ദുബായ്: ഐ.പി.എല്‍ 14-ാം സീസണിന്റെ കലാശപ്പോരാട്ടത്തിന് വെള്ളിയാഴ്ച ദുബായ് രാജ്യാന്തര സ്‌റ്റേഡിയം വേദിയാകുകയാണ്.

എം.എസ് ധോനി നയിക്കുന്ന ചെന്നൈ സൂപ്പര്‍ കിങ്‌സും ഓയിന്‍ മോര്‍ഗന്‍ നയിക്കുന്ന കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും തമ്മിലാണ് കലാശപ്പോരാട്ടം.

ഒമ്പാതാം ഐപിഎല്‍ ഫൈനല്‍ കളിക്കുന്ന ചെന്നൈ 2010, 2011, 2018 സീസണുകളില്‍ കിരീടം നേടിയ ടീമാണ്. 2008, 2012, 2013, 2015, 2019 വര്‍ഷങ്ങളില്‍ കലാശപ്പോരില്‍ കാലിടറി. 2012, 2014 വര്‍ഷങ്ങളില്‍ ഫൈനല്‍ കളിച്ച കൊല്‍ക്കത്ത രണ്ടു വട്ടവും കിരീടവുമായാണ് മടങ്ങിയത്.

ഇതില്‍ 2012-ല്‍ ചെന്നൈയെ അവരുടെ ഹോം ഗ്രൗണ്ടായ ചെന്നൈ എം.എ ചിദംബരം സ്‌റ്റേഡിയത്തില്‍ തകര്‍ത്താണ് കൊല്‍ക്കത്ത കിരീടം ചൂടിയത്. ഇത്തവണ ഫൈനല്‍ നടക്കുന്ന ദുബായ് സ്റ്റേഡിയം ആരെ തുണയ്ക്കും?

കണക്കുകള്‍ നോക്കുമ്പോള്‍ ദുബായില്‍ കൊല്‍ക്കത്തയേക്കാള്‍ മത്സരങ്ങള്‍ കളിച്ച പരിചയം ചെന്നൈക്കുണ്ട്. ഇത്തവണ നാലു മത്സരങ്ങള്‍ ദുബായില്‍ കളിച്ച ചെന്നൈ രണ്ടില്‍ ജയിച്ചു. രണ്ടു മത്സരങ്ങള്‍ മാത്രം ഇവിടെ കളിച്ച കൊല്‍ക്കത്തയ്ക്ക് ഒരു മത്സരം ജയിക്കാനായി. 

കഴിഞ്ഞ വര്‍ഷം ഐപിഎല്‍ യു.എ.ഇയില്‍ നടന്നപ്പോള്‍ ഏഴു മത്സരങ്ങള്‍ ദുബായില്‍ കളിച്ച ചെന്നൈ നാലിലും ജയിച്ചു. കൊല്‍ക്കത്ത കളിച്ച മൂന്ന് മത്സരങ്ങളില്‍ തോറ്റത് ഒന്നില്‍ മാത്രവും. ആകെ 11 മത്സരങ്ങള്‍ ഇവിടെ കളിച്ച ചെന്നൈ ആറിലും ജയിച്ചപ്പോള്‍ കൊല്‍ക്കത്ത അഞ്ചില്‍ മൂന്നിലും ജയിച്ചു. 

ഇരുവരും ഒരു മത്സരത്തില്‍ മാത്രമാണ് ദുബായില്‍ വെച്ച് ഏറ്റുമുട്ടിയത്. ലീഗ് ഘട്ടത്തില്‍ നടന്ന ആ മത്സരത്തില്‍ ചെന്നൈ ആറു വിക്കറ്റിനാണ് കൊല്‍ക്കത്തയെ തോല്‍പ്പിച്ചത്.

അതേസമയം ദുബായില്‍ ടോസ് നേടുന്നവര്‍ ആദ്യം ഫീല്‍ഡിങ് തിരഞ്ഞെടുക്കാനാണ് സാധ്യത. കാരണം ഇത്തവണ ദുബായില്‍ നടന്ന 12 മത്സരങ്ങളില്‍ ഒമ്പതിലും റണ്‍സ് ചേസ് ചെയ്ത ടീമുകളാണ് ജയിച്ച് കയറിയത്.

Content Highlights: IPL 2021 FINAL Chennai Super Kings vs Kolkata Knight Riders who has advantage in Dubai