പിഎല്ലില്‍ ചര്‍ച്ചയായി ഓവര്‍നിരക്കും പിഴയും. കഴിഞ്ഞ ദിവസം കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ക്യാപ്റ്റന്‍ ഇയാന്‍ മോര്‍ഗന് കുറഞ്ഞ ഓവര്‍ നിരക്കിനെ തുടര്‍ന്ന് വിധിച്ചത് 24 ലക്ഷം രൂപ പിഴയാണ്. ഇതിന് പിന്നാലെ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍ സഞ്ജു സാംസണ് വിധിച്ചത് ഇതേ തുക.  സഹതാരങ്ങള്‍ക്ക് ആറു ലക്ഷം രൂപയോ അല്ലെങ്കില്‍ മാച്ച് ഫീയുടെ 25 ശതമാനമോ ആയിരുന്നു പിഴ. ഇത് ആദ്യമായല്ല സഞ്ജുവിന് പിഴ ലഭിക്കുന്നത്. പഞ്ചാബ് കിങ്‌സിനെതിരായ മത്സരത്തില്‍ മലയാളി ക്യാപ്റ്റന് 12 ലക്ഷം രൂപ പിഴ വിധിച്ചിരുന്നു. 

ഇതോടെ സഞ്ജുവിന്റെ ഐപിഎല്‍ ശമ്പളത്തിന്റെ നല്ലൊരു ഭാഗം പിഴയായി നല്‍കേണ്ട അവസ്ഥയാണ്. ഇത് എന്താണ് കഥയെന്ന് ഐപിഎല്‍ ആരാധകര്‍ തന്നെ ചോദിക്കുന്നു. കാരണം മറ്റൊന്നുമല്ല, ഐ.പി.എല്ലില്‍ ഓവര്‍ നിരക്ക് കണക്കാക്കുന്നത് ഐ.സി.സിയുടെ നിയമാവലി അനുസരിച്ചാണെങ്കിലും പിഴ ഈടാക്കുന്നത് ഐ.പി.എല്‍ ഗവേണിങ് കൗണ്‍സില്‍ തയ്യാറാക്കിയ മാനദണ്ഡം അനുസരിച്ചാണ്. 

ഓവര്‍ നിരക്ക് ലംഘനം ആവര്‍ത്തിച്ചാല്‍ ഐ.പി.എല്ലില്‍ പിഴത്തുക കൂടും. മോര്‍ഗനും സഞ്ജുവും സീസണില്‍ രണ്ടാം തവണയാണ് ഓവര്‍ നിരക്കിന്റെ പേരില്‍ ശിക്ഷിക്കപ്പെടുന്നത്. ആദ്യ തവണ 12 ലക്ഷമാണെങ്കില്‍ രണ്ടാം തവണ പിഴത്തുക 24 ലക്ഷമാകും. ആദ്യ തവണ ക്യാപ്റ്റന് മാത്രമാണ് ശിക്ഷയെങ്കില്‍ രണ്ടാം തവണ ടീമിലെ മറ്റു താരങ്ങളും പിഴ നല്‍കണം. മറ്റു പത്ത് കളിക്കാര്‍ക്ക് ആറു ലക്ഷം രൂപയോ മാച്ച് ഫീയുടെ 25 ശതമാനമോ ആണ് പിഴ. ഇനി മൂന്നാം തവണ നിയമലംഘനം നടത്തിയാല്‍ ക്യാപ്റ്റന് 30 ലക്ഷം രൂപ പിഴയും ഒരു മത്സരത്തില്‍ നിന്ന് വിലക്കും ലഭിക്കും. ടീമിലെ മറ്റു താരങ്ങള്‍ക്ക് 12 ലക്ഷം രൂപയോ മാച്ച് ഫീയുടെ 50 ശതമാനമോ പിഴ കുടുങ്ങും.

ഓവര്‍ നിരക്കും ഐ.പി.എല്‍ നിയമവും

ക്രിക്കറ്റില്‍ ബോളിങ് ടീം ഒരു മണിക്കൂറിനുള്ളില്‍ എറിഞ്ഞു തീര്‍ക്കേണ്ട നിശ്ചിത ഓവറുകളുടെ എണ്ണമാണ് ഓവര്‍ നിരക്ക്. ഐ.സി.സിയുടെ നിയമാവലി അനുസരിച്ച് ടെസ്റ്റ് ക്രിക്കറ്റില്‍ 15 ഓവറും ഏകദിനത്തില്‍ 14.28 ഓവറും ട്വന്റി-20യില്‍ 14.11 ഓവറുമാണ് ഒരു മണിക്കൂറില്‍ പൂര്‍ത്തിയാക്കേണ്ടത്. ഇതില്‍ ട്വന്റി-20യുടെ ഓവര്‍ നിരക്കാണ് ഐ.പി.എല്ലിലും പിന്തുടരുന്നത്. ഈ നിരക്കില്‍ താഴെ പോകുമ്പോഴാണ് ബോളിങ് ടീമിനെ കുറഞ്ഞ ഓവര്‍ നിരക്കിന് മാച്ച് റഫറി ശിക്ഷിക്കുന്നത്. മഴ, പരിക്ക്, തേഡ് അമ്പയര്‍ റഫറല്‍ എന്നിവ മൂലമുള്ള സമയനഷ്ടവും ബാറ്റിങ് ടീം പാഴാക്കുന്ന സമയവും ഓവര്‍ നിരക്കില്‍ നിന്ന് ഒഴിവാക്കും.

Content Highlights: Rajasthan Royals Captain Sanju Samson loses 36 lakhs IPL 2021 Slow Over Rate