മുംബൈ: ഈ സീസണില്‍ പഞ്ചാബ് കിങ്‌സ് ടീമിലെത്തിച്ച ഷാരൂഖ് ഖാനെ ടീമിന്റെ പരിശീലകനും ക്രിക്കറ്റ് ഓപ്പറേഷന്‍സ് ഡയറക്ടറുമായ അനില്‍ കുംബ്ലെയ്ക്ക് നന്നേ ബോധിച്ച മട്ടാണ്. 

മുംബൈ ഇന്ത്യന്‍സിന്റെ വെസ്റ്റിന്‍ഡീസ് താരം കിറോണ്‍ പൊള്ളാര്‍ഡുമായാണ് കുംബ്ലെ ഷാരൂഖിനെ താരതമ്യം ചെയ്തത്. 

മുംബൈ ഇന്ത്യന്‍സ് ക്യാമ്പിലായിരിക്കുമ്പോള്‍ പൊള്ളാര്‍ഡിനെതിരേ പന്തെറിഞ്ഞതിന്റെ അനുഭവത്തിലാണ് താന്‍ ഇക്കാര്യം പറയുന്നതെന്ന് കുംബ്ലെ വ്യക്തമാക്കി. 25-കാരനായ ഷാരൂഖ് ചെന്നൈ സ്വദേശിയാണ്. 

''അവനെ (ഷാരൂഖ് ഖാന്‍) കാണുമ്പോള്‍ എനിക്ക് പൊള്ളാര്‍ഡിനെയാണ് ഓര്‍മ വരിക. ഞാന്‍ മുംബൈ ഇന്ത്യന്‍സിനൊപ്പമായിരുന്നപ്പോള്‍ പൊള്ളാര്‍ഡിനെതിരേ നെറ്റ്‌സില്‍ പന്തെറിഞ്ഞിട്ടുണ്ട്. നെറ്റ്‌സില്‍ പൊള്ളാര്‍ഡ് അപകടകാരിയാണ്. നേരേ പന്തടിക്കരുതെന്ന് അദ്ദേഹത്തോട് ഞാന്‍ പറയും. ഇവിടെ ഞാന്‍ അതൊന്നും ശ്രമിച്ച് നോക്കാറില്ല. പ്രായമായി, ബൗള്‍ ചെയ്യുന്നത് ശരീരം താങ്ങില്ല. എന്തായാലും ഷാരൂഖിനെതിരേ ഞാന്‍ പന്തെറിയില്ല.'' - കുംബ്ലെ പറഞ്ഞു.

ഡല്‍ഹി ക്യാപ്പിറ്റല്‍സ്, റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ എന്നിവരുമായി ഇഞ്ചോടിഞ്ച് പൊരുതിയാണ് ലേലത്തില്‍ 5.25 കോടി രൂപയ്ക്ക് ഷാരൂഖിനെ പഞ്ചാബ് സ്വന്തമാക്കിയത്.

Content Highlights: Shahrukh Khan reminds me a bit of Kieron Pollard says Anil Kumble