ന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ പുതിയ സീസണിന് ഇന്ന് തുടക്കമാകും. ഇത്തവണ പ്രതിഭാധനരായ നിരവധി മലയാളി താരങ്ങള്‍ക്ക് ഐ.പി.എല്ലില്‍ കളിക്കാന്‍ അവസരം ലഭിച്ചിട്ടുണ്ട്. അതില്‍ ഏറ്റവും എടുത്തുപറയേണ്ടത് സഞ്ജു സാംസണെക്കുറിച്ചാണ്. ഇത്തവണ രാജസ്ഥാന്‍ റോയല്‍സിന്റെ നായകനായി തിരഞ്ഞെടുക്കപ്പെട്ടത് സഞ്ജുവാണ്. സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ വെടിക്കെട്ട് പ്രകടനം കാഴ്ചവെച്ച മുഹമ്മദ് അസ്ഹറുദ്ദീനും ഇത്തവണ ഐ.പി.എല്ലിന്റെ ഭാഗമായി. 

സഞ്ജു സാംസണ്‍ (രാജസ്ഥാന്‍ റോയല്‍സ്)

ഇക്കുറി രാജസ്ഥാന്‍ റോയല്‍സ് ടീമിനെ നയിക്കുന്നത് മലയാളിയും അന്താരാഷ്ട്ര താരവുമായ സഞ്ജു സാംസണ്‍ ആണെന്നത് കേരളത്തിന് ആഹ്ലാദം പകരുന്നു. കേരളത്തിന്റെ സ്വന്തം താരം ഐ.പി.എല്‍. ടീമിന്റെ ക്യാപ്റ്റനാകുന്നത് ഇതാദ്യം. 2013 സീസണില്‍ രാജസ്ഥാന്‍ റോയല്‍സിലൂടെയാണ് സഞ്ജു ദേശീയ ശ്രദ്ധയിലെത്തിയത്. ആ സീസണില്‍ മികച്ച യുവതാരവുമായി. പിന്നീട് ഡല്‍ഹി ടീമിലേക്ക് ചേക്കേറിയെങ്കിലും 2018ല്‍ രാജസ്ഥാനിലേക്ക് തിരിച്ചെത്തി. കഴിഞ്ഞ സീസണിന്റെ തുടക്കത്തില്‍ സഞ്ജുവിന്റെ ബാറ്റിങ് മികവിലാണ് രാജസ്ഥാന്‍ കുതിച്ചത്.

മുഹമ്മദ് അസ്ഹറുദ്ദീന്‍ (ബാംഗ്ലൂര്‍)

കാസര്‍കോട് സ്വദേശിയായ മുഹമ്മദ് അസ്ഹറുദ്ദീന്‍ ഇക്കുറി സയ്യിദ് മുഷ്താഖ് അലി ക്രിക്കറ്റില്‍ കേരളത്തിനുവേണ്ടി മുംബൈക്കെതിരേ 37 പന്തില്‍ സെഞ്ചുറി കുറിച്ച് ശ്രദ്ധ പിടിച്ചുപറ്റി. അന്ന് 54 പന്തില്‍ 137 റണ്‍സെടുത്തു. 20 ലക്ഷം രൂപയ്ക്കാണ് ബാംഗ്ലൂര്‍ അസ്ഹറുദ്ദീനെ വാങ്ങിയത്.

വിഷ്ണു വിനോദ് (ഡല്‍ഹി)

കേരളത്തിന്റെ വെടിക്കെട്ട് ബാറ്റ്‌സ്മാനായ വിഷ്ണു വിനോദിനെ ഇക്കുറി 20 ലക്ഷം രൂപയ്ക്കാണ് ഡല്‍ഹി ക്യാപിറ്റില്‍സ് വാങ്ങിയത്. 2017 സീസണില്‍ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സ് അംഗമായിരുന്നു. ശ്രേയസ് അയ്യരുടെ അഭാവത്തില്‍ ഡല്‍ഹിക്ക് മികച്ച ഒരു ബാറ്റ്‌സ്മാന്റെ ഒഴിവുണ്ട്. അവിടേക്ക് പരിഗണിക്കപ്പെട്ടാല്‍ ഇത് ഗംഭീര തുടക്കമാകും.

സച്ചിന്‍ ബേബി (ബാംഗ്ലൂര്‍)

കേരള ക്രിക്കറ്റ് ടീം ക്യാപ്റ്റനും മുന്‍നിര ബാറ്റ്‌സ്മാനുമായ സച്ചിന്‍ ബേബി ഇക്കുറി ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സ് ടീമിലുണ്ട്. 2017ല്‍ ബാംഗ്ലൂരിനുവേണ്ടി കളിച്ച സച്ചിന്‍ പിന്നീട് സണ്‍റൈസേഴ്‌സ് ഹൈദരാബാദിലേക്ക് പോയി. ഇക്കുറി ബാംഗ്ലൂര്‍ ടീമിലേക്ക് തിരിച്ചെത്തുകയായിരുന്നു.

കെ.എം. ആസിഫ് (ചെന്നൈ)

മലപ്പുറം എടവണ്ണ സ്വദേശിയായ കെ.എം. ആസിഫ് ഇക്കുറിയും ചെന്നൈ സൂപ്പര്‍ കിങ്‌സ് ടീമിലുണ്ട്. മീഡിയം പേസ് ബൗളറായ ആസിഫ് 2018ലാണ് ആദ്യമായി ചെന്നൈ ടീമിലെത്തിയത്. ഇക്കുറി സയ്യിദ് മുഷ്താഖ് അലി ക്രിക്കറ്റില്‍ മുംബൈക്കെതിരേ കേരളത്തിനുവേണ്ടി മൂന്നുവിക്കറ്റെടുത്തു.

സന്ദീപ് വാര്യര്‍ (കൊല്‍ക്കത്ത)

തൃശ്ശൂര്‍ സ്വദേശിയായ പേസ് ബൗളര്‍ സന്ദീപ് വാര്യര്‍ കഴിഞ്ഞ സീസണിലും കൊല്‍ക്കത്ത ടീമിലുണ്ടായിരുന്നു. രഞ്ജി ക്രിക്കറ്റില്‍ കേരളത്തിന്റെ കരുത്തായിരുന്ന സന്ദീപ് കഴിഞ്ഞവര്‍ഷം തമിഴ്‌നാട് ടീമിലേക്ക് മാറി.

ബേസില്‍ തമ്പി (ഹൈദരാബാദ്)

എറണാകുളത്തുനിന്നുള്ള പേസ് ബൗളര്‍ ബേസില്‍ തമ്പി ഇക്കുറിയും സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ടീമിലുണ്ട്. 2017ല്‍ ഗുജറാത്ത് ലയണ്‍സ് ടീമിലൂടെ ഐ.പി.എലില്‍ എത്തിയ ബേസില്‍, ആ വര്‍ഷം എമേര്‍ജിങ് പ്ലെയര്‍ പുരസ്‌കാരവും നേടി. 2018 മുതല്‍ ഹൈദരാബാദിനുവേണ്ടി കളിക്കുന്നു.

മറുനാടന്‍ മലയാളിതാരങ്ങളായ കരുണ്‍ നായര്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിലും ശ്രേയസ് അയ്യര്‍ ഡല്‍ഹി ക്യാപിറ്റല്‍സിലും ദേവദത്ത് പടിക്കല്‍ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിലുമുണ്ട്. കഴിഞ്ഞ സീസണില്‍ ബാംഗ്ലൂരിന്റെ ഓപ്പണറായി ഇറങ്ങി ദേവദത്ത് തിളങ്ങി. പരിക്കിലുള്ള ശ്രേയസിന് ടൂര്‍ണമെന്റിന്റെ തുടക്കത്തില്‍ കളിക്കാനാകില്ല. കരുണ്‍ നായര്‍ക്ക് ദേശീയ ടീമില്‍ തിരിച്ചെത്താനുള്ള സുവര്‍ണാവസരമാണിത്.

കേരളത്തിനുവേണ്ടി കളിക്കുന്ന മധ്യപ്രദേശ് ഓള്‍റൗണ്ടര്‍ ജലജ് സക്‌സേന പഞ്ചാബ് കിങ്‌സിലും റോബിന്‍ ഉത്തപ്പ ചെന്നൈ സൂപ്പര്‍ കിങ്‌സിലും ഉണ്ട്.

Content Highlights: List of Kerala players in Indian Premier League 2021