ഐ.പി.എല്‍ ഫോട്ടോ ഫിനിഷിലേക്ക് നീങ്ങുകയാണ്. ഈ സീസണില്‍ ഇനി വെറും ആറ് ലീഗ് സ്റ്റേജ് മത്സരങ്ങള്‍ മാത്രമാണ് അവശേഷിക്കുന്നത്. ഡല്‍ഹി ക്യാപിറ്റല്‍സ്, ചെന്നൈ സൂപ്പര്‍ കിങ്‌സ്, റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ എന്നീ ടീമുകള്‍ ഇതിനോടകം പ്ലേ ഓഫില്‍ പ്രവേശിച്ചിട്ടുണ്ട്. ഇനി ഒരു ടീമിനും കൂടി പ്ലേ ഓഫിലേക്ക് പ്രവേശിക്കാം. അതിനുവേണ്ടി നാല് ടീമുകളാണ് പോരടിക്കുന്നത്. 

മലയാളി താരം സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സും പ്ലേ ഓഫിനായി പോരാടുകയാണ്. രാജസ്ഥാന് പുറമേ പഞ്ചാബ് കിങ്‌സ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്, മുംബൈ ഇന്ത്യന്‍സ് എന്നീ ടീമുകള്‍ക്കും പ്രതീക്ഷയുണ്ട്. 

രാജസ്ഥാന് പ്ലേ ഓഫില്‍ കടക്കണമെങ്കില്‍ ഇനിയുള്ള രണ്ട് മത്സരങ്ങളിലും വിജയിച്ചാല്‍ മതി. കഴിഞ്ഞ സീസണില്‍ ആകെ ആറ് വിജയങ്ങള്‍ മാത്രം നേടിയ ടീം ഇത്തവണ 12 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയപ്പോള്‍ അഞ്ചെണ്ണത്തില്‍ വിജയം നേടി. നിലവില്‍ 10 പോയന്റാണ് സഞ്ജുവിനും സംഘത്തിനുമുള്ളത്. -0.337 ആണ് നെറ്റ് റണ്‍റേറ്റ്. 

ഇന്ന് നടക്കുന്ന മത്സരത്തില്‍ രാജസ്ഥാന്‍ മുംബൈ ഇന്ത്യന്‍സിനെയാണ് നേരിടുക. ഇന്ന് ജയിച്ചാല്‍ രാജസ്ഥാന്‍ പ്ലേ ഓഫിലേക്ക് ഒരുപടി കൂടി അടുക്കും. ഇന്നത്തെ മത്സരത്തില്‍ വിജയിച്ചാല്‍ മാത്രമേ ടീമിന് പ്ലേ ഓഫ് സാധ്യത നിലനിര്‍ത്താനാകൂ. അതുകൊണ്ടുതന്നെ ഏതുവിധേനയും രാജസ്ഥാന് ജയിച്ചേ തീരൂ. 

ഇന്ന് ജയിച്ചാല്‍ രാജസ്ഥാന്‍ പോയന്റ് ടേബിളില്‍ അഞ്ചാം സ്ഥാനത്തെത്തും. അടുത്ത മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സാണ് രാജസ്ഥാന്റെ എതിരാളി. കൊല്‍ക്കത്തയ്ക്ക് മികച്ച റണ്‍റേറ്റുണ്ട്. എന്നാലും കൊല്‍ക്കത്തയെ കീഴടക്കിയാല്‍ രാജസ്ഥാന് അനായാസം പ്ലേ ഓഫില്‍ കയറാനാകും. ചുരുക്കത്തില്‍ വരാനിരിക്കുന്ന രണ്ട് മത്സരങ്ങളിലും വിജയം നേടിയാല്‍ സഞ്ജുവിനും സംഘത്തിനും ഫൈനലിലേക്ക് മുന്നേറാം. 

Content Highlights: What Rajasthan Royals need to do to qualify for IPL 2021 playoffs