ചെന്നൈ: മലയാളികളെ സംബന്ധിച്ചിടത്തോളം അഭിമാനകരമായ നേട്ടമാണ് ഇന്നലെ നടന്ന മത്സരത്തിലൂടെ ക്രിക്കറ്റ് താരം സഞ്ജു സാംസണ്‍ നേടിയെടുത്തത്. രാജസ്ഥാന്‍ റോയല്‍സിനെ നയിച്ചുകൊണ്ട് ഐ.പി.എല്ലില്‍ ക്യാപ്റ്റനാകുന്ന ആദ്യ മലയാളി താരം എന്ന റെക്കോഡ് സഞ്ജു ഇന്നലെ കരസ്ഥമാക്കി. 

നായകനായുള്ള അരങ്ങേറ്റ മത്സരം ഗംഭീരമാക്കിയ താരം ഇന്നലെ വെറും 63 പന്തുകളില്‍ നിന്നുമായി 119 റണ്‍സ് നേടി. എന്നിട്ടും ടീമിനെ വിജയത്തിലെത്തിക്കാന്‍ സഞ്ജുവിന് സാധിച്ചില്ല. 222 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ രാജസ്ഥാന് 217 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ.

എന്നാല്‍ അവസാന ഓവറില്‍ സഞ്ജു റണ്ണിനായി ഓടാത്തതുകൊണ്ടാണ് മത്സരത്തില്‍ രാജസ്ഥാന്‍ പരാജയപ്പെട്ടത് എന്നുതുടങ്ങുന്ന വിമര്‍ശനങ്ങള്‍ ഇതിനോടകം ഉയര്‍ന്നുതുടങ്ങി. മത്സരത്തിലെ അവസാന ഓവറില്‍ അവസാന രണ്ടു പന്തുകളില്‍ നിന്നും അഞ്ച് റണ്‍സാണ് രാജസ്ഥാന് ജയിക്കാനായി വേണ്ടിയിരുന്നത്. അഞ്ചാം പന്തില്‍ സഞ്ജു ബൗണ്ടറി പായിക്കാന്‍ ശ്രമം നടത്തിയെങ്കിലും ഫീല്‍ഡറുടെ കൈയിലാണ് പന്തെത്തിയത്. പക്ഷേ ആ സമയത്ത് സിംഗിളെടുക്കാനും സഞ്ജു വിസമ്മതിച്ചു. ക്രിസ് മോറിസാണ് മറുഭാഗത്ത് ഉണ്ടായിരുന്നത്. ഇതോടെ അവസാന പന്തില്‍ ജയിക്കാന്‍ 5 റണ്‍സ് വേണം എന്ന നിലയിലായി രാജസ്ഥാന്‍. അവസാന പന്തില്‍ സിക്‌സ് പറത്താനുള്ള സഞ്ജുവിന്റെ ശ്രമം പരാജയപ്പെട്ടതോടെ രാജസ്ഥാന്‍ തോല്‍വി വഴങ്ങി.

സഞ്ജുവിനെതിരേ പല ക്രിക്കറ്റ് താരങ്ങളും വിമര്‍ശനങ്ങളുമായി എത്തിയതോടെ താരത്തെ പിന്താങ്ങി രാജസ്ഥാൻ പരിശീലകന്‍ കുമാര്‍ സംഗക്കാര രംഗത്തെത്തി. സഞ്ജു എടുത്ത തീരുമാനം ശരിയാണെന്ന് സംഗക്കാര പറഞ്ഞു.

'അവസാന ഓവറില്‍ സഞ്ജു ചെയ്തതാണ് ശരി. അദ്ദേഹം നന്നായി തന്നെ കളിച്ചു. ആ സിംഗിള്‍ എടുക്കാത്തതില്‍ ഞാന്‍ സഞ്ജുവിനെ കുറ്റപ്പെടുത്തില്ല. സിംഗിള്‍ എടുത്തിരുന്നെങ്കില്‍ ക്രിസ് മോറിസ് ആയിരിക്കും സ്‌ട്രൈക്കില്‍ ഉണ്ടാകുക. മോറിസിന് ഇന്നലെ ഫോമിലേക്കെത്താന്‍ സാധിച്ചിട്ടില്ല. നാല് പന്തുകളില്‍ നിന്നും വെറും രണ്ട് റണ്‍സ് മാത്രമാണ് താരമെടുത്തത്. അത്തരമൊരു സാഹചര്യത്തില്‍ ഫോമിന്റെ കൊടുമുടിയില്‍ നില്‍ക്കുന്ന സഞ്ജു ആ റിസ്‌ക് ഏറ്റെടുക്കണമായിരുന്നു. അദ്ദേഹം അത് ചെയ്തു. ഒരു നായകന്‍ എന്ന നിലയില്‍ ആ റിസ്‌ക് ഏറ്റെടുത്ത സഞ്ജുവിനെ ഞാന്‍ അഭിനന്ദിക്കുന്നു. അദ്ദേഹത്തിന് അവസാന പന്ത് ബൗണ്ടറി കടത്താന്‍ സാധിച്ചില്ലെങ്കിലും കളിയിലെ പ്രകടനമികവ് ഏവരെയും അത്ഭുതപ്പെടുത്തി. വരും മത്സരങ്ങളില്‍ രാജസ്ഥാന്‍ ഇതിലും മികച്ച പ്രകടനം കാഴ്ചവെയ്ക്കും' - സംഗക്കാര പറഞ്ഞു.

മത്സരത്തില്‍ പരാജയപ്പെട്ടെങ്കിലും സഞ്ജുവാണ് മത്സരത്തിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടത്. അടുത്ത മത്സരത്തില്‍ രാജസ്ഥാന്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ നേരിടും

Content Highlights: Sangakkara on Samson-Morris single controversy