മുംബൈ: ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ഋഷഭ് പന്ത് എം.എസ്.ധോനിയേക്കാള്‍ മികച്ച താരമാകുമെന്ന് വെളിപ്പെടുത്തി മുന്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ പാര്‍ഥിവ് പട്ടേല്‍. ഡല്‍ഹി ക്യാപിറ്റല്‍സിന്റെ നായകനായ പന്ത് ടീമിന്റെ കുന്തമുനയാണെന്നും താരത്തിന് ഐ.പി.എല്ലില്‍ നന്നായി തിളങ്ങാനാകുമെന്നും പാര്‍ഥിവ് വ്യക്തമാക്കി.

' ഏറെ ആത്മവിശ്വാസത്തോടെയാണ് ഋഷഭ് പന്ത് കളിക്കുന്നത്. അദ്ദേഹത്തെ ധോനിയുമായി നിരവധിപേര്‍ താരതമ്യപ്പെടുത്തുന്നത് ശ്രദ്ധയില്‍പ്പെട്ടു. ധോനിയെപ്പോലെയാകാന്‍ പന്ത് കഷ്ടപ്പെടേണ്ട കാര്യമില്ല. അദ്ദേഹം ധോനിയേക്കാളും മികച്ച പ്രകടനം ഇന്ത്യയ്ക്ക് വേണ്ടി പുറത്തെടുക്കും. ഡല്‍ഹി ക്യാപിറ്റല്‍സിനെ കിരീടത്തിലേക്ക് നയിക്കാന്‍ പന്തിന് സാധിക്കും.'-പാര്‍ഥിവ് വ്യക്തമാക്കി

ഇന്ന് ഇന്ത്യയ്ക്ക് വേണ്ടി മൂന്നു ഫോര്‍മാറ്റിലും തിളങ്ങാന്‍ പന്തിന് സാധിക്കുന്നുണ്ടെന്നും അദ്ദേഹം കരിയര്‍ തുടങ്ങിയിട്ടേയുള്ളൂവെന്നും പാര്‍ഥിവ് കൂട്ടിച്ചേര്‍ത്തു. 

ശ്രേയസ് അയ്യരുടെ അഭാവത്തില്‍ ഇത്തവണ ഡല്‍ഹി ക്യാപിറ്റല്‍സിനെ ഋഷഭ് പന്താണ് നയിക്കുന്നത്. ഏപ്രില്‍ 10 ന് നടക്കുന്ന ആദ്യ മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സാണ് ഡല്‍ഹി ക്യാപിറ്റല്‍സിന്റെ എതിരാളി. ധോനിയും പന്തും നേര്‍ക്കുനേര്‍ വരുന്നു എന്ന പ്രത്യേകതയുണ്ട് ഈ മത്സരത്തിന്.

Content Highlights: Pant doesn't have to worry about being like MS Dhoni, can be better, says Parthiv