മുംബൈ: എന്തുകൊണ്ടാണ് താന്‍ ലോക ക്രിക്കറ്റിലെ തന്നെ ഏറ്റവും മികച്ച ഫീല്‍ഡര്‍മാരില്‍ ഒരാളാകുന്നതെന്ന് വീണ്ടും തെളിയിച്ച് ചെന്നൈ സൂപ്പര്‍ കിങ്‌സ് താരം രവീന്ദ്ര ജഡേജ. 

മുംബൈ വാങ്കെഡെ സ്റ്റേഡിയത്തില്‍ കഴിഞ്ഞ ദിവസം പഞ്ചാബ് കിങ്‌സിനെതിരായ മത്സരത്തില്‍ ഫീല്‍ഡില്‍ ജഡ്ഡുവായിരുന്നു താരം.

മൂന്നാം ഓവറില്‍ പഞ്ചാബ് ക്യാപ്റ്റന്‍ കെ.എല്‍ രാഹുലിനെ കിടിലന്‍ റണ്ണൗട്ടിലൂടെ പുറത്താക്കിയ ജഡേജ അഞ്ചാം ഓവറില്‍ വെടിക്കെട്ട് വീരന്‍ ക്രിസ് ഗെയിലിന്റെ ക്യാച്ച് പറന്ന് കൈക്കലാക്കുകയും ചെയ്തു. 

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ പഞ്ചാബിന്റെ തകര്‍ച്ച തുടങ്ങുന്നച് ജഡ്ഡുവിന്റെ ഈ പ്രകടനത്തിലായിരുന്നു. മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 19 റണ്‍സ് എന്ന നിലയില്‍ തകര്‍ന്ന പഞ്ചാബിന് തിരിച്ചുവരവ് സാധ്യമായില്ല. 

ഈ പ്രകടനത്തോടെ ഐ.പി.എല്ലില്‍ ഏറ്റവുമധികം പേരെ റണ്ണൗട്ടാക്കിയ റെക്കോഡ് ജഡേജ ഒന്നുകൂടി അരക്കിട്ടുറപ്പിക്കുകയും ചെയ്തു. ഐ.പി.എല്ലില്‍ ജഡേജയുടെ 22-ാം റണ്ണൗട്ടായിരുന്നു ഇത്.

Content Highlights: IPL 2021 Ravindra Jadeja Pulls Off Brilliant Direct Hit And Diving Catch