ദ്യ ഐ.പി.എലില്‍ കിരീടം നേടിയ രാജസ്ഥാന്‍ റോയല്‍സിന് പിന്നീടങ്ങോട്ട് കഷ്ടകാലമായിരുന്നു. രണ്ടാമത് പ്ലേ ഓഫിലെത്താന്‍ ആറുവര്‍ഷം കാത്തിരിക്കേണ്ടിവന്നു. 2013 മുതല്‍ നാലുവര്‍ഷത്തിനിടെ മൂന്നുതവണ പ്ലേ ഓഫില്‍ കളിച്ചെങ്കിലും വീണ്ടും ഗ്രാഫ് താഴോട്ടായി. കഴിഞ്ഞ സീസണില്‍ അവസാന സ്ഥാനക്കാരായി മടങ്ങിയ രാജസ്ഥാന്‍ ഇക്കുറി ഏറെ പ്രതീക്ഷയോടെയാണ് ടൂര്‍ണമെന്റിന് ഇറങ്ങുന്നത്. കുറച്ചുവര്‍ഷങ്ങളായി രാജസ്ഥാന്‍ ബാറ്റിങ്ങിന്റെ കരുത്തായ മലയാളി താരം സഞ്ജു സാംസണ്‍ നായകനായി തിരഞ്ഞെടുക്കപ്പെട്ടു.

ഐ.പി.എലിലെ ഏറ്റവുമുയര്‍ന്ന ലേലത്തുക നല്‍കി (16.25 കോടി) ദക്ഷിണാഫ്രിക്കയുടെ ഓള്‍റൗണ്ടര്‍ ക്രിസ് മോറിസിനെ ടീമിലെത്തിച്ചു. ബെന്‍ സ്റ്റോക്‌സ്, ജോസ് ബട്‌ലര്‍, ജോഫ്ര ആര്‍ച്ചര്‍ തുടങ്ങിയ വിലകൂടിയ താരങ്ങളെ നിലനിര്‍ത്തുകയും ചെയ്തു. പരിക്കിലുള്ള ഇംഗ്ലീഷ് പേസ് ബൗളര്‍ ജോഫ്ര ആര്‍ച്ചര്‍ക്ക് തുടക്കത്തില്‍ കളിക്കാനാകില്ല. ആ കോട്ടം നികത്താന്‍ മുസ്താഫിസുര്‍ റഹ്മാന്‍, ആന്‍ഡ്രൂ ടൈ, ജയദേവ് ഉനദ്കട്ട് എന്നിവരുണ്ട്.

ക്രിസ് മോറിസ്, ബെന്‍ സ്റ്റോക്‌സ്, രാഹുല്‍ തെവാട്ടിയ, ശിവം ദുബെ എന്നിവരടങ്ങിയ ഓള്‍റൗണ്ടര്‍മാരും ഡേവിഡ് മില്ലര്‍, സഞ്ജു സാംസണ്‍, ജോസ് ബട്‌ലര്‍ എന്നീ ബാറ്റ്‌സ്മാന്മാരും രാജസ്ഥാനെ മികച്ച ടീമാക്കിമാറ്റുന്നു. മായങ്ക് മാര്‍കണ്ഡെ അല്ലാതെ മികച്ച സ്‌പെഷലിസ്റ്റ് സ്പിന്നര്‍മാര്‍ ഇല്ലാത്തത് ടീമിന്റെ പോരായ്മയാണ്. ശ്രേയസ് ഗോപാല്‍, രാഹുല്‍ തെവാട്ടിയ തുടങ്ങിയ ഓള്‍റൗണ്ടര്‍മാരിലൂടെ ആ കോട്ടം നികത്താമെന്ന് ടീം കണക്കുകൂട്ടുന്നു.

മത്സരം- 164

ജയം- 81

തോല്‍വി- 78

വിജയശതമാനം- 50.64

മികച്ച പ്രകടനം- ഐ.പി.എല്‍​ കിരീടം (2008)

ഉടമ: മനോജ് ബാദലെ, അമിഷ ഹതിരാമണി, ലച്ച്‌ലന്‍ മര്‍ഡോക്

നായകന്‍: സഞ്ജു സാംസണ്‍

പരിശീലകന്‍: കുമാര്‍ സംഗക്കാര

പ്രധാന താരങ്ങള്‍: ബെന്‍ സ്റ്റോക്‌സ്, ക്രിസ് മോറിസ്, ജോസ് ബട്‌ലര്‍, സഞ്ജു സാംസണ്‍, ഡേവിഡ് മില്ലര്‍, രാഹുല്‍ തെവാട്ടിയ, ജോഫ്ര ആര്‍ച്ചര്‍, മുസ്താഫിസുര്‍ റഹ്മാന്‍, ജയദേവ് ഉനദ്കട്ട്.

Content Highlights: Team Rajasthan Royals ready for the upcoming season of IPL