ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന് ഇന്ന് തുടക്കമാകുമ്പോള്‍ പല ടീമുകളും കന്നി കിരീടം ലക്ഷ്യം വെച്ചാണ് കളിക്കാനിറങ്ങുന്നത്. 2008-ല്‍ ആരംഭിച്ച ഐ.പി.എല്ലില്‍ ഏറ്റവും കൂടുതല്‍ വിജയങ്ങള്‍ നേടിയ നായകന്‍ ആര് എന്ന ചോദ്യത്തിന് ഒറ്റ ഉത്തരമേയുള്ളൂ. എം.എസ്.ധോനി. 2008-മുതല്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ നയിക്കുന്ന ധോനി മാത്രമാണ് ഐ.പി.എല്ലില്‍ 100 വിജയങ്ങള്‍ സ്വന്തമാക്കിയ ഏക നായകന്‍. ധോനിയ്ക്ക് തൊട്ടുപിന്നില്‍ ഏറ്റവുമധികം വിജയങ്ങള്‍ നേടിയ നായകന്മാര്‍ ആരൊക്കെയാണെന്ന് പരിശോധിക്കാം.

എം.എസ്. ധോനി

2008 മുതല്‍ ഒരു ടീമിനെ എല്ലാ സീസണുകളിലും നയിച്ച നായകന്‍ എന്ന റെക്കോഡ് സ്വന്തമാക്കിയാണ് ധോനി ഇത്തവണയും ചെന്നൈ സൂപ്പര്‍ കിങ്‌സിന് വേണ്ടി കളിക്കുന്നത്. ചെന്നൈയ്ക്ക് വിലക്കേര്‍പ്പെടുത്തിയ വര്‍ഷങ്ങളില്‍ താരം പുണെയുടെ നായകനായിരുന്നു. 12 സീസണുകളില്‍ ധോനി ചെന്നൈയുടെ നായകനായി. ഏറ്റവുമധികം ഐ.പി.എല്‍ മത്സരങ്ങളില്‍ നായകനായ താരം എന്ന റെക്കോഡ് ധോനിയുടെ പേരിലാണ്. 174 മത്സരങ്ങളിലാണ് താരം ചെന്നൈയുടെ നായകസ്ഥാനം ഏറ്റെടുത്തത്. അതില്‍ 105 മത്സരങ്ങളില്‍ വിജയിച്ചപ്പോള്‍ 68 മത്സരങ്ങളില്‍ പരാജയപ്പെട്ടു. ഇതുവരെ ചെന്നൈയ്ക്ക് വേണ്ടി മൂന്ന് കിരീടങ്ങള്‍ നേടാനും ധോനിയ്ക്ക് സാധിച്ചു

രോഹിത് ശര്‍മ

ധോനി കഴിഞ്ഞാല്‍ ഏറ്റവുമധികം വിജയങ്ങള്‍ നേടിയിട്ടുള്ള നായകന്‍ മുംബൈ ഇന്ത്യന്‍സിന്റെ രോഹിത് ശര്‍മയാണ് അഞ്ച് ഐ.പി.എല്‍ കിരീടങ്ങളാണ് രോഹിതിന് കീഴില്‍ മുംബൈ സ്വന്തമാക്കിയത്. നിലവിലെ ചാമ്പ്യന്മാരും മുംബൈ തന്നെയാണ്. 116 മത്സരങ്ങളില്‍ മുംബൈ ഇന്ത്യന്‍സിനെ നയിച്ച രോഹിതിന്റെ അക്കൗണ്ടില്‍ 68 വിജയങ്ങളും 44 തോല്‍വികളുമാണുള്ളത്. ഏറ്റവും മികച്ച വിജയശതമാനവും (60.34) രോഹിതിന്റെ പേരിലാണുള്ളത്.

ഗൗതം ഗംഭീര്‍

ക്രിക്കറ്റില്‍ നിന്നും വിരമിച്ചെങ്കിലും ഐ.പി.എല്ലിലെ ഏറ്റവും മികച്ച നായകന്മാരില്‍ ഒരാളാണ് ഗൗതം ഗംഭീര്‍. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ നായകസ്ഥാനം ഏറ്റെടുത്ത ഗംഭീറിന് കീഴില്‍ രണ്ട് തവണ ടീം ഐ.പി.എല്‍ കിരീടം നേടി. 2011-ല്‍ 11.04 കോടി രൂപയ്ക്ക് ടീമിലെത്തിയ ഗംഭീര്‍ 2012-ലും 2014 ലും കൊല്‍ക്കത്തയ്ക്ക് കിരീടം സമ്മാനിച്ചു. ആകെ 129 മത്സരങ്ങളില്‍ കൊല്‍ക്കത്തയെ നയിച്ച ഗംഭീര്‍ 61 വിജയങ്ങള്‍ നേടിയപ്പോള്‍ 46 തോല്‍വികള്‍ വഴങ്ങി. 

വിരാട് കോലി

2013 മുതല്‍ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിന്റെ നായകനായി തുടരുകയാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ കൂടിയായ വിരാട് കോലി. എന്നാല്‍ താരത്തിന് ഇതുവരെ ഐ.പി.എല്‍ കിരീടം നേടാനായിട്ടില്ല. കോലിയുടെ കീഴില്‍ 55 മത്സരങ്ങളില്‍ ബാംഗ്ലൂര്‍ വിജയിച്ചപ്പോള്‍ 63 മത്സരങ്ങളില്‍ പരാജയപ്പെട്ടു.

ആദം ഗില്‍ക്രിസ്റ്റ്

ക്രിക്കറ്റില്‍ നിന്നും വിരമിച്ചെങ്കിലും ഐ.പി.എല്ലിലെ കറുത്ത കുതിരകളായ ഡെക്കാന്‍ ചാര്‍ജേഴ്‌സിന്റെ നായകനായ ആദം ഗില്‍ക്രിസ്റ്റ് എക്കാലവും ആരധകരുടെ മനസ്സിലുണ്ടാകും. 2009-ല്‍ താരതമ്യേന ദുര്‍ബലരായ ഡെക്കാന്‍ ചാര്‍ജേഴ്‌സിനെ കിരീടത്തിലേക്ക് നയിച്ചത് ഓസ്‌ട്രേലിയക്കാരനായ ഗില്‍ക്രിസ്റ്റിന്റെ നായകമികവാണ്. പഞ്ചാബ് കിങ്‌സിനുവേണ്ടിയും കളിച്ചിട്ടുണ്ടെങ്കിലും താരത്തിന് മികവ് പുറത്തെടുക്കാനായില്ല. ആകെ 78 മത്സരങ്ങളില്‍ ഗില്‍ക്രിസ്റ്റ് നായകനായപ്പോള്‍ 35 മത്സരങ്ങളില്‍ വിജയിച്ചു. 39 മത്സരങ്ങളില്‍ പരാജയപ്പെട്ടു. 

Content Highlights: Captains with most wins in the history of IPL