ചെന്നൈ:  ഐ.പി.എല്‍ ഈ സീസണിലെ ആദ്യ സൂപ്പര്‍ ഓവറിനാണ് കഴിഞ്ഞ ദിവസം ചെന്നൈ ചെപ്പോക്ക് സ്‌റ്റേഡിയം സാക്ഷ്യം വഹിച്ചത്. മത്സരത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ പരാജയപ്പെടുത്തി. 

ഈ തോല്‍വിക്ക് പിന്നാലെ സൂപ്പര്‍ ഓവറില്‍ ഹൈദരാബാദ് ബെയര്‍സ്‌റ്റോയെ ഇറക്കാത്തതില്‍ വിമര്‍ശനവുമായി നിരവധി പേര്‍ രംഗത്തെത്തി. കെയ്ന്‍ വില്ല്യംസണും ബെയര്‍‌സ്റ്റോയും സൂപ്പര്‍ ഓവറില്‍ ഇറങ്ങുമെന്നായിരുന്നു എല്ലാവരും പ്രതീക്ഷിച്ചത്. എന്നാല്‍ വില്ല്യംസണൊപ്പം ഡേവിഡ് വാര്‍ണറാണ് ക്രീസിലിറങ്ങിയത്. 

18 പന്തില്‍ 38 റണ്‍സെടുത്ത ബെയര്‍‌സ്റ്റോയ്ക്ക് പകരം വാര്‍ണറെ ഇറക്കിയത് ഇന്ത്യയുടെ മുന്‍താരം വീരേന്ദര്‍ സെവാഗിനേയും ചൊടിപ്പിച്ചു. ബെയര്‍‌സ്റ്റോ ടോയ്‌ലറ്റില്‍ ഒന്നും ആയിരുന്നില്ലല്ലോ എന്നായിരുന്നു സെവാഗിന്റെ ചോദ്യം. ബെയര്‍സ്‌റ്റോ ടോയ്‌ലറ്റില്‍ പോയിരിക്കുന്ന സാഹചര്യത്തിലൊഴികെ അയാള്‍ക്ക് പകരം മറ്റൊരാളെ ഇറക്കിയത് എന്തിനാണ്?  അതും 18 പന്തില്‍ 38 റണ്‍സെടുത്ത മികച്ച ഇന്നിങ്‌സിന് ശേഷം. ഹൈദരാബാദ് നന്നായി പൊരുതി. പക്ഷേ ഈ തോല്‍വിക്ക് അവര്‍ സ്വയം പഴിക്കുകയേ നിവൃത്തിയൂള്ളു. സെവാഗ് ട്വീറ്റില്‍ പറയുന്നു. 

Content Highlights: Virender Sehwag Jonny Bairstow IPL 2021