.പി.എല്ലിന്റെ ചരിത്രത്തിലെ തന്നെ എക്കാലത്തെയും മികച്ച ടീമുകളിലൊന്നാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ്. എം.എസ് ധോനിയെന്ന നായകന്റെ നേതൃത്വത്തില്‍ മൂന്ന് തവണ ഐ.പി.എല്‍ കിരീടത്തില്‍ മുത്തമിട്ട ടീം. എട്ടു തവണ ഫൈനലുകള്‍ കളിച്ച ടീം. എന്നാല്‍ 2020-ലെ ഐപിഎല്ലിന്റെ 13-ാം സീസണ്‍ ധോനിയേയും സംഘത്തേയും സംബന്ധിച്ച് തീര്‍ത്തും നിരാശ നിറഞ്ഞതായിരുന്നു. 

14 മത്സരങ്ങളില്‍ വെറും ആറു ജയങ്ങളുമായി ഏഴാം സ്ഥാനത്താണ് ചെന്നൈ അന്ന് ഫിനിഷ് ചെയ്തത്. ഐപിഎല്‍ ചരിത്രത്തില്‍ തന്നെ ധോനിയുടെ സംഘം പ്ലേ ഓഫ് കാണാതെ പുറത്താകുന്നത് ആദ്യമായിട്ടായിരുന്നു.

അന്ന് നിരാശയോടെ തലതാഴ്ത്തിയിരുന്ന ആരാധകരോട് ധോനി പറഞ്ഞ വാക്കുകള്‍ ഇവയായിരുന്നു; ''ഞങ്ങള്‍ ശക്തമായി തിരിച്ചുവരും, ഞങ്ങള്‍ അറിയപ്പെടുന്നത് തന്നെ അങ്ങനെയാണ്.'' 

മാസങ്ങള്‍ക്കിപ്പുറം ഐപിഎല്ലിന്റെ 14-ാം സീസണില്‍ പ്ലേ ഓഫ് ഉറപ്പിച്ച ആദ്യ ടീം എന്ന നിലയില്‍ ധോനി തന്റെ വാക്ക് പാലിച്ചു. ഇപ്പോഴിതാ ആദ്യ പ്ലേ ഓഫ് മത്സരത്തില്‍ ഡല്‍ഹിയെ തകര്‍ത്ത് ഒമ്പതാം ഫൈനലെന്ന റെക്കോഡും. 

ആരാധകര്‍ക്ക് തകര്‍ത്താഘോഷിക്കാനുള്ള എല്ലാവകയും സമ്മാനിച്ചായിരുന്നു സൂപ്പര്‍ കിങ്‌സിന്റെ ഒമ്പതാം ഫൈനല്‍ പ്രവേശനം. തങ്ങളുടെ എക്കാലത്തെയും മികച്ച ക്യാപ്റ്റന്‍ തന്റെ ഫിനിഷര്‍ റോളിലേക്ക് മടങ്ങിയെത്തിയതിന്റെ ആവേശത്തിലാണ് ആരാധകര്‍. നിര്‍ണായക ഘട്ടത്തില്‍ വെറും ആറ് പന്തുകളില്‍ നിന്ന് മൂന്ന് ഫോറിന്റെയും ഒരു സിക്സിന്റെയും അകമ്പടിയോടെ 18 റണ്‍സെടുത്ത് പുറത്താവാതെ നിന്ന ധോനിയുടെ വെടിക്കെട്ട് മികവില്‍ ചെന്നൈ ഫൈനലിലെത്തുകയായിരുന്നു. 

MS Dhoni has kept his promise as Super Kings stormed into their 9th IPL final

ടീമിന് വേണ്ടപ്പോള്‍ അര്‍ധ സെഞ്ചുറിയുമായി തിളങ്ങിയ റോബിന്‍ ഉത്തപ്പയുടെയും സീസണില്‍ മികച്ച പ്രകടനം തുടരുന്ന ഋതുരാജ് ഗെയ്ക്‌വാദിന്റെയും ഇന്നിങ്‌സുകളാണ് സൂപ്പര്‍ കിങ്‌സിനെ വിജയത്തോടടുപ്പിച്ചത്. തന്റെ പ്രതാപകാലത്തെ അനുസ്മരിപ്പിച്ച് ധോനി മത്സരം ഫിനിഷ് ചെയ്യുകയും ചെയ്തു. 

