ഷാര്‍ജ: ട്വന്റി 20 ക്രിക്കറ്റില്‍ അപൂര്‍വമായ ഒരു നേട്ടത്തിനരികിലെത്തിയിരിക്കുകയാണ് ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിന്റെയും ഇന്ത്യന്‍ ടീമിന്റെയും നായകനായ വിരാട് കോലി. ഇന്ന് ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരായ മത്സരത്തില്‍ 66 റണ്‍സ് നേടാനായാല്‍ കോലി ചരിത്രത്തില്‍ ഇടം നേടും.

ചരിത്രത്തിലാദ്യമായി ട്വന്റി 20 യില്‍ 10000 റണ്‍സ് തികയ്ക്കുന്ന ആദ്യ ഇന്ത്യന്‍ താരം എന്ന റെക്കോഡ് കോലിയ്ക്ക് സ്വന്തമാക്കാം. ഐ.പി.എല്ലും അന്താരാഷ്ട്ര ട്വന്റി 20 മത്സരങ്ങളും ഉള്‍പ്പെടെയാണിത്. 

നിലവില്‍ കോലിയുടെ അക്കൗണ്ടില്‍ 9934 റണ്‍സാണുള്ളത്. ഇന്ന് 66 റണ്‍സ് നേടിയാല്‍ കോലിയ്ക്ക് ഈ അപൂര്‍വ നേട്ടം സ്വന്തമാക്കാം. 312 മത്സരങ്ങളില്‍ നിന്ന് 41.56 ബാറ്റിങ് ശരാശരിയിലാണ് കോലി 9934 റണ്‍സ് നേടിയിരിക്കുന്നത്. 

ലോകത്തില്‍ ഈ നേട്ടം കൈവരിക്കുന്ന അഞ്ചാമത്തെ മാത്രം താരമാകും കോലി. ക്രിസ് ഗെയ്ല്‍, കീറോണ്‍ പൊള്ളാര്‍ഡ്, ഷൊഹൈബ് മാലിക്ക്, ഡേവിഡ് വാര്‍ണര്‍ എന്നിവരാണ് ഇതിനുമുന്‍പ് ഈ നേട്ടം സ്വന്തമാക്കിയിട്ടുള്ളത്. ആദ്യമായി ഈ നേട്ടത്തിലെത്തിയ താരം വെസ്റ്റ് ഇന്‍ഡീസിന്റെ ക്രിസ് ഗെയ്‌ലാണ്. 

നിലവില്‍ ട്വന്റി 20 യില്‍ ലോകത്തിലേറ്റവുമധികം റണ്‍സ് നേടിയ താരം ഗെയ്‌ലാണ്. 446 മത്സരങ്ങളില്‍ നിന്ന് 14261 റണ്‍സാണ് താരം സ്വന്തം പേരില്‍ കുറിച്ചത്. പൊള്ളാര്‍ഡ് 11195 റണ്‍സും മാലിക്ക് 10808 റണ്‍സും വാര്‍ണര്‍ 10017 റണ്‍സും സ്വന്തമാക്കി. 

ഈ പട്