.പി.എല്ലില്‍ ശനിയാഴ്ച നടന്ന ചെന്നൈ സൂപ്പര്‍ കിങ്‌സ് - രാജസ്ഥാന്‍ റോയല്‍സ് മത്സരം അവസാനിച്ചപ്പോള്‍ ക്രിക്കറ്റ് ലോകത്ത് ചര്‍ച്ചയായത് മൂന്ന് പേരുകളാണ്, ഋതുരാജ് ഗെയ്ക്‌വാദ്, യശസ്വി ജെയ്‌സ്വാള്‍, ശിവം ദുബെ. ബാറ്റിങ് വിരുന്നിന്റെ സുന്ദര ദൃശ്യങ്ങളൊരുക്കിയ മൂവരും ആരാധകരുടെ കൈയടി നേടി. ചെന്നൈ താരം ഋതുരാജ് കന്നി ഐപിഎല്‍ സെഞ്ചുറിയുമായി തിളങ്ങിയപ്പോള്‍ രാജസ്ഥാന്‍ താരങ്ങളായ ജെയ്‌സ്വാളും ദുബെയും അര്‍ധ സെഞ്ചുറികളുമായി ടീമിനെ വിജയത്തിലെത്തിച്ചു. 

189 റണ്‍സെന്ന സാമാന്യം വലിയ വിജയലക്ഷ്യം പ്രതിരോധിക്കാനിറങ്ങിയെ ചെന്നൈയുടെ കണക്കുകൂട്ടലുകള്‍ തെറ്റിച്ചത് യശസ്വി ജെയ്‌സ്വാളെന്ന കൗമാരക്കാരനായിരുന്നു. വെറും 21 പന്തില്‍ നിന്ന് 50 റണ്‍സ് അടിച്ചുകൂട്ടിയ ജെയ്‌സ്വാള്‍ പവര്‍പ്ലേയില്‍ തന്നെ മത്സരം ചെന്നൈയില്‍ നിന്ന് സ്വന്തമാക്കുകയായിരുന്നു.

കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി യശസ്വി ജെയ്‌സ്വാള്‍ എന്ന പേര് ഇന്ത്യന്‍ ക്രിക്കറ്റില്‍ ഉയര്‍ന്നു കേള്‍ക്കുന്നുണ്ട്. പക്ഷേ ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ ഭാഗമായെങ്കിലും തന്റെ പ്രതിഭയ്‌ക്കൊത്ത പ്രകടനം പുറത്തെടുക്കാന്‍ ജെയ്‌സ്വാളിന് സാധിച്ചിരുന്നില്ല. ആ കുറവിന് കഴിഞ്ഞ മത്സരത്തോടെ പരിഹാരമായി. 

കഴിഞ്ഞ അണ്ടര്‍ 19 ഏഷ്യാ കപ്പ്, അണ്ടര്‍ 19 ലോകകപ്പ്, വിജയ് ഹസാരെ ട്രോഫി എന്നീ ടൂര്‍ണമെന്റുകളിലെല്ലാം മികച്ച ബാറ്റിങ് വിരുന്നൊരുക്കിയ ജെയ്‌സ്വാള്‍ തന്റെ പ്രതിഭ തെളിയിച്ചതാണ്. 

2019-ലെ അണ്ടര്‍ 19 ഏഷ്യാ കപ്പ് കിരീടം നേടിയ ഇന്ത്യന്‍ ടീമിന്റെ നെടുന്തൂണായിരുന്നു ജെയ്‌സ്വാള്‍. ഫൈനലില്‍ 113 പന്തില്‍ നിന്ന് 85 റണ്‍സെടുത്ത താരത്തിന്റെ മികവിലാണ് ശ്രീലങ്കയ്ക്കെതിരേ ഇന്ത്യ 304 എന്ന സ്‌കോര്‍ പടുത്തുയര്‍ത്തിയതും കിരീടത്തില്‍ മുത്തമിട്ടതും. ടൂര്‍ണമെന്റില്‍ 79.50 റണ്‍സ് ശരാശരിയില്‍ 318 റണ്‍സാണ് ജയ്സ്വാള്‍ അടിച്ചുകൂട്ടിയത്.

