അബുദാബി: സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ മുംബൈ ഇന്ത്യന്‍സിന്റെ അവസാന ലീഗ് മത്സരം സംഭവബഹുലമായിരുന്നു. കൊല്‍ക്കത്തയെ മറികടന്ന് നാലാം സ്ഥാനം സ്വന്തമാക്കി പ്ലേ ഓഫില്‍ കടക്കണമെങ്കില്‍ 170 റണ്‍സിന്റെ വിജയമെങ്കിലും മുംബൈക്ക് സ്വന്തമാക്കണമായിരുന്നു. 

കളത്തിലിറങ്ങിയ മുംബൈക്കായി ബാറ്റര്‍മാരായ ഇഷാന്‍ കിഷനും സൂര്യകുമാര്‍ യാദവും തകര്‍ത്തടിച്ചതോടെ 235 എന്ന വമ്പന്‍ സ്‌കോറും മുംബൈ സ്വന്തമാക്കി. എങ്കിലും മത്സരത്തില്‍ 42 റണ്‍സിന്റെ ജയം മാത്രമാണ് ടീമിന് നേടാനായത്. ഇതോടെ പ്ലേ ഓഫ് കാണാതെ പുറത്താകുകയും ചെയ്തു. 

എന്നാല്‍ മുംബൈ വെടിക്കെട്ടിനിടെ ശ്രദ്ധ പിടിച്ചുപറ്റിയത് സ്റ്റേഡിയത്തില്‍ ഉയര്‍ന്ന ഒരു ബാനറായിരുന്നു. മുംബൈ ഇന്നിങ്‌സിന്റെ 12-ാം ഓവറിലാണ് ഗാലറിയില്‍ ഒരു ആരാധകന്‍ ഈ ബാനര്‍ ഉയര്‍ത്തിയത്. 

വരുന്ന ട്വന്റി 20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിന്റെ വൈസ് ക്യാപ്റ്റനായ രോഹിത്തിനോടുള്ള ഒരു ആരാധകന്റെ അപേക്ഷയായിരുന്നു ഈ ബാനര്‍. 

'രോഹിത്, ട്വന്റി 20 ലോകകപ്പില്‍ ഇന്ത്യ - പാകിസ്താന്‍ മത്സരം കാണാന്‍ രണ്ട് ടിക്കറ്റ് ആവശ്യമുണ്ട്' എന്നായിരുന്നു ബാനറിലെ ഉള്ളടക്കം. വൈകാതെ തന്നെ ഈ ബാനര്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി. 

ഒക്ടോബര്‍ 24-നാണ് ഇന്ത്യ - പാകിസ്താന്‍ ലോകകപ്പ് മത്സരം. ഇംഗ്ലണ്ടില്‍ 2019-ലെ ഏകദിന ലോകകപ്പിലാണ് ഇരു ടീമും അവസാനമായി ഏറ്റുമുട്ടിയത്. 

Content Highlights: Fan requests Rohit Sharma to arrange 2 tickets for India-Pakistan match