മുംബൈ: ഇംഗ്ലണ്ടിന്റെ വെടിക്കെട്ട് ഓപ്പണിങ് ബാറ്റ്‌സ്മാന്‍ ജേസണ്‍ റോയിയെ ടീമിലെത്തിച്ച് സണ്‍റൈസേഴ്‌സ് ഹൈദരാബാദ്. ഓസ്‌ട്രേലിയന്‍ ഓള്‍റൗണ്ടര്‍ മിച്ചല്‍ മാര്‍ഷിന് പകരമാണ് ജേസണ്‍ റോയിയെ സണ്‍ റൈസേഴ്‌സ് ടീമിലെത്തിച്ചത്.

2010-ല്‍ ഐ.പി.എല്ലില്‍ അരങ്ങേറ്റം കുറിച്ച മിച്ചല്‍ മാര്‍ഷ് ആകെ 21 മത്സരങ്ങളിലാണ് കളിച്ചത്. വ്യക്തിപരമായ കാരണങ്ങള്‍ കൊണ്ടാണ് മാര്‍ഷ് ഐ.പി.എല്ലില്‍ നിന്നും വിട്ടുനിന്നത്.

ഐ.പി.എല്‍ താരലേലത്തില്‍ ജേസണ്‍ റോയിയെ ഒരു ടീമും വാങ്ങിയിരുന്നില്ല. എന്നാല്‍ ഇന്ത്യയ്‌ക്കെതിരായ പരമ്പരയില്‍ താരം തകര്‍പ്പന്‍ പ്രകടനമാണ് കാഴ്ചവെച്ചത്. ഇതിന്റെ ബലത്തിലാണ് റോയിയെ സണ്‍റൈസേഴ്‌സ് ടീമിലെത്തിച്ചത്.

2017 ലാണ് ജേസണ്‍ റോയ് ഐ.പി.എല്ലില്‍ അരങ്ങേറ്റം കുറിച്ചത്. ഗുജറാത്ത് ലയണ്‍സിന് വേണ്ടിയാണ് താരം കളിച്ചത്. അടുത്ത സീസണില്‍ ഡല്‍ഹി ഡെയര്‍ഡെവിള്‍സിനുവേണ്ടിയും കളിച്ചു. ഇതുവരെ എട്ട് മത്സരങ്ങളില്‍ കളിച്ച താരം ഒരു അര്‍ധസെഞ്ചുറിയടക്കം 179 റണ്‍സ് നേടിയിട്ടുണ്ട്. 

അടിസ്ഥാന വിലയായ 2 കോടി രൂപ മുടക്കിയാണ് സണ്‍റൈസേഴ്‌സ് റോയിയെ ടീമിലെത്തിച്ചത്. കഴിഞ്ഞ സീസണില്‍ പ്ലേ ഓഫില്‍ കടന്നിരുന്നെങ്കിലും ഫൈനലില്‍ പ്രവേശിക്കാന്‍ സണ്‍റൈസേഴ്‌സിന് കഴിഞ്ഞിരുന്നില്ല. 

Content Highlights: SRH sign up Jason Roy as replacement for Mitchell Marsh