ചെന്നൈ: ഡല്‍ഹി ക്യാപിറ്റല്‍സിന്റെ നായകസ്ഥാനം ഏറ്റെടുത്തതോടെ ഇന്ത്യന്‍ വിക്കറ്റ് കീപ്പിങ് ബാറ്റ്‌സ്മാന്‍ ഋഷഭ് പന്ത് ഐ.പി.എല്ലിലെ ഏറ്റവും പ്രായം കുറഞ്ഞ അഞ്ചാമത്തെ നായകന്‍ എന്ന നേട്ടം സ്വന്തമാക്കിയത്. ഇതിനുമുന്‍പ് ഈ നേട്ടം സ്വന്തമാക്കിയ താരങ്ങളെ പരിചയപ്പെടാം.

വിരാട് കോലി

ഐ.പി.എല്ലിലെ ഏറ്റവും പ്രായം കുറഞ്ഞ നായകന്‍ എന്ന റെക്കോഡ് വിരാട് കോലിയുടെ പേരിലാണുള്ളത്. 2011-ല്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ നായകനായി സ്ഥാനമേറ്റതോടെയാണ് കോലി ഈ റെക്കോഡ് സ്വന്തമാക്കിയത്. അന്ന് വെറും 22 വയസ്സും നാല് മാസവും ആറ് ദിവസവും മാത്രമായിരുന്നു കോലിയുടെ പ്രായം. കോലിയുടെ കീഴില്‍ 126 മത്സരങ്ങളില്‍ നിന്നും 56 വിജയങ്ങള്‍ ബാംഗ്ലൂര്‍ സ്വന്തമാക്കി.

സ്റ്റീവ് സ്മിത്ത്

ഐ.പി.എല്ലിലെ ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ താരമാണ് സ്റ്റീവ് സ്മിത്ത്. 22 വയസ്സും 11 മാസവും 9 ദിവസവും പ്രായമുള്ളപ്പോള്‍ താരം 2012-ല്‍ താരം ഒരു മത്സരത്തില്‍ പുണൈ വാരിയേഴ്‌സിനെ നയിച്ചു. പിന്നീട് മൂന്നു വര്‍ഷം രാജസ്ഥാന്‍ റോയല്‍സിന്റെ നായകനായും കളിച്ചു. നിലവില്‍ താരം ഡല്‍ഹി ക്യാപിറ്റല്‍സിലാണ് കളിക്കുന്നത്.

ശ്രേയസ് അയ്യര്‍

23 വയസ്സും മൂന്നു മാസവും 21 ദിവസവും പ്രായമുള്ളപ്പോഴാണ് ശ്രേയസ് അയ്യര്‍ ഡല്‍ഹി ക്യാപിറ്റല്‍സിന്റെ നായകസ്ഥാനം ഏറ്റെടുക്കുന്നത്. 2018-ല്‍ ഡല്‍ഹിയുടെ നായകസ്ഥാനം ഗൗതം ഗംഭീര്‍ ഉപേക്ഷിച്ചപ്പോള്‍ താരം ആ സ്ഥാനത്തേക്ക് തെരെഞ്ഞെടുക്കപ്പെട്ടു. ഈ വര്‍ഷം താരം പരിക്കുമൂലം കളിക്കുന്നില്ല.

സുരേഷ് റെയ്‌ന

2010-ല്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ നയിച്ചതോടെയാണ് റെയ്‌ന ഈ പട്ടികയില്‍ നാലാം സ്ഥാനത്തെത്തിയത്. അന്ന് 23 വയസ്സും മൂന്നു മാസവും 22 ദിവസവുമാണ് താരത്തിന് പ്രായം.

ഋഷഭ് പന്ത്

ഈ വര്‍ഷം ഡല്‍ഹി ക്യാപിറ്റല്‍സിന്റെ നായകസ്ഥാനം ഏറ്റെടുത്തതോടെയാണ് പന്ത് ഈ പട്ടികയില്‍ അഞ്ചാം സ്ഥാനത്തെത്തിയത്. 23 വയസ്സും ആറ് മാസവും ആറ് ദിവസങ്ങളും പ്രായമുള്ളപ്പോള്‍ പന്ത് നായകസ്ഥാനം ഏറ്റെടുത്തു. ശ്രേയസ് അയ്യര്‍ പരിക്കേറ്റ് പുറത്തായതോടെയാണ് പന്തിനെത്തേടി ഈ സുവര്‍ണാവസരം എത്തിയത്.

Content Highlights: Virat Kohli to Rishabh Pant 5 youngest captains in the history of IPL