പിന്നാലെ ആ വര്‍ഷം തന്നെ വിജയ് ഹസാരെ ട്രോഫിയില്‍ മുംബൈക്കായി ഇരട്ട സെഞ്ചുറിയുമായി ജെയ്‌സ്വാള്‍ റെക്കോഡിട്ടു. ലിസ്റ്റ് എ ക്രിക്കറ്റില്‍ ഇരട്ട സെഞ്ചുറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന ലോക റെക്കോഡോടെയാണ് ജെയ്‌സ്വാള്‍ ഈ നേട്ടം പിന്നിട്ടത്. ജാര്‍ഖണ്ഡിനെതിരേ നടന്ന മത്സരത്തില്‍ 154 പന്തുകള്‍ നേരിട്ട യശസ്വി 17 ബൗണ്ടറികളും 12 സിക്‌സും പറത്തി 203 റണ്‍സെടുത്തു. ഈ റെക്കോഡ് പ്രകടനം നടത്തുമ്പോള്‍ 17 വര്‍ഷവും 292 ദിവസവും മാത്രമായിരുന്നു താരത്തിന്റെ പ്രായം. ഇതോടൊപ്പം സച്ചിന്‍ തെണ്ടുല്‍ക്കര്‍, വീരേന്ദര്‍ സെവാഗ്, രോഹിത് ശര്‍മ, ശിഖര്‍ ധവാന്‍, കെ.വി കൗശല്‍, സഞ്ജു സാംസണ്‍ എന്നിവര്‍ക്കു ശേഷം ലിസ്റ്റ് എ ക്രിക്കറ്റില്‍ സെഞ്ചുറി നേടുന്ന ഏഴാമത്തെ ഇന്ത്യന്‍ താരമെന്ന നേട്ടവും ജെയ്‌സ്വാള്‍ സ്വന്തമാക്കി. 

ഈ പ്രകടനങ്ങള്‍ 2020-ലെ അണ്ടര്‍ 19 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ജെയ്‌സ്വാളിന് സ്ഥാനം നേടിക്കൊടുക്കുകയും ചെയ്തു. ഫൈനലില്‍ ബംഗ്ലാദേശിനോട് തോറ്റെങ്കിലും ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഭാവി സുരക്ഷിതവും ശോഭനവുമാണെന്ന് തെളിയിക്കുന്നതായിരുന്നു ജെയ്‌സ്വാളടക്കമുള്ള താരങ്ങളുടെ പ്രകടനം. ആറ് ഇന്നിങ്‌സില്‍ നിന്ന് 133.33 ശരാശരിയില്‍ 400 റണ്‍സെടുത്ത ജെയ്‌സ്വാളായിരുന്നു ടൂര്‍ണമെന്റിലെ താരം.

Yashasvi Jaiswal the wonder boy in indian cricket

അണ്ടര്‍ 19 ലോകകപ്പിന്റെ ചരിത്രത്തില്‍ തുടര്‍ച്ചയായി നാലു മത്സരങ്ങളില്‍ 50-ന് മുകളില്‍ സ്‌കോര്‍ ചെയ്യുന്ന നാലാമത്തെ മാത്രം താരമെന്ന നേട്ടവും ജെയ്‌സ്വാള്‍ സ്വന്തമാക്കി. മെഹ്ദി ഹസന്‍ മിറാസ് (2016), ശുഭ്മാന്‍ ഗില്‍ (2016), നയീം യങ് (2018, 2020) എന്നിവരാണ് നേരത്തെ ഈ നേട്ടം സ്വന്തമാക്കിയവര്‍. 

ലോകകപ്പിലെ ആറ് ഇന്നിങ്സുകളില്‍ അഞ്ചിലും യശസ്വി 50-ന് മുകളില്‍ സ്‌കോര്‍ ചെയ്തു. അണ്ടര്‍ 19 ലോകകപ്പിന്റെ ചരിത്രത്തില്‍ ഒരു പതിപ്പില്‍ അഞ്ചോ അതിലധികമോ തവണ 50-ന് മുകളില്‍ സ്‌കോര്‍ ചെയ്യുന്ന മൂന്നാമത്തെ മാത്രം താരവുമായി ജെയ്‌സ്വാള്‍. ഓസീസിന്റെ ബ്രെറ്റ് വില്യംസ് (1988), ഇന്ത്യയുടെ സര്‍ഫറാസ് ഖാന്‍ (2016) എന്നിവരാണ് നേരത്തെ ഈ നേട്ടം സ്വന്തമാക്കിയവര്‍. 

