ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരായ മത്സരത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിന് വിജയം സമ്മാനിച്ചത് അവസാന ഓവറുകളില്‍ അടിച്ചുതകര്‍ത്ത ഷിംറോണ്‍ ഹെറ്റ്‌മെയറാണ്. 18 പന്തുകളില്‍ നിന്ന് പുറത്താവാതെ 28 റണ്‍സെടുത്ത ഹെറ്റ്‌മെയര്‍ യു.എ.ഇയില്‍ ആദ്യമായാണ് ഫോമിലേക്കുയര്‍ന്നത്. 

ഡല്‍ഹിയ്ക്ക് വേണ്ടി വിജയം നേടിയ ഹെറ്റ്‌മെയര്‍ക്ക് സന്തോഷം അടക്കിനിര്‍ത്താനായില്ല. സന്തോഷം കൊണ്ട് തുള്ളിച്ചാടിയ ഈ വിന്‍ഡീസ് താരം ചെന്നൈ സൂപ്പര്‍കിങ്‌സിന്റെ ഓള്‍റൗണ്ടറായ ഡ്വെയ്ന്‍ ബ്രാവോയുടെ പുറത്തുകയറി. എതിര്‍ടീമിലെ താരമായിരുന്നിട്ടും ഹെറ്റ്‌മെയര്‍ ബ്രാവോയ്‌ക്കൊപ്പം സന്തോഷം പങ്കിട്ടത് ആരാധകരുടെ മനം നിറച്ചു. ഈ വീഡിയോ ചുരുങ്ങിയ നിമിഷംകൊണ്ട് വൈറലായി. 

ക്രിക്കറ്റില്‍ മാത്രമാണ് ഇത്രയും മികച്ച സന്ദര്‍ഭങ്ങളുണ്ടാകുക എന്ന് പലരും കമന്റ് ചെയ്തു. വിന്‍ഡീസ് താരങ്ങളായ ബ്രാവോയും ഹെറ്റ്‌മെയറും ഉറ്റചങ്ങാതിമാരാണ്. ബ്രാവോയുടെ അവസാന ഓവറിലാണ് ഡല്‍ഹി വിജയം നേടിയത്. എന്നിട്ടും ഹെറ്റ്‌മെയറുടെ സന്തോഷപ്രകടനത്തെ നിറഞ്ഞ പുഞ്ചിരിയോടെയാണ് ബ്രാവോ സ്വീകരിച്ചത്. ഇരുവരുടെയും ചങ്ങാത്തം ആരാധകരുടെ മനം നിറച്ചു. 

ചെന്നൈ ഉയര്‍ത്തിയ 137 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഡല്‍ഹി 19.4 ഓവറില്‍ ഏഴുവിക്കറ്റ് നഷ്ടത്തില്‍ വിജയത്തിലെത്തി. 

Content Highlights: Hetmyer Jumps On Dwayne Bravos Back After Helping Delhi Capitals Seal Win vs Chennai