ന്യൂഡല്‍ഹി:  ഇന്ത്യന്‍ ക്രിക്കറ്റ് താരം വൃദ്ധിമാന്‍ സാഹ വീണ്ടും കോവിഡ് പോസറ്റീവ്. സണ്‍റൈസേഴ്‌സ് ഹൈദരാബാദ് താരമായ സാഹയ്ക്ക് ഐപിഎല്ലിനിടെയാണ് കോവിഡ് സ്ഥിരീകരിച്ചത്‌. തുടര്‍ന്ന് താരം ക്വാറന്റീനിൽ കഴിഞ്ഞു. അതിനുശേഷം നടത്തിയ പരിശോധനയില്‍ സാഹ നെഗറ്റീവ് ആയിരുന്നു. എന്നാല്‍ രണ്ടാം പരിശോധനയില്‍ വീണ്ടും കോവിഡ് സ്ഥിരീകരിക്കുകയായിരുന്നു. 

നിലവില്‍ ഡല്‍ഹിയില്‍ ഐസൊലേഷനില്‍ കഴിയുകയാണ് സാഹ. മെയ് നാലിനാണ് സാഹയ്ക്ക് കോവിഡ് പോസറ്റീവായെന്ന വാര്‍ത്ത പുറത്തുവരുന്നത്. എന്നാല്‍ മെയ് ഒന്നിനു തന്നെ താരത്തിന് കോവിഡ് ലക്ഷണങ്ങളുണ്ടായിരുന്നു. അന്നുതന്നെ ടെസ്റ്റിന് വിധേയമാകുകയും ചെയ്തു. 

രണ്ടാം തവണയും പോസറ്റീവായ സ്ഥിതിക്ക് ഇനി നെഗറ്റീവ് ഫലം വന്ന് ക്വാറന്റീൻ കാലാവധി പൂര്‍ത്തിയാക്കിയതിനുശേഷമേ ഹൈദരാബാദ് താരത്തിന് പുറത്തിറങ്ങാനാകൂ. 

ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ബാറ്റിങ് കോച്ചും മുന്‍ ഓസീസ് താരവുമായ മൈക്ക് ഹസ്സിയും കോവിഡ് നെഗറ്റീവ് ആയ ശേഷം രണ്ടാം ടെസ്റ്റില്‍ പോസിറ്റീവ് ആയിരുന്നു. ഇതേതുടര്‍ന്ന് ഹസ്സി മാലിദ്വീപിലെ ഓസീസ് സംഘത്തോടൊപ്പം ചേരാന്‍ വൈകിയിരുന്നു. ഈ ഞായറാഴ്ച്ച ഓസ്‌ട്രേലിയന്‍ സംഘം മാലിദ്വീപില്‍ നിന്ന് നാട്ടിലേക്ക് തിരിക്കും. 

Content Highlights: Wriddhiman Saha Tests Positive For Corona Virus For Second Time