ക്രിക്കറ്റ് എന്ന കളിയോടുള്ള അടങ്ങാത്ത സ്നേഹമാണ് ജെയ്‌സ്വാളിനെ ഈ നേട്ടങ്ങളിലേക്കെല്ലാം നയിച്ചത്. ജീവിതത്തില്‍ സഹിച്ച കഷ്ടപ്പാടുകളുടെ ഫലമാണ് ഇപ്പോള്‍ മധുരമായി തീര്‍ന്നിരിക്കുന്നത്. നേട്ടങ്ങള്‍ ചുണ്ടില്‍ പുഞ്ചിരി വിരിയിക്കുമ്പോഴും  ക്രിക്കറ്റിനായി നാടും വീടും വിട്ട് ടെന്റില്‍ അന്തിയുറങ്ങിയ ഒരു 11-കാരനുണ്ട് ജയ്‌സ്വാളിന്റെ ഓര്‍മകളിലിന്നും. വര്‍ഷങ്ങള്‍ പിന്നിലേക്ക് സഞ്ചരിച്ചാല്‍ ഇന്നു കാണുന്ന പോലെയായിരുന്നില്ല മഹാരാഷ്ട്ര ബദോഹി സ്വദേശി യശസ്വി ജെയ്‌സ്വാളിന്റെ ജീവിതം. 

പതിനൊന്നു വയസുള്ളപ്പോള്‍ 2012-ലാണ് ജെയ്‌സ്വാള്‍ മുംബൈയിലെത്തുന്നത്. ക്രിക്കറ്റ് മാത്രമായിരുന്നു ആ കുഞ്ഞു മനസില്‍. എന്നും പരിശീലനത്തിനായി ദാദറില്‍ നിന്ന് ആസാദ് മൈതാനത്തേക്കെത്താനുള്ള ചെലവ് കുഞ്ഞു ജെയ്‌സ്വാളിനും കുടുംബത്തിനും താങ്ങാനാകുമായിരുന്നില്ല. ഇതിനാല്‍ കാല്‍ബദേവിയിലുള്ള ഒരു പാല്‍ക്കടയില്‍ താമസിക്കാനുള്ള സൗകര്യം അവന്‍ ഒപ്പിച്ചെടുത്തു. താമസത്തിന് കൂലിയായി കടയിലെ ചില്ലറ ജോലികള്‍ ചെയ്യണമെന്നായിരുന്നു നിബന്ധന എന്നാല്‍ കളിച്ച് ക്ഷീണിച്ചെത്തിയിരുന്ന ജെയ്‌സ്വാളിന് തന്റെ വാക്ക് പാലിക്കാനായില്ല. ഒരു ദിവസം പരിശീലനം കഴിഞ്ഞ് വന്നപ്പോള്‍ തന്റെ സാധനങ്ങളെല്ലാം കടയ്ക്ക് പുറത്ത് വച്ചിരിക്കുന്നതാണ് അവന്‍ കണ്ടത്.

പോകാന്‍ മറ്റൊരിടമില്ലാതെ വിഷമിച്ച അവന് ആസാദ് മൈതാനിലെ മുസ്ലിം യുണൈറ്റഡ് ക്ലബ്ബിലെ ഇമ്രാന്‍ എന്നയാള്‍ സഹായവുമായെത്തി. അവിടെ ഒരു ടെന്റില്‍ താമസ സൗകര്യം ഒരുങ്ങി. മാതാപിതാക്കള്‍ തിരിച്ചുവരാന്‍ പറഞ്ഞെങ്കിലും ജെയ്‌സ്വാള്‍ അത് കേട്ടില്ല. അവന്‍ ആ ടെന്റിലെ താമസത്തില്‍ സന്തോഷവാനായിരുന്നു. കാരണം രാവിലെ എഴുന്നേറ്റാല്‍ അവന്‍ ആദ്യം കാണുന്ന കാഴ്ച ക്രിക്കറ്റായിരുന്നു.

