.പി.എല്‍ 14-ാം സീസണില്‍ പ്ലേ ഓഫ് പ്രതീക്ഷകള്‍ നേരത്തെ തന്നെ അസ്തമിച്ച ടീമാണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദ്. 

എന്നാല്‍ കഴിഞ്ഞ ദിവസം കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ ഹൈദരാബാദിന്റെ മത്സരം ഏവരുടെയും ശ്രദ്ധ നേടിയിരുന്നു. ഹൈദരാബാദിനായി അരങ്ങേറ്റം കുറിച്ച ഒരു ജമ്മു കശ്മീര്‍  താരമായിരുന്നു അതിന് കാരണക്കാരന്‍.

കൊല്‍ക്കത്ത താരങ്ങളെ തന്റെ പന്തുകളുടെ വേഗം കൊണ്ട് ബുദ്ധിമുട്ടിച്ച ആ 21-കാരന്‍ പേസറുടെ പേര് ഉമ്രാന്‍ മാലിക്. മത്സരത്തില്‍ വിക്കറ്റൊന്നും കിട്ടിയില്ലെങ്കിലും ഐ.പി.എല്‍ 14-ാം സീസണിലെ ഒരു ഇന്ത്യന്‍ ബൗളറുടെ ഏറ്റവും വേഗമേറിയ പന്തെന്ന റെക്കോഡുമായാണ് മാലിക് മത്സരം അവസാനിപ്പിച്ചത്. 

പേസര്‍ സന്ദീപ് ശര്‍മയ്ക്ക് പകരമാണ് ഹൈദരാബാദ് മാലിക്കിനെ ടീമില്‍ ഉള്‍പ്പെടുത്തിയത്. ആദ്യ ഓവറില്‍ തന്നെ 145 കി.മീ ഏറെ വേഗത്തിലെത്തിയ പന്തുകൊണ്ടു തന്നെ മാലിക് കമന്റേറ്റര്‍മാരുടെ ശ്രദ്ധ പിടിച്ചുപറ്റി. പിന്നാലെ ഒരു പന്ത് 150 കി.മീ വേഗം തൊട്ടു. മറ്റൊരു പന്ത് എത്തിയത് 151.03 കി.മീ വേഗത്തില്‍.

ഇതോടെ ഇത്തവണത്തെ സീസണില്‍ ഒരു ഇന്ത്യന്‍ പേസറുടെ ഏറ്റവും വേഗമേറിയ പന്തെന്ന റെക്കോഡും മാലിക്ക് സ്വന്തമാക്കി. ഇത്തവണത്തെ സീസണില്‍ 150 കി.മീ ഏറെ വേഗത്തില്‍ പന്തെറിഞ്ഞ ആദ്യ ഇന്ത്യന്‍ ബൗളറും മാലിക്ക് തന്നെ. 145.97 കി.മീ വേഗത്തില്‍ പന്തെറിഞ്ഞ ബാംഗ്ലൂര്‍ താരം മുഹമ്മദ് സിറാജിന്റെ റെക്കോഡാണ് മാലിക്ക് മറികടന്നത്.

152.75 കി.മീ വേഗത്തില്‍ പന്തെറിഞ്ഞ കൊല്‍ക്കത്തയുടെ ന്യൂസീലന്‍ഡ് താരം ലോക്കി ഫെര്‍ഗൂസനാണ് ഇത്തവണത്തെ സീസണില്‍ ഏറ്റവും വേഗത്തില്‍ പന്തെറിഞ്ഞ താരം. 

നെറ്റ് ബൗളറായാണ് മാലിക്ക് ഹൈദരാബാദിനൊപ്പം ചേരുന്നത്. എന്നാല്‍ ടി. നടരാജന് കോവിഡ് ബാധിച്ചതോടെ മാലിക്കിന് ടീമിലേക്ക് അപ്രതീക്ഷിതമായി വിളിയെത്തുകയായിരുന്നു. 

മത്സരത്തില്‍ നാല് ഓവറില്‍ 27 റണ്‍സ് മാത്രം വിട്ടുനല്‍കിയ താരത്തെ മത്സര ശേഷം ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണ്‍ പുകഴ്ത്തുകയും ചെയ്തു.

2021 ജനുവരി 18-നാണ് മാലിക് ആദ്യമായി ജമ്മു കശ്മീരിനായി അരങ്ങേറ്റ മത്സരം കളിക്കുന്നത്. സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ കശ്മീരിനായി കളത്തിലിറങ്ങിയ താരം തന്റെ പന്തുകളുടെ വേഗം കൊണ്ട് വളരെ പെട്ടെന്ന് തന്നെ ശ്രദ്ധ നേടി. 

തൊട്ടടുത്ത മാസം തന്നെ ലിസ്റ്റ് എ ക്രിക്കറ്റിലും മാലിക്കിന് അരങ്ങേറ്റത്തിനുള്ള അവസരം ലഭിച്ചു. 2021 ഫെബ്രുവരി 27-ന് വിജയ് ഹസാരെ ട്രോഫിയില്‍ കശ്മീര്‍ ടീമിനായി മാലിക് കളത്തിലിറങ്ങി. ഈ ടൂര്‍ണമെന്റുകളിലെ പ്രകടനമാണ് താരത്തെ സണ്‍റൈസേഴ്‌സിന്റെ റഡാറിലെത്തിക്കുന്നത്. ആദ്യ മത്സരം കൊണ്ടു തന്നെ പ്രതിഭയുള്ള താരമാണെന്ന് തെളിയിക്കാനും എതിര്‍ ടീമിന്റെ തന്നെ പ്രശംസ നേടാനും ഉമ്രാന്‍ മാലിക്കിനായി. 

Content Highlights: the fastest ball by Indian in IPL 2021 from Jammu & Kashmir pacer Umran Malik of SRH