ദുബായ്: ഐ.പി.എല്ലിലെ അരങ്ങേറ്റ മത്സരത്തില്‍ തന്നെ അപൂര്‍വമായ റെക്കോഡ് സ്വന്തമാക്കി സണ്‍റൈസേഴ്‌സിന്റെ ഫാസ്റ്റ് ബൗളര്‍ ഉമ്രാന്‍ മാലിക്. 2021 ഐ.പി.എല്ലില്‍ ഏറ്റവും വേഗതയില്‍ പന്തെറിഞ്ഞ ഇന്ത്യന്‍ താരം എന്ന റെക്കോഡാണ് ജമ്മു കശ്മീര്‍ സ്വദേശിയായ ഉമ്രാന്‍ സ്വന്തമാക്കിയത്. 

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ മത്സരത്തിനിടെയാണ് താരം ഈ പ്രകടനം പുറത്തെടുത്തത്. ഓപ്പണിങ് സ്‌പെല്ലില്‍ തന്നെ മണിക്കൂറില്‍ 151.03 കിലോമീറ്റര്‍ വേഗതയില്‍ പന്തെറിഞ്ഞ് താരം ചരിത്രത്തിലേക്ക് നടന്നുകയറി. മത്സരത്തില്‍ സണ്‍റൈസേഴ്‌സ് പരാജയപ്പെട്ടെങ്കിലും ഉമ്രാന്റെ പ്രകടനം ശ്രദ്ധേയമായി. 

കോവിഡ് മൂലം ടീമില്‍ നിന്ന് പുറത്തായ ടി.നടരാജന് പകരമാണ് ഉമ്രാന്‍ മാലിക്കിനെ സണ്‍റൈസേഴ്‌സ് ടീമിലെടുത്തത്. കൊല്‍ക്കത്തയ്‌ക്കെതിരായ മത്സരത്തില്‍ സന്ദീപ് ശര്‍മയ്ക്ക് പകരം ഉമ്രാന്‍ ടീമിലിടം നേടി. അരങ്ങേറ്റ മത്സരത്തില്‍ മികച്ച പ്രകടനമാണ് താരം പുറത്തെടുത്തത്. വിക്കറ്റെടുക്കാന്‍ സാധിച്ചില്ലെങ്കിലും നാലോവറില്‍ 27 റണ്‍സ് മാത്രമാണ് ഉമ്രാന്‍ വിട്ടുനല്‍കിയത്. താരമെറിഞ്ഞ മിക്ക പന്തുകളും മണിക്കൂറില്‍ 140 കിലോമീറ്റര്‍ വേഗതയിലാണ് പറന്നത്.

2021 ഐ.പി.എല്‍ സീസണില്‍ അതിവേഗത്തില്‍ പന്തെറിഞ്ഞ താരം കൊല്‍ക്കത്തയുടെ ലോക്കി ഫെര്‍ഗൂസനാണ്. മണിക്കൂറില്‍ 152.75 കിലോമീറ്ററാണ് താരത്തിന്റെ വേഗത. 

Content Highlights: Umran Malik bowls fastest delivery in IPL 2021 by an Indian pacer