ന്യൂഡല്‍ഹി:  സമ്മര്‍ദ്ദങ്ങളെല്ലാം മറികടന്ന് ക്യാപ്റ്റന്‍സി ആസ്വദിക്കാന്‍ തുടങ്ങിയെന്ന് ഐ.പി.എല്‍ ടീം ഡല്‍ഹി ക്യാപിറ്റല്‍സിന്റെ ക്യാപ്റ്റനും യുവതാരവുമായ ഋഷഭ് പന്ത്. ഐ.പി.എല്ലില്‍ ഡല്‍ഹിയെ രണ്ടാം വിജയത്തിലേക്ക് നയിച്ചശേഷം സംസാരിക്കുകയായിരുന്നു പന്ത്. തോളിനേറ്റ പരിക്കിനെ തുടര്‍ന്ന് ക്യാപ്റ്റനായിരുന്ന ശ്രേയസ് അയ്യര്‍ ടീം വിട്ടതോടെയാണ് ഋഷഭ് പന്ത് പുതിയ ക്യാപ്റ്റനായത്.

'ഞാന്‍ ക്യാപ്റ്റന്‍സി ആസ്വദിക്കാന്‍ തുടങ്ങിയിട്ടുണ്ട്. പഞ്ചാബിനെതിരായ മത്സരത്തിന്റെ നല്ല സമ്മര്‍ദ്ദമുണ്ടായിരുന്നു. അവര്‍ക്ക് മികച്ച തുടക്കവുമാണ് ലഭിച്ചത്.'വാംഖഡെ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തിനുശേഷം സ്റ്റാര്‍ സ്പോര്‍ട്സിനോട് സംസാരിക്കുകയായിരുന്നു പന്ത്. മത്സരത്തില്‍ ആറു വിക്കറ്റിന് ഡല്‍ഹി പഞ്ചാബിനെ തോല്‍പ്പിച്ചു.

മായങ്ക് അഗര്‍വാളിന്റെ പ്രകടനത്തില്‍ പഞ്ചാബ് മികച്ച സ്‌കോര്‍ നേടിയെങ്കിലും ധവാന്റെ 92 റണ്‍സിന്റെ ഇന്നിങ്സ് ഡല്‍ഹിക്ക് വിജയം സമ്മാനിക്കുകയായിരുന്നു. 196 റണ്‍സിലേക്ക് ബാറ്റേന്തിയ ഡല്‍ഹി പത്ത് പന്ത് ശേഷിക്കെ വിജയത്തിലെത്തി.

'പഞ്ചാബിനെ 195 റണ്‍സില്‍ ഒതുക്കി ബൗളര്‍മാര്‍ മികച്ച പ്രകടനമാണ് പുറത്തെടുത്തത്. ശിഖര്‍ ധവാന്റെ പ്രകടനം കൂടി ആയതോടെ ഡല്‍ഹി വിജയതീരത്തെത്തി. ഇത്തരത്തില്‍ സമ്മര്‍ദ്ദങ്ങളില്ലാതെ ആസ്വദിച്ചു കളിക്കുന്ന സാഹചര്യമാണ് ടീമംഗങ്ങള്‍ക്ക് ഒരുക്കികൊടുക്കുന്നത്. എന്നാലേ അവര്‍ അവസരങ്ങള്‍ മികച്ച രീതിയില്‍ പ്രയോജനപ്പെടുത്തൂ.'  പന്ത് വ്യക്തമാക്കുന്നു.

Content Highlights: Rishabh Pant IPL 2021 Delhi Capitals Cricket