താമസം ശരിയായപ്പോള്‍ പിന്നീട് ഭക്ഷണവും പണവുമായി അടുത്ത പ്രശ്‌നം. അതോടെ ഒരു ഭക്ഷണശാലയില്‍ ജെയ്‌സ്വാള്‍ ജോലി ചെയ്യാനാരംഭിച്ചു. ഭക്ഷണം അവിടെ നിന്ന് ലഭിക്കുമായിരുന്നു. 

''എനിക്ക് ക്രിക്കറ്റ് കളിക്കണമെന്നുമാത്രമേ ഉണ്ടായിരുന്നുള്ളൂ. മുംബൈയ്ക്ക് വേണ്ടി കളിക്കണമായിരുന്നു. ഒരു ടെന്റിലായിരുന്നു ഞാന്‍ താമസിച്ചിരുന്നത്. വെള്ളമില്ല, കറണ്ടില്ല, ബാത്ത്‌റൂം സൗകര്യങ്ങളില്ല. രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ ഞാന്‍ ഭക്ഷണശാലയില്‍ ജോലി ചെയ്തു. ചില സമയങ്ങളില്‍ ടീമംഗങ്ങള്‍ക്ക് ഭക്ഷണം വിളമ്പിക്കൊടുക്കേണ്ടി വന്നിരുന്നു. അത് സഹിക്കാനാകുമായിരുന്നില്ല. എന്നാല്‍ അതെല്ലാം എന്റെ ഈ യാത്രയില്‍ ആവശ്യമായിരുന്നു'', ഇ.എസ്.പി.എന്‍ ക്രിക് ഇന്‍ഫോയ്ക്ക് അനുവദിച്ച അഭിമുഖത്തില്‍ ഒരിക്കല്‍ ജെയ്‌സ്വാള്‍ പറഞ്ഞതാണിത്.

ദിവസങ്ങള്‍ അങ്ങനെ കടന്നുപോയി. ഒടുവില്‍ ജ്വാല സിങ് എന്ന പരിശീലകന്‍ ജെയ്‌സ്വാളിനെ ശ്രദ്ധിക്കുന്നതോടെയാണ് അവന്റെ തലവര മാറുന്നത്. നെറ്റ്‌സില്‍ ബാറ്റ് ചെയ്യുന്നതിനിടെയാണ് ജ്വാല സിങ്, ജെയ്‌സ്വാളിനെ ശ്രദ്ധിക്കുന്നത്. മറ്റ് ബാറ്റ്‌സ്മാന്‍മാര്‍ പതറിയ ഒരു പിച്ചില്‍ ബാറ്റ് ചെയ്യാനെത്തിയ താരത്തിന്റെ ബാറ്റിങ് മികവാണ് അദ്ദേഹത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റിയത്.

അന്ന് 11-12 വയസ് മാത്രമുണ്ടായിരുന്നു, ഒന്നാം ഡിവിഷന്‍ ബൗളര്‍മാര്‍ക്കെതിരേ പോലും മനോഹരമായി കളിക്കുന്ന താരം ഭക്ഷണത്തിനും താമസത്തിനും വേണ്ടി ബുദ്ധിമുട്ടുന്ന കാര്യം ഒരു പരിചയക്കാരനാണ് തന്നോട് പറഞ്ഞതെന്നും ജ്വാല സിങ് ഓര്‍ക്കുന്നു. പിന്നീടങ്ങോട്ട് ജ്വാല സിങ്ങിന്റെ സംരക്ഷണത്തിലായിരുന്നു ജെയ്‌സ്വാള്‍.

തന്റെ പ്രിയ ശിഷ്യന്‍ ഇന്ത്യന്‍ സീനിയര്‍ ടീമിന്റെ വാതില്‍ തുറന്ന് അകത്തുകയറുമെന്ന് ജ്വാല സിങ് ഉറപ്പിച്ച് പറയുന്നു. ഇപ്പോള്‍ തന്നെ ഇന്ത്യയുടെ ഭാവി ഓപ്പണര്‍ എന്ന് വിളിക്കപ്പെടുന്ന താരം തന്റെ പ്രതിഭ രാകിമിനുക്കി കാത്തിരിക്കുകയാണ്, ആ വിളിക്കായി. 

Content Highlights: Yashasvi Jaiswal the wonder boy in indian cricket