തിച്ചു. ഐ.എസ്.എൽ മൂന്നാം സീസണിലെ ഏറ്റവും മനോഹരമായ ഗോളായിരുന്നു അത്.

ഗോൾ വീണതോടെ ഉണർന്നു കളിച്ച നോർത്ത് ഈസ്റ്റ് പീന്നിട് നിരന്തരം ആക്രമണം നടത്തിയെങ്കിലും ഒന്നും ലക്ഷ്യത്തിലെത്തിയില്ല. ആൽഫാരോയുടെ നിരവധി ശ്രമങ്ങൾ‌ ചെന്നൈയ്ൻ പ്രതിരോധ താരങ്ങളായ ജെറിയും ബെർണാഡ് മെൻഡിയും ചേർന്ന് രക്ഷപ്പെടുത്തി. ജയത്തോടെ ഏഴ് പോയിന്റുമായി ചെന്നെെയ്നൻ പോയിന്റ് പട്ടികയിൽ മൂന്ന് സ്ഥാനം കയറി മൂന്നാമതെത്തി. 10 പോയിന്റുമായി നോർത്ത് ഈസ്റ്റ് യുണെെറ്റഡ് തന്നെയാണ് ഒന്നാമത്. 

സുസിയുടെ ഗോൾ

ലൈവ് അപ്‌ഡേറ്റ്‌സ്