ന്യൂഡല്‍ഹി: സഞ്ജു സാംസണ്‍ അനുഭവസമ്പത്തുള്ള കളിക്കാരനാണെന്നും അദ്ദേഹത്തെ ഒരു യുവ ക്യാപ്റ്റനായി കാണുന്നില്ലെന്നും രാജസ്ഥാന്‍ റോയല്‍സിന്റെ ദക്ഷിണാഫ്രിക്കന്‍ താരം ക്രിസ് മോറിസ്. 

സഞ്ജുവിനൊപ്പം നേരത്തെ രാജസ്ഥാന്‍ റോയല്‍സിലും ഡല്‍ഹി ടീമിലും ഒന്നിച്ചു കളിച്ച താരമാണ് മോറിസ്. ''സഞ്ജുവുമായി മികച്ച ബന്ധമാണ് എനിക്കുള്ളത്, അത് ഭാഗ്യമാണ്. രാജസ്ഥാനിലും ഡല്‍ഹി ടീമിലും അദ്ദേഹത്തിനൊപ്പം ഞാന്‍ ബാറ്റ് ചെയ്തിട്ടുണ്ട്. സഞ്ജുവിനെ ഞാനൊരു യുവ ക്യാപ്റ്റനായി കാണുന്നില്ല, മറിച്ച് ഗൗരവമുളള മികച്ച ക്രിക്കറ്റ് കളിക്കാരനായാണ് കാണുന്നത്. മികച്ച ക്രിക്കറ്റ് ബ്രെയിനുള്ള താരമാണ് അദ്ദേഹം.'' - മോറിസ് പറഞ്ഞു. 

''കളിയെ ഗൗരവമായി കാണുന്നയാളാണ് സഞ്ജു. പുതിയ ക്യാപ്റ്റന്റെ കീഴില്‍ കളിക്കാന്‍ ഞാന്‍ കാത്തിരിക്കുകയാണ്. എന്റെ 100 ശതമാനം പിന്തുണയും അദ്ദേഹത്തിന് നല്‍കും. ഇത്തവണത്തേത് ആവേശകരമായ ടൂര്‍ണമെന്റായിരിക്കുമെന്ന് ഞാന്‍ കരുതുന്നു.''- മോറിസ് കൂട്ടിച്ചേര്‍ത്തു.

Content Highlights: Sanju Samson not a young captain but great cricket brain says Chris Morris