ന്യൂഡല്‍ഹി: ഐ.പി.എല്‍ ഈ മാസം തുടങ്ങാനിരിക്കേ ഓസ്‌ട്രേലിയന്‍ പേസ് ബൗളര്‍ ജോഷ് ഹാസില്‍വുഡ് നാട്ടിലേക്ക് മടങ്ങിയത് ചെന്നൈ സൂപ്പര്‍ കിങ്‌സിന് വലിയ തലവേദനയാണ് സൃഷ്ടിച്ചിരിക്കുന്നത്. കുടുംബത്തിനൊപ്പം സമയം ചെലവഴിക്കുന്നതിനുവേണ്ടിയാണ് താരം നാട്ടിലേക്ക് മടങ്ങിയത്.

എന്നാല്‍ ഹാസില്‍വുഡിന്റെ വിടവ് നികത്താന്‍ ദക്ഷിണാഫ്രിക്കൻ പേസ് ബൗളര്‍ ലുങ്കി എന്‍ഗിഡിയ്ക്ക് സാധിക്കുമെന്ന് അഭിപ്രായപ്പെട്ട് മുന്‍ ഓസ്‌ട്രേലിയന്‍ സ്പിന്നര്‍ ബ്രാഡ് ഹോഗ് രംഗത്തെത്തി. 

'ചെന്നൈ സൂപ്പര്‍ കിങ്‌സിന് മികച്ച ബൗളിങ്‌നിരയാണുള്ളത്. ഹാസില്‍വുഡ് നാട്ടിലേക്ക് മടങ്ങിയെങ്കിലും ആ വിടവ് നികത്താന്‍ ലുങ്കി എന്‍ഗിഡിയ്ക്ക് സാധിക്കും.'ബ്രാഡ് ഹോഗ് പറഞ്ഞു.

കഴിഞ്ഞ സീസണില്‍ ഹാസില്‍വുഡ് ചെന്നൈയ്ക്ക് വേണ്ടി വെറും മൂന്ന് മത്സരങ്ങളില്‍ മാത്രമാണ് കളിച്ചിട്ടുള്ളത്. ഇത്തവണ താരത്തിന് പുറമേ മോയിന്‍ അലി, സാം കറന്‍, ലുങ്കി എന്‍ഗിഡി, ഡ്വെയ്ന്‍ ബ്രാവോ എന്നിവരാണ് ചെന്നൈയുടെ മറ്റ് വിദേശ ബൗളര്‍മാര്‍. 

ഏപ്രില്‍ 10 നാണ് ചെന്നൈയുടെ ഈ സീസണിലെ ആദ്യമത്സരം. ഋഷഭ് പന്ത് നയിക്കുന്ന ഡല്‍ഹി ക്യാപിറ്റല്‍സാണ് ചെന്നൈയുടെ ആദ്യ മത്സരത്തിലെ എതിരാളി. കഴിഞ്ഞ സീസണില്‍ ഏഴാം സ്ഥാനത്താണ് ചെന്നൈ സീസണ്‍ അവസാനിപ്പിച്ചത്.

Content Highlights: IPL 2021: Ngidi will fill Hazlewood's void, CSK look fairly strong, says Hogg