ബെംഗളൂരു: 2021 ഐപിഎല്ലിലെ ആദ്യ അര്‍ധ സെഞ്ചുറി മകള്‍ വാമികയ്ക്ക് സമര്‍പ്പിച്ച് ആര്‍സിബി ക്യാപ്റ്റന്‍ വിരാട് കോലി. 50 റണ്‍സ് പൂര്‍ത്തിയാക്കിയതിന് പിന്നാലെ തൊട്ടിലാട്ടുന്നതു പോലെ അഭിനയിച്ചാണ് കോലി നേട്ടം ആഘോഷിച്ചത്. മകള്‍ വാമികയ്ക്കുള്ള സമ്മാനമായിരുന്നു ആ തൊട്ടിലാട്ടല്‍.

രാജസ്ഥാന്‍ റോയല്‍സിനെതിരായ മത്സരത്തിലാണ് കോലി അര്‍ധ സെഞ്ചുറി നേടിയത്. ആര്‍സിബി ഇന്നിങ്‌സിലെ 13-ാം ഓവറിലെ രണ്ടാം പന്തില്‍ കോലി ഫിഫ്റ്റി പൂര്‍ത്തിയാക്കി. പിന്നാലെ ഡഗ്ഔട്ടിലിരിക്കുന്ന സഹതാരങ്ങള്‍ക്കു നേരെ ബാറ്റുയര്‍ത്തി. അതിനുശേഷം കുഞ്ഞിനെ കിടത്തി തൊട്ടില്‍ ആട്ടുന്നതു പോലെ അഭിനയിച്ചു. മത്സരത്തില്‍ പത്ത് വിക്കറ്റിന് ആര്‍സിബി രാജസ്ഥാനെ തോല്‍പ്പിച്ചിരുന്നു.

2021 ജനുവരിയിലാണ് കോലിക്കും അനുഷ്‌ക ശര്‍മയ്ക്കും മകള്‍ പിറന്നത്. അനുഷ്‌കയും മകളും കോലിക്കൊപ്പം തന്നെയുണ്ട്. ഈ സീസണിലെ ഐ.പി.എല്ലില്‍ താരങ്ങളോടൊപ്പം കുടുംബാഗങ്ങള്‍ക്കും യാത്ര ചെയ്യാം.

Content Highlights: Virat Kohlis cradle celebration for daughter Vamika