ചെന്നൈ: കായികതാരങ്ങളില്‍ പലര്‍ക്കും പല വിശ്വാസങ്ങളുമുണ്ട്. ഭാഗ്യം പല രൂപത്തിലും കടന്നുവരാം എന്ന് ഇവര്‍ വിശ്വസിക്കുന്നു. ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളായ സച്ചിന്‍ തെണ്ടുല്‍ക്കറും എം.എസ് ധോനിയും ഇക്കാര്യത്തില്‍ വ്യത്യസ്തരല്ല. ബാറ്റിങ്ങിനിറങ്ങും മുമ്പ് ഇടതുകാലില്‍ ആദ്യം പാഡ് കെട്ടുന്നതാണ് സച്ചിന്റെ ഭാഗ്യമന്ത്രം. 2011 ലോകകപ്പ് ഫൈനലില്‍ രണ്ടാം ഇന്നിങ്‌സിനിടെ ഡ്രസ്സിങ് റൂമില്‍ നിന്ന്  ആരേയും എഴുന്നേല്‍ക്കാനും സച്ചിന്‍ സമ്മതിച്ചിട്ടില്ല. അതും ഭാഗ്യം പരീക്ഷിച്ചതിന്റെ മറ്റൊരു ഉദാഹരണം.

ഇന്ത്യയുടെ മുന്‍ക്യാപ്റ്റന്‍ എം.എസ് ധോനിയും ഇക്കാര്യത്തില്‍ പിന്നിലല്ല. മത്സത്തിനു മുമ്പ് ധോനി സഹതാരങ്ങള്‍ക്കൊന്നും വിജയാശംസ നേരാറില്ല. ഇന്ത്യയുടെ മുന്‍ സ്പിന്നറും ഐ.പി.എല്‍ ഗവേണിങ് കൗണ്‍സില്‍ മെമ്പറുമായ പ്രഗ്യാന്‍ ഓജയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. 

'മത്സരത്തിനു മുമ്പ് എംഎസ്ഡി ആര്‍ക്കും വിജയാശംസ നേരാറില്ല. ആശംസ നേര്‍ന്നാല്‍ മത്സരം അവസാനിക്കുക പ്രതീക്ഷിച്ചതുപോലെയാകില്ല എന്നതാണ് ധോനിയുടെ വിശ്വാസം. ആദ്യം ഇത്തരത്തില്‍ ആശംസ നേര്‍ന്നപ്പോഴെല്ലാം മത്സരത്തില്‍ പരാജയപ്പെട്ടിരുന്നു. പിന്നീട് ധോനി ആ ശീലം ഉപേക്ഷിച്ചു.'  ഓജ പറയുന്നു.  അതുപോലെ ഐ.പി.എല്ലില്‍ ആരാധകര്‍ക്ക് മാച്ച് ബോളില്‍ ഒപ്പിട്ടു നല്‍കിയ ശേഷം ആ പേന സൂക്ഷിക്കുന്ന പതിവും ധോനിക്കുണ്ട്.

ഐ.പി.എല്‍ ഈ സീസണില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ തുടക്കം തോല്‍വിയോടെയായിരുന്നു. ധോനിയുടെ ടീം ഡല്‍ഹി ക്യാപിറ്റല്‍സിനോട് തോറ്റെങ്കിലും പിന്നീടുള്ള രണ്ട് മത്സരവും വിജയിച്ചു. 

Content Highlites: Why MS Dhoni never wishes teammates ahead of a match