അഹമ്മദാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റ് വീണ്ടും പത്ത് ടീമുകളുള്ള ലീഗാവുവുന്നു. 2022 മുതല്‍ ലീഗില്‍ പത്ത് ടീമുകളെ ഉള്‍പ്പെടുത്താന്‍ ബി.സി.സി. ഐ. തീരുമാനിച്ചു. ഇപ്പോള്‍ എട്ട് ടീമുകളാണുള്ളത്. പുതിയതായി വരുന്ന രണ്ട് ടീമുകളുടെ ലേലം ഈ വര്‍ഷം മെയില്‍ നടക്കും. ഇത് സംബന്ധിച്ച രൂപരേഖയ്ക്ക് ബി.സി.സി. ഐ. അധ്യക്ഷന്‍ സൗരവ് ഗാംഗുലി, സെക്രട്ടറി ജയ് ഷാ, മറ്റ്  ബോര്‍ഡംഗങ്ങള്‍ എന്നിവരുടെ യോഗം രൂപംനല്‍കി.

2011 സീസണില്‍ ഐ.പി. എല്ലില്‍ കേരള ടസ്‌ക്കേഴ്‌സും പുണെ വാരിയേഴ്‌സും അടക്കം പത്ത് ടീമുകള്‍ ഉണ്ടായിരുന്നു. 74 മത്സരങ്ങളായരുന്നു ആ സീസണില്‍ ഉണ്ടായിരുന്നത്.

ഐ.പി. എല്ലില്‍ ഒരു ടീമിനെ കൂടി ഉള്‍പ്പെടുത്തിയേക്കും എന്നാണ് നേരത്തെ വന്ന വാര്‍ത്തകള്‍. നിലവിലെ ഷെഡ്യൂളില്‍ വലിയ മാറ്റങ്ങള്‍ വരുത്താതെ ടൂര്‍ണമെന്റ് നടത്താനാവും എന്നതാണ് ഇത്തരമൊരു നീക്കത്തിന് ബി.സി.സി.ഐ.യെ പ്രേരിപ്പിച്ചതെന്നും വാര്‍ത്തയുണ്ടായിരുന്നു.

അദാനി ഗ്രൂപ്പ്, സഞ്ജീവ് ഗോയങ്ക ഗ്രൂപ്പ് എന്നിവര്‍ ഇപ്പോള്‍ തന്നെ ഫ്രാഞ്ചൈസികള്‍ ലേലത്തില്‍ പിടിക്കാന്‍ ഒരുക്കമാണെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.

ഏപ്രില്‍ ഒന്‍പത് മുതലാണ് ഈ വര്‍ഷത്തെ ഐ.പി. എല്‍ ആരംഭിക്കുന്നത്. ചെന്നൈ എം.എ ചിദംബരം സ്‌റ്റേഡിയത്തില്‍ മുംബൈ ഇന്ത്യന്‍സും റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരും തമ്മിലാണ് ആദ്യ മത്സരം.

Content Highlights: Two new IPL teams to be auctioned in May Cricket