ചെന്നൈ:   ഇന്ത്യൻ പ്രീമിയർ ലീഗിൽ ഏറ്റവും കൂടുതൽ സ്‌ക്‌സ് അടിച്ച ഇന്ത്യൻ താരമെന്ന റെക്കോഡ് ഇനി രോഹിത് ശർമയ്ക്ക് സ്വന്തം. ചെന്നൈ എം.എ ചിദംബരം സ്റ്റേഡിയത്തിൽ നടക്കുന്ന സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരായ മത്സരത്തിലാണ് മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ പുതിയ റെക്കോഡ് സൃഷ്ടിച്ചത്. ഭുവനേശ്വർ കുമാറിന്റെ പന്ത് ഡീപ് മിഡ് വിക്കറ്റിന് മുകളിലൂടെ സിക്‌സിലേക്ക് പറത്തിയായിരുന്നു രോഹിതിന്റെ റെക്കോഡ്.

ഇതോടെ എം.എസ് ധോനിയുടെ റെക്കോഡ് പഴങ്കഥയായി. 217 സിക്‌സുകൾ രോഹിത് നേടിയപ്പോൾ ചെന്നൈ താരമായ ധോനിയുടെ അക്കൗണ്ടിലുള്ളത് 216 സിക്‌സുകളാണ്.

ഹൈദരാബാദിനെതിരായ മത്സരത്തിന്റെ മൂന്നാം ഓവറിൽ രോഹിത് ധോനിയുടെ റെക്കോഡിന് ഒപ്പമെത്തി. അടുത്ത ഓവറിൽ ആ റെക്കോഡ് മറികടക്കുന്ന സിക്‌സും രോഹിത് നേടി. ഏഴാം ഓവറിൽ വിജയ് ശങ്കറിന്റെ പന്തിൽ പുറത്താകുന്നതിന് മുമ്പ് രണ്ട് ഫോറും രോഹിത് കണ്ടെത്തി.

ഐ.പി.എല്ലിൽ ഏറ്റവും കൂടുതുൽ സിക്‌സിന്റെ റെക്കോഡ് വിൻഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ പേരിലാണ്. 350 സിക്‌സാണ് താരം നേടിയത്. 237 സിക്‌സുമായി മുൻ ദക്ഷിണാഫ്രിക്കൻ താരം എബി ഡിവില്ലിയേഴ്‌സാണ് ഗെയ്‌ലിന് പിന്നിലുള്ളത്.

Content Highlights: Rohit Sharma MS Dhoni Sixes IPL2021