ഗുവാഹത്തി: ഐഎസ്എല്‍ മൂന്നാം സീസണില്‍ തുല്യശക്തികളുടെ ആവേശ പോരാട്ടത്തിന് അരങ്ങൊരുങ്ങിയ മത്സരത്തില്‍ നോര്‍ത്ത് ഈസ്റ്റിനെതിരെ ഏകപക്ഷീയമായ ഒരു ഗോളിന് മുംബൈ എഫ്.സിക്ക് വിജയം. ജയത്തോടെ പോയന്റ് പട്ടികയില്‍ മുംബൈ ഒന്നാം സ്ഥാനത്തേക്ക് മുന്നേറി. ആദ്യ പകുതി അവസാനിക്കാന്‍ സെക്കന്‍ഡുകള്‍ ബാക്കി നില്‍ക്കെ നോര്‍ത്ത് ഈസ്റ്റ് ഗോളി ലിമയുടെ പിഴവിലാണ് മുംബൈ വിജയ ഗോള്‍ നേടിയത്. 

പോസ്റ്റിനുള്ളിലേക്ക് നല്‍കിയ മൈനസ് പാസ് അനായാസമായി ക്ലിയര്‍ ചെയ്ത് ഒഴിവാക്കാമായിരുന്ന ലിമ അനാവശ്യ കളിക്ക് മുതിര്‍ന്നതാണ് ഗോളില്‍ കലാശിച്ചത്. ഗോളിയുടെ കൈയില്‍നിന്ന് പന്ത് തട്ടിയെടുത്ത് സോണി നോര്‍ദ നല്‍കിയ പാസ് ജാക്കിചന്ത് സിംങിന് പോസ്റ്റിലേക്ക് തട്ടിയെത്തിക്കേണ്ട ആവശ്യമേ വന്നുള്ളു. 

മുംബൈയുടെ വിജയ ഗോള്‍

ഒരു ഗോളിന് പിന്നിട്ടുനിന്ന ശേഷം രണ്ടാം പകുതിയില്‍ നോര്‍ത്ത് ഈസ്റ്റ് ഉണര്‍ന്നു കളിച്ചെങ്കിലും ഗോള്‍ മാത്രം പിറന്നില്ല. ആക്രമണ ഫുട്‌ബോള്‍ ഇരുകൂട്ടരും പുറത്തെടുത്തതോടെ ഫൗളുകള്‍ക്കു ഒരു കുറവുമുണ്ടായില്ല. 49-ാം മിനിറ്റില്‍ ഗ്രൗണ്ടില്‍ നടന്ന കയ്യാങ്കളിക്ക് കാട്ട്‌സുമിക്കും റാള്‍ട്ടെയ്ക്കും സോക്കേറയ്ക്കും ലഭിച്ച മഞ്ഞ കാര്‍ഡ് അടക്കം ആറ് മഞ്ഞ കാര്‍ഡുകളാണ് മത്സരത്തില്‍ റഫറി പുറത്തെടുത്തത്.

തോല്‍വിയോടെ ഏട്ട് കളികളില്‍നിന്ന് 10 പോയന്റുമായി നോര്‍ത്ത് ഈസ്റ്റ് പോയന്റ് പട്ടികയില്‍ അഞ്ചാം സ്ഥാനത്താണ്. 9 കളികളില്‍ നിന്ന് 15 പോയന്റോടെയാണ് മുംബൈ ഒന്നാമതെത്തിയത്. 13 പോയന്റുള്ള ഡല്‍ഹിയാണ് രണ്ടാമത്‌.