മുംബൈ:  ഐ.പി.എല്ലിനിടെ ചൂണ്ടു വിരലിന് പരിക്കേറ്റ ബെൻ സ്റ്റോക്ക്‌സിനെ നാട്ടിലേക്ക് യാത്രയാക്കി രാജസ്ഥാൻ ടീമംഗങ്ങൾ. ഈ സീസണിലെ രാജസ്ഥാന്റെ ആദ്യ മത്സരത്തിനിടെയാണ് സ്റ്റോക്ക്‌സിന് പരിക്കേറ്റത്. പഞ്ചാബ് കിങ്‌സിനെതിരെ ആയിരുന്നു മത്സരം.

തുടർന്ന് രാജസ്ഥാൻ ടീമിനൊപ്പം തുടരാനും ഇന്ത്യയിൽ നിന്ന് ശസ്ത്രക്രിയ നടത്താനും സ്റ്റോക്ക്‌സ് ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. എന്നാൽ ഇംഗ്ലണ്ട് ആന്റ് വെയ്ൽസ് ക്രിക്കറ്റ് ബോർഡിന്റെ നിർദേശപ്രകാരം സ്റ്റോക്ക്‌സ് നാട്ടിലേക്ക് യാത്ര തിരിക്കുകയായിരുന്നു.

'ബൈ, ബെൻ. കഴിഞ്ഞ ദിവസം രാത്രി സ്‌റ്റോക്ക്‌സ് നാട്ടിലേക്ക് യാത്ര തിരിച്ചു. വിരലിനേറ്റ പരിക്കിന് ശസ്ത്രക്രിയ വേണമെന്ന് സ്‌കാനിങ്ങിൽ തെളിഞ്ഞതോടെയാണിത്. പെട്ടെന്ന് സുഖം പ്രാപിക്കട്ടെ.'  രാജസ്ഥാൻ റോയൽസ് ട്വീറ്റിൽ പറയുന്നു. ഒപ്പം സ്റ്റോക്ക്‌സിന്റെ ചിത്രവും രാജസ്ഥാൻ റോയൽസ് ട്വീറ്റ് ചെയ്തിട്ടുണ്ട്.

ഈ ട്വീറ്റിന് താഴെ നിരവധി ആരാധകർ പ്രതികരണവുമായെത്തിയിട്ടുണ്ട്. ഐ.പി.എൽ സ്റ്റോക്ക്‌സിനെ മിസ് ചെയ്യുമെന്നും സ്‌റ്റോക്ക്‌സിന്റെ അഭാവം രാജസ്ഥാന് വൻ നഷ്ടമാകുമെന്നും ആരാധകർ വ്യക്തമാക്കുന്നു.

സ്‌റ്റോക്ക്‌സിന്റെ വിരലിലെ പരിക്ക് മാറാൻ ഏകദേശം 12 ആഴ്ച്ചയോളം സമയമെടുക്കും. ഇതോടെ ഐ.പി.എല്ലിനൊപ്പം ന്യൂസിലന്റിനെതിരായ ഇംഗ്ലണ്ടിന്റെ ടെസ്റ്റ് പരമ്പരയും ഓൾറൗണ്ടർക്ക് നഷ്ടമായേക്കും.

Content Highlights: Ben Stokes Rajasthan Royals IPL2021