കൊല്‍ക്കത്ത: ആദ്യ, അവസാന മിനിറ്റുകളില്‍ പിറന്ന രണ്ട് ഗോളുമായി അത്‌ലറ്റിക്കോ ദി കൊല്‍ക്കത്ത-നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് മത്സരം സമനിലയില്‍ പിരിഞ്ഞു. നിക്കോളാസ് വെലസിലൂടെ നോര്‍ത്ത് ഈസ്റ്റ് അഞ്ചാം മിനിറ്റില്‍ മുന്നിലെത്തിയപ്പോള്‍ ഇഞ്ചുറി ടൈമില്‍ ഇയാന്‍ ഹ്യൂമിലൂടെ കൊല്‍ക്കത്ത തിരിച്ചടിക്കുകയായിരുന്നു.

കൊല്‍ക്കത്തയുടെ ആക്രമണത്തോടെ തുടങ്ങിയ മത്സരത്തിലെ ആദ്യ ഗോള്‍ വന്നത് നോര്‍ത്ത് ഈസ്റ്റില്‍ നിന്നാണ്. കൊല്‍ക്കത്തയുടെ പ്രതിരോധത്തില്‍ വന്ന പാളിച്ച മുതലെടുത്ത്് അര്‍ജന്‍ീനന്‍ താരം നിക്കോളാസ് വെലസ് നോര്‍ത്ത് ഈസ്റ്റിനെ മുന്നിലെത്തിക്കുകയായിരുന്നു.

കൊല്‍ക്കത്തയുടെ ഡിഫന്‍ഡര്‍ നൊലിനൊ, അര്‍നബിന് പാസ്സ് നല്‍കുന്നതിനിടെയുള്ള പിഴവില്‍ അവസരം മുതലെടുത്ത് നിക്കോളാസ് വെലസ് കൊല്‍ക്കത്തയുടെ വല ചലിപ്പിച്ചു. കൊല്‍ക്കത്തയുടെ ഗോള്‍കീപ്പര്‍ മജുംദാറിനെയും കബളിപ്പിച്ച് വെലസ് ഒരു പിഴവും വരുത്താതെ പന്ത് ലക്ഷ്യ സ്ഥാനത്തെത്തിച്ചു.

വെലസിന്റെ ഗോൾ

ഈ ഒരൊറ്റ ഗോളിന്റെ മുന്‍തൂക്കവുമായി വിജയത്തിലേക്ക് നീങ്ങുകയായിരുന്ന നോര്‍ത്ത് ഈസ്റ്റിനെ അവസാന മിനിറ്റുകളില്‍ സമ്മര്‍ദത്തില്‍ കുടുക്കിയാണ് കൊല്‍ക്കത്ത സമനില ഗോള്‍ നേടിയത്. 91ാം മിനിറ്റില്‍ ലഭിച്ച ഫ്രീ കിക്ക് ജാവി ലാറ ബോക്‌സിലേക്ക് അടിച്ചു നല്‍കി.

ഹ്യൂമിന്റെ ഗോൾ

ബോക്‌സിലുണ്ടായിരുന്ന പോസ്റ്റിഗയുടെ തല കണക്കാക്കി വന്ന പന്ത് പോസ്റ്റിഗ ഹെഡ്ഡ് ചെയ്യുകയായിരുന്നു. ആ ഹെഡ്ഡര്‍ വരുന്ന വഴിയില്‍ നിലയുറപ്പിച്ച ഹ്യൂം പോസ്റ്റിന് തൊട്ടുമുന്നില്‍ വെച്ച് പന്ത് വലയിലേക്ക് തോണ്ടിയിടുകയായിരുന്നു.സമനിലയോടെ 14 പോയിന്റുമായി കൊല്‍ക്കത്ത നാലാം സ്ഥാനത്തും 11 പോയിന്റുമായി നോര്‍ത്ത് ഈസ്റ്റ് ഏഴാം സ്ഥാനത്തും തുടരുന്നു. 

ലെെവ് അപ്ഡേറ്റ്സ്