ന്യൂഡല്‍ഹി: ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരബാദിന്റെ ദയനീയ ബാറ്റിങ് പ്രകടനത്തെ പരിഹസിച്ച് മുന്‍ ഇന്ത്യന്‍ താരം വീരേന്ദര്‍ സെവാഗ്. ഹൈദരാബാദ് ഇന്നിങ്‌സിലെ അവസാന നാല് ഓവറിലെ ബാറ്റിങ് കണ്ട് താന്‍ ഉറങ്ങിപ്പോയെന്നായിരുന്നു സെവാഗിന്റെ പരിഹാസം. 'വിരുഗിരി ഡോട്ട് കോം' എന്ന പേരില്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ ആയിരുന്നു സെവാഗിന്റെ പ്രതികരണം. 

'സാഹയേയും ജേസണ്‍ റോയിയേയും ഓപ്പണര്‍മാരാക്കിയാണ് ഹൈദരാബാദ് തുടങ്ങിയത്. പക്ഷേ വളരെ പെട്ടെന്നുതന്നെ രണ്ടു പേരും പവലിയനിലെത്തി. അതിനുശേഷം വില്ല്യംസണും പ്രിയം ഗാര്‍ഗും കുറച്ചുനേരം പിടിച്ചുനിന്നു. പക്ഷേ വിക്കറ്റിന് വേഗത കുറവായിരുന്നു. വില്ല്യംസണ്‍ 26 റണ്‍സെടുത്തു. ഗാര്‍ഗ് 21 റണ്‍സും.

ഇവര്‍ രണ്ടുപേരും പുറത്തായ ശേഷം മൂന്നു സിക്‌സ് നേടി അബ്ദുല്‍ സമദാണ് ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തത്. എന്നാല്‍ 25 റണ്‍സുമായി സമദും പുറത്തായി. പിന്നീട് വന്നവരുടെ പ്രകടനം കണ്ടാല്‍ അവര്‍ ഉറക്ക ഗുളികയാണെന്ന് തോന്നിപ്പോകും. അവസാന നാല് ഓവറിലെ ബാറ്റിങ് കണ്ട് ഞാന്‍ ഉറങ്ങിപ്പോയി. ഉണരുമ്പോള്‍ ഹൈദരാബാദ് 20 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 115 റണ്‍സ് എന്ന നിലയിലായിരുന്നു.' സെവാഗ് വീഡിയോയില്‍ പറയുന്നു. 

കൊല്‍ക്കത്തയ്‌ക്കെതിരേ ആദ്യം ബാറ്റു ചെയ്ത ഹൈദരാബാദ് നേടിയത് 115 റണ്‍സ് മാത്രമാണ്. അവരുടെ നിരയില്‍ ഒരാള്‍ക്കുപോലും 30 റണ്‍സ് പിന്നിടാനായില്ല. അവസാന അഞ്ച് ഓവറില്‍ ഹൈദരാബാദ് നേടിയത് 36 റണ്‍സ് മാത്രമാണ്. മത്സരത്തില്‍ കൊല്‍ക്കത്ത ആറു വിക്കറ്റിന് വിജയിക്കുകയും ചെയ്തു.

Content Highlights: Virender Sehwag takes a dig at SRHs dismal batting vs KKR