യു.എ.ഇയില്‍ നടന്ന ഐപിഎല്‍ 13-ാം സീസണിലെ പ്രകടനം കണ്ട ക്രിക്കറ്റ് പണ്ഡിതര്‍ ഇത്തവണ സൂപ്പര്‍ കിങ്‌സിനെ എഴുതിത്തള്ളിയിരുന്നു. അവരുടെ എക്കാലത്തെയും മികച്ച താരങ്ങളിലൊരാളായ ഷെയ്ന്‍ വാട്ട്‌സണ്‍ വിരമിച്ചിരുന്നു. എന്നാല്‍ ഋതുരാജ് ഗെയ്ക്‌വാദ് എന്ന യുവതാരത്തിന്റെ രൂപത്തില്‍ ചെന്നൈക്ക് ഒരു പകരക്കാരനെ ലഭിച്ചു. സ്പാര്‍ക്കില്ലാത്ത താരമെന്ന് പറഞ്ഞ് കഴിഞ്ഞ സീസണില്‍ ടീം മാറ്റിനിര്‍ത്തിയ ഋതുരാജ് ഇത്തവണ തന്റെ സ്പാര്‍ക്ക് എന്തെന്ന് കാണിച്ചുകൊടുക്കുകയായിരുന്നു. സീസണില്‍ ഇതുവരെ 15 മത്സരങ്ങളില്‍ നിന്നായി ഒരു സെഞ്ചുറിയും നാല് അര്‍ധ സെഞ്ചുറികളുമടക്കം 603 റണ്‍സാണ് താരം അടിച്ചുകൂട്ടിയിരിക്കുന്നത്.

ഓപ്പണിങ് സ്ലോട്ടില്‍ ഋതുരാജ് - ഫാഫ് ഡുപ്ലെസി സഖ്യം ക്ലിക്കായതോടെ ചെന്നൈയുടെ മുന്നേറ്റത്തിന് തുടക്കമാകുകയായിരുന്നു. പുതുതായി ടീമിലെടുത്ത മോയിന്‍ അലി മൂന്നാം സ്ഥാനത്ത് മോശമല്ലാത്ത പ്രകടനം പുറത്തെടുത്തതും അവര്‍ക്ക് ആശ്വാസമായി.

ഇവര്‍ക്കൊപ്പം അമ്പാട്ടി റായുഡുവും രവീന്ദ്ര ജഡേജയും ഫോമിലെത്തിയതോടെ ചെന്നൈ തങ്ങളുടെ മുന്നേറ്റം കരുത്തുറ്റതാക്കി. അപ്പോഴും ധോനിയുടെ ബാറ്റിങ്ങിലെ ഫോം ചര്‍ച്ചയായിരുന്നു. എന്നാല്‍ ഡല്‍ഹിക്കെതിരായ മത്സരത്തിലെ മിന്നും പ്രകടനത്തോടെ വിമര്‍ശകരുടെ വായടപ്പിച്ചിരിക്കുകയാണ് ധോനി. 

വൈകാതെ ധോനിക്ക് പ്രായം 40 തികയും. ഇനിയൊരു സീസണില്‍ ചെന്നൈ കുപ്പായത്തില്‍ ധോനിയെ കാണാന്‍ സാധിച്ചെന്ന് വരില്ല. അതിന്റെ സൂചനകള്‍ ധോനി നല്‍കിക്കഴിഞ്ഞു. അതുകൊണ്ടു തന്നെ ആരാധകര്‍ കാത്തിരിക്കുകയാണ്, ഇത്തവണ തങ്ങളുടെ നായകന് കിരീട നേട്ടത്തോടെ തന്നെ ഒരു വിടവാങ്ങലിന് അവസരമൊരുങ്ങുമോ എന്നറിയാന്‍.

Content Highlights: MS Dhoni has kept his promise as Super Kings stormed into their 9th IPL final