അഹമ്മദാബാദ്: ഐ.പി.എല്ലില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരേ ഒരു ഓവറിലെ ആറു പന്തും ഡല്‍ഹി താരം പൃഥ്വി ഷാ ബൗണ്ടറിയിലെത്തിച്ചിരുന്നു. 

കൊല്‍ക്കത്ത ഉയര്‍ത്തിയ 155 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്നതിനിടെ ശിവം മാവി എറിഞ്ഞ ആദ്യ ഓവറിലായിരുന്നു ഷായുടെ ആ പ്രകടനം. ആദ്യ പന്ത് വൈഡായ ശേഷം മാവി എറിഞ്ഞ എല്ലാ പന്തുകളും ബൗണ്ടറി ലൈന്‍ തൊട്ടു. 25 റണ്‍സാണ് ഷാ ആ ഓവറില്‍ അടിച്ചെടുത്തത്. 

ഇതോടെ ഐ.പി.എല്ലില്‍ ഒരു ഓവറിലെ എല്ലാ പന്തുകളിലും ഫോര്‍ അടിച്ച രണ്ടാമത്തെ താരമെന്ന നേട്ടവും പൃഥ്വി ഷായെ തേടിയെത്തി. 

2012-ല്‍ രാജസ്ഥാന്‍ റോയല്‍സ് താരമായിരുന്ന അജിങ്ക്യ രഹാനെയാണ് ആദ്യം ഈ നേട്ടം സ്വന്തമാക്കിയ താരം. ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ താരം ശ്രീനാഥ് അരവിന്ദിന്റെ ഓവറിലാണ് രഹാനെ ആറു ഫോറുകള്‍ അടിച്ചെടുത്തത്. 

തകര്‍പ്പന്‍ ഫോണിലായിരുന്ന പൃഥ്വി ഷാ 41 പന്തില്‍ നിന്ന് മൂന്നു സിക്‌സും 11 ഫോറുമടക്കം 82 റണ്‍സെടുത്താണ് പുറത്തായത്.

Content Highlights: IPL 2021 Prithvi Shaw only 2nd batsman in IPL history to hit 6 fours in an over