ജഗജാന്തരം. ഈ സീസണില്‍ ഗള്‍ഫിലെത്തിയ ഐപിഎല്‍ ഒരു ബ്രേക്ക് ഇഫക്ടിലാണ്. കൂറ്റനടികളും വമ്പന്‍ സ്‌കോറുകളും പെയ്തിറങ്ങിയ കുട്ടിക്രിക്കറ്റില്‍ ഇത് റണ്‍വരള്‍ച്ചയുടെ കാലം. 200 കടന്ന ഒറ്റ മത്സരം പോലുമുണ്ടായില്ല രണ്ടാം ഘട്ടത്തില്‍. സ്ട്രൈക് റേറ്റ് 200 കടന്നവരൊക്കെ ശാന്ത ശീലരായി. സിക്സര്‍ പറത്തി കൈയടി നേടിയവര്‍ ഓടി റണ്‍സെടുക്കാന്‍ ശ്രദ്ധിക്കുന്നു. നിലയുറപ്പിച്ച് കളിക്കുന്നവര്‍ സ്‌കോര്‍ കണ്ടെത്തുന്നു. കൂറ്റനടിക്കാരായ ഡിവിലിയേഴ്സും പൊള്ളാര്‍ഡും ഗെയിലും ഒക്കെ നിറം മങ്ങി. സിക്സറും ബൗണ്ടറിയും കുറഞ്ഞു. സ്‌കോറിങ് റേറ്റും കുറഞ്ഞു. ബാറ്റ്സ്മാന്മാര്‍ മാത്രമല്ല ബൗളര്‍മാരും കളി നിയന്ത്രിക്കുന്നവരായി. നോക്കീം കണ്ടും കളിച്ചില്ലേ കരപറ്റില്ലെന്നായി. പതിവായി പ്ലേഓഫ് കളിച്ചിരുന്ന സണ്‍റൈസേഴ്സ് ഇതുവരെ 12 കളി കളിച്ചതില്‍ 10 ഉം തോറ്റു. രണ്ട് സീസണില്‍ ഓറഞ്ച് ക്യാപ് അണിഞ്ഞ വാര്‍ണര്‍ ടീമിന് പോലും പുറത്തായി. 

വിദേശ താരങ്ങളെ വിലപറഞ്ഞ് വാങ്ങി കിരീടം നേടുന്ന കാലവും കടന്നുപോയി. വിക്കറ്റ് വേട്ടയില്‍ ആദ്യ സ്ഥാനങ്ങളില്‍ ഒരു വിദേശതാരം പോലുമില്ല. ഹര്‍ഷല്‍ പട്ടേല്‍ 26 വിക്കറ്റുമായി മുന്നിലുള്ളപ്പോള്‍ ആറാം സ്ഥാനത്തുള്ള റഷീദ് ഖാന്റെ ഇതുവരെയുള്ള സമ്പാദ്യം 12 വിക്കറ്റ് മാത്രം. റണ്‍വേട്ടക്കാരില്‍ അഞ്ചാം സ്ഥാനത്തുള്ള ഡുപ്ലസിയാണ് വിദേശികളില്‍ മുന്നില്‍. ഒരേ റേഞ്ചില്‍ കളിക്കുന്ന താരം അത് രവീന്ദ്ര ജഡേജയായിരിക്കും. സെഞ്ചുറിയുമായി സീസണ്‍ തുടങ്ങി ഇടയ്ക്ക് അലക്ഷ്യമായി വിക്കറ്റ് വലിച്ചെറിഞ്ഞ സഞ്ജു ഉത്തരവാദിത്തമുള്ള നായകനും കളിക്കാരനുമായി മാറി. 

ബാംഗ്ലൂരിന്റെ വിശ്വസ്ത ഓപ്പണറായി ദേവ്ദത്ത് പടിക്കല്‍ ഈ സീസണിലും തിളങ്ങുന്നു. പഞ്ചാബിന്റെ ജേഴ്സിയില്‍ വന്‍ പരാജയമായ മാക്സ്‌വെല്‍ ബാംഗ്ലൂരിന്റെ മാച്ച് വിന്നറാകുന്നു. കഴിഞ്ഞ സീസണില്‍ മോശം റെക്കോഡുമായി ഏഴാം സ്ഥാനത്തായ ചെന്നൈ ഇത്തവണ ഒന്നാം സ്ഥാനത്ത് പ്ലേഓഫ് ഉറപ്പിച്ചു. കഴിഞ്ഞ സീസണില്‍ തുടര്‍തോല്‍വിക്കൊടുവില്‍ ഓപ്പണറായി അവസരം ലഭിച്ച റിതുരാജ് ഗെയ്ക്ക്‌വാദ് ചെന്നൈയുടെ വിശ്വസ്ത താരമായി ഈ സീസണില്‍ വളര്‍ന്നു. സീസണ്‍ അവസാനിക്കുമ്പോള്‍ ഓറഞ്ച് ക്യാപും ഈ യുവതാരം സ്വന്തമാക്കിയാല്‍ അദ്ഭുതപ്പെടാനില്ല. 

