ചെന്നൈ: ഐ.എസ്.എല്ലില്‍ ആവേശം തീര്‍ത്ത മത്സരത്തിനൊടുവില്‍ ചെന്നൈയ്ന്‍ എഫ്.സിയെ അവരുടെ തട്ടകത്തില്‍ തളച്ച് ഡല്‍ഹി ഡൈനാമോസ് തുടക്കം ഗംഭീരമാക്കി. ഒന്നിനെതിരെ മൂന്ന് ഗോളിനാണ് സാംബ്രോട്ടയുടെ സംഘം ചെന്നൈയ്‌നെ പരാജയപ്പെടുത്തിയത്. ഡല്‍ഹിയുടെ ബ്രസീല്‍ വിങ്ങറായ മാര്‍സെലിന്യോ ഇരട്ട ഗോളുമായി ഐ.എസ്.എല്ലിലെ അരങ്ങേറ്റം അവിസ്മരണീയമാക്കി.

കളി തുടങ്ങി ആദ്യ മിനിറ്റില്‍ തന്നെ ഇരുടീമുകളും നിരന്ത്രം ആക്രമണങ്ങളുമായി മുന്നേറി. എന്നാല്‍ 26ം മിനിറ്റില്‍ ഗോളടിക്കാനുള്ള ആദ്യ അവസരം വന്നത് ഡല്‍ഹിക്കാണ്. ചെന്നൈയ്ന്‍ ഗോളി ഡ്വെയ്ന്‍ ഖേല്‍ ഡല്‍ഹി താരം മിലാന്‍ സിങ്ങിനെ വീഴ്ത്തിയതിന് ഡല്‍ഹിക്ക് അനുകൂലമായി റഫറി പെനാല്‍റ്റി വിധിക്കുകയായിരുന്നു. ലക്ഷ്യം തെറ്റാതെ മാര്‍സെലിന്യോ പെനാല്‍റ്റി വലയിലെത്തിച്ചു. 

ആറു മിനിറ്റിന് ശേഷം ഡുഡുവിലൂടെ ചെന്നൈയ്ന്‍ സമനില ഗോള്‍ നേടി. ഡല്‍ഹിയുടെ ഡിഫന്‍ഡര്‍മാരുടെ പിഴവില്‍ നിന്നായിരുന്നു ഡുഡുവിന്റെ ഗോള്‍. എന്നാല്‍ ആ സമനിലക്ക് രണ്ട് മിനിറ്റിന്റെ ആയുസ്സ് മാത്രമേ ഉണ്ടായിരുന്നുള്ളു.

മാര്‍സെലിന്യോയുടെ പെനാല്‍റ്റി

34ാം മിനിറ്റില്‍ റിച്ചാര്‍ഡ് ഗാഡ്‌സെയുടെ പന്തില്‍ മനോഹരമായൊരു ഫിനിഷിങ്ങിലൂചെ മാര്‍സെലിന്യോ ഡല്‍ഹിയെ വീണ്ടും മുന്നിലെത്തിച്ചു. ഈ ഐ.എസ്.എല്ലിലെ ഏറ്റവും മികച്ച ഗോളുകളിലൊന്നായിരുന്നു അത്. 

ഡുഡുവിന്റെ സമനില ഗോള്‍

ഡല്‍ഹിയുടെ സെന്‍ട്രല്‍ ഡിഫന്‍ഡറായ മലയാളി താരം അനസ് എടത്തൊടിക പരിക്കേറ്റ് പുറത്തായതും മറ്റരാസി മൂന്ന് സ്‌ട്രൈക്കേഴ്‌സിനെ അണി നിരത്തി ഗോളടിക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്നതും കണ്ട രണ്ടാം പകുതിയില്‍ ഹീറോ ആയത് ഡല്‍ഹിയുടെ സെനഗല്‍ താരം ബദാര ബാദ്ജിയാണ്.

മാര്‍സെലിന്യോ വീണ്ടും ഡല്‍ഹിയെ മുന്നിലെത്തിച്ചു\

75ാം മിനിറ്റില്‍ ഗാഡെസ്‌ക്ക് പകരം കളത്തിലിറങ്ങിയ ബാദ്ജി 84ാം മിനിറ്റില്‍ ഡല്‍ഹിയുടെ വിജയമുറപ്പിച്ച ഗോള്‍ നേടി. കീന്‍ ലൂയിസ് ഉയര്‍ത്തി നല്‍കിയ ക്രോസ് പോസ്റ്റിലേക്ക് ഹെഡ്ഡ് ചെയ്ത് കുത്തിയിട്ടാണ് ബാദ്ജി ഡല്‍ഹിയുടെ മൂന്നാം ഗോള്‍ നേടിയത്.

ഡല്‍ഹിയുടെ വിജയമുറപ്പിച്ച ബാദ്ജിയുടെ ഗോള്‍

ആദ്യ മത്സരത്തില്‍ അത്‌ലറ്റിക്കോ ദി കൊല്‍ക്കത്തയോട് സമനില വഴങ്ങിയിരുന്ന ചെന്നൈയ്‌ന് ഐ.എസ്.എല്‍ മൂന്നാം സീസണിലെ വിജയത്തിനായി ഇനിയു കാത്തിരിക്കണം. ആദ്യ മത്സരത്തില്‍ തന്നെ രണ്ട് ഗോള്‍ വ്യത്യാസത്തില്‍ തകര്‍പ്പന്‍ വിജയം നേടിയ ഡല്‍ഹി വിലപ്പെട്ട മൂന്ന് പോയിന്റ് അക്കൗണ്ടിലെത്തിച്ചു. 

ലൈവ് അപ്‌ഡേറ്റ്‌സ്‌