ചെന്നൈ: രാജസ്ഥാന്‍ റോയല്‍സിനെതിരായ തകര്‍പ്പന്‍ പ്രകടനത്തോടെ ആരാധകരുടെ മനം കവര്‍ന്നിരിക്കുകയാണ് പഞ്ചാബ് കിങ്‌സിന്റെ ദീപക് ഹൂഡ. 20 പന്തുകളില്‍ നിന്നും അര്‍ധസെഞ്ചുറി നേടിയ താരം ഇന്നലെ നടന്ന മത്സരത്തില്‍ 64 റണ്‍സാണ് എടുത്തത്. 

ഹൂഡ തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്തതോടെ ഇന്ത്യന്‍ താരം ക്രുനാല്‍ പാണ്ഡ്യയെ ട്രോളിക്കൊണ്ട് നിരവധിപേര്‍ രംഗത്തെത്തി. ക്രുനാലും ഹൂഡയും ബറോഡയുടെ താരങ്ങളാണ്. ഈയിടെ ഹൂഡയെ ബറോഡ ക്രിക്കറ്റ് അസോസിയേഷന്‍ സസ്‌പെന്‍ഡ് ചെയ്തിരുന്നു.

സയ്യെദ് മുഷ്താഖ് അലി ട്രോഫി മത്സരം നടക്കുന്നതിനിടേ ബറോഡ നായകനായ ക്രുനാലും ഹൂഡയും തമ്മില്‍ കൊമ്പുകോര്‍ത്തിരുന്നു. ക്രുനാല്‍ സ്ഥിരമായി തന്നെ അധിക്ഷേപിക്കുന്നുണ്ടെന്ന് വെളിപ്പെടുത്തി ഹൂഡ രംഗത്തെത്തിയിരുന്നു.

എന്നാല്‍ ഹൂഡയെയാണ് ടീമില്‍ നിന്നും ബറോഡ പുറത്താക്കിയത്. ഇതിനെതിരേ പ്രതിഷേധം ശക്തമായിരുന്നു. എന്നാല്‍ ഹൂഡയ്‌ക്കെതിരേ നടപടി സ്വീകരിച്ച ബറോഡ ക്രിക്കറ്റ് അസോയിയേഷന്‍ താരത്തെ സസ്‌പെന്‍ഡ് ചെയ്തു. 

അതിനുശേഷം നടന്ന ആദ്യമത്സരത്തില്‍ തന്നെ തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്തതോടെ ആരാധകരെല്ലാം ക്രുനാലിനും ബറോഡയ്ക്കുമെതിരേ തിരിഞ്ഞു. ക്രുനാലിനെതിരേ സോഷ്യല്‍ മീഡിയയിലൂടെ നിരവധി ട്രോളുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. 

നിലവില്‍ ക്രുനാല്‍ മുംബൈ ഇന്ത്യന്‍സിന് വേണ്ടിയാണ് ഐ.പി.എല്ലില്‍ കളിക്കുന്നത്.

Content Highlights: Krunal Pandya gets trolled after Deepak Hooda blast