ഹര്‍ഷല്‍ പട്ടേലും ആവേശ് ഖാനും ഈ സീസണിന്റെ ആവേശമായി. ഷമിയും ബുംറയും ലൈനും ലെങ്തും കാത്തുസൂക്ഷിക്കുന്നു. 16 കോടിക്ക് വാങ്ങിയ മോറിസ് രാജസ്ഥാന് ബാധ്യതയാകുന്നു. ചലഞ്ചേഴ്സ് 15 കോടിക്ക് വാങ്ങിയ ജാമിസണും ഇരിപ്പിടം റിസര്‍വ് ബഞ്ചിലാണ്. 14 കോടി വിലയിട്ട റിച്ചാര്‍ഡ്സണും 9 കോടിയുടെ മൂല്യം പറഞ്ഞ കൃഷ്ണപ്പ ഗൗതമും ഒന്നും കളിക്കാറേ ഇല്ല. അതേ സമയം കാര്യമായ മുതല്‍മുടക്കില്ലാത്ത ഗെയ്ക്‌വാദും ജയ്‌സ്വാളും വെങ്കടേഷ് അയ്യരും അര്‍ഷദീപും ഹര്‍ഷല്‍ പട്ടേലും ആവേശ് ഖാനും മൂല്യമുള്ള താരങ്ങളാകുന്നു. പഴയ ഫോമിന്റെ നിഴലിലാണെങ്കിലും നരേന്‍ അപകടകാരിയായി തുടരുന്നു. മിസ്റ്ററി സ്പിന്നറായി വരുണ്‍ ചക്രവര്‍ത്തി വാഴുന്നു. നായകനും ഓപ്പണറുമായി കോലി മുന്നില്‍ നിന്ന് നയിക്കുന്നു.

വര്‍ഷങ്ങളോളം പോയന്റ് പട്ടികയില്‍ പിന്നാക്കക്കാരായ ഡല്‍ഹി ക്യാപിറ്റല്‍സ് പേര് മാറിയത് മാത്രമല്ല ടീം അടിമുടി മാറി. സ്ഥിരതയാര്‍ന്ന പ്രകടനം കാഴ്ചവെക്കുന്നു. തുടര്‍ച്ചയായ രണ്ടാം സീസണിലും അവര്‍ പ്ലേഓഫില്‍ ഇടംപിടിക്കുന്നു. കഴിഞ്ഞ വര്‍ഷത്തെ ഓറഞ്ച് താരമായ ലോകേഷ് രാഹുല്‍ ഈ സീസണിലും റണ്‍ സമ്പാദ്യത്തില്‍ മുന്നില്‍ തന്നെയുണ്ട്. നായകന്‍ റണ്‍സ് അടിച്ചുകൂട്ടുന്നെങ്കിലും ടീം ജയിക്കുന്നില്ല എന്നതാണ് പഞ്ചാബിന്റെ ഇത്തവണത്തേയും ഗതികേട്. 

ഇടക്കാലത്ത് നിറംമങ്ങിയ കൊല്‍ക്കത്ത തിരിച്ചുവരവിന്റെ പാതയിലാണ്. വെങ്കടേഷ് അയ്യര്‍ എന്ന പരീക്ഷണം കൊല്‍ക്കത്തയുടെ വഴിതെളിച്ചു. ഫോം മങ്ങിയ നായകന്‍ മോര്‍ഗന്‍ ക്രീസില്‍ ചിലവഴിക്കുന്ന സമയം തന്നെ കുറഞ്ഞു. സ്വയം സ്‌കോര്‍ ചെയ്യുന്നില്ലെങ്കിലും കളി ജയിപ്പിക്കുന്ന ക്യാപ്റ്റനായി മോര്‍ഗന്‍ മാറുമ്പോള്‍ ടോപ് സ്‌കോററായിട്ടും ടീമിനെ ജയിപ്പിക്കാനാകാത്ത ക്യാപ്റ്റനായി ലോകേഷ് രാഹുല്‍ മറുവശത്ത്. സീസണില്‍ നന്നായി തുടങ്ങിയ ശിഖര്‍ ധവാന്‍ പിന്നീട് ഫോം മങ്ങി. രോഹിത് ശര്‍മ്മയ്ക്കും മുംബൈക്കും കാര്യങ്ങള്‍ അത്ര പന്തിയല്ല. പ്ലേ ഓഫിലെത്തണമെങ്കില്‍ വലിയ റിസ്‌ക് വേണം. ഹാര്‍ദിക് പാണ്ഡ്യക്ക് എന്തുപറ്റിയെന്ന് ആരാധകര്‍ ചോദിക്കുന്നു. കളി വിദേശത്തായിട്ടും സ്വദേശികളുടെ പ്രകടനം കൊണ്ടാവും പതിനാലാം സീസണ്‍ ഓര്‍മ്മിക്കപ്പെടുക.

Content Highlights: IPL 2021 Players and Team Review