മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിനെതിരായ മത്സരത്തിലൂടെ അപൂര്‍വമായ റെക്കോഡ് സ്വന്തമാക്കി ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ. ഹര്‍ഷല്‍ പട്ടേല്‍ എറിഞ്ഞ അവസാന ഓവറില്‍ 36 റണ്‍സ് നേടിക്കൊണ്ടാണ് താരം ചരിത്ര നേട്ടം സ്വന്തമാക്കിയത്. 

ഐ.പി.എല്ലില്‍ ഒരോവറില്‍ 36 റണ്‍സ് നേടുന്ന രണ്ടാമത്തെ മാത്രം താരവും ആദ്യ ഇന്ത്യന്‍ താരവുമാണ് ജഡേജ. ഹര്‍ഷല്‍ പട്ടേല്‍ എറിഞ്ഞ അവസാന ഓവറിലെ ആദ്യ മൂന്ന് പന്തിലും ജഡേജ സിക്‌സ് നേടി. മൂന്നാം പന്ത് നോ ബോള്‍ ആയതോടെ വീണ്ടും ഒരു ബോള്‍ കൂടി എറിയാന്‍ ഹര്‍ഷല്‍ പട്ടേല്‍ നിര്‍ബന്ധിതനായി. ആ പന്തിലും സിക്‌സ് നേടിയ ജഡേജ അഞ്ചാം പന്തില്‍ ഡബിളെടുത്തു. ആറാം പന്തില്‍ വീണ്ടും പടുകൂറ്റന്‍ സിക്‌സ് നേടിയ താരം അവസാന പന്തില്‍ ഫോര്‍ നേടി 36 റണ്‍സ് ആ ഓവറില്‍ മാത്രം സ്വന്തമാക്കി. 

ക്രിസ് ഗെയ്‌ലിന് ശേഷം ഈ നേട്ടം കൈവരിക്കുന്ന ആദ്യ താരമാണ് ജഡേജ. നോബോളടക്കം 37 റണ്‍സാണ് ഹര്‍ഷല്‍ പട്ടേല്‍ ആ ഓവറില്‍ വഴങ്ങിയത്. ഐ.പി.എല്ലിന്റെ ചരിത്രത്തില്‍ ഒരോവറില്‍ ഏറ്റവുമധികം റണ്‍സ് വഴങ്ങുന്ന ബൗളര്‍ എന്ന നാണംകെട്ട റെക്കോഡും ഹര്‍ഷല്‍ ഈ മത്സരത്തിലൂടെ സ്വന്തമാക്കി.

 

19-ാം ഓവര്‍ വരെ കളിയില്‍ സമ്പൂര്‍ണ ആധിപത്യം സ്ഥാപിച്ച ബാംഗ്ലൂര്‍ അവസാന ഓവറില്‍ കളി കൈവിട്ടു.ഐ.പി.എല്ലിന്റെ ഈ സീസണില്‍ ഏറ്റവുമധികം വിക്കറ്റെടുത്ത താരമാണ് ഹര്‍ഷല്‍. ഇന്നും താരം മൂന്ന് വിക്കറ്റ് വീഴ്ത്തിയിരുന്നു. 

Content Highlights: Jadeja has hammered Harshal Patel for 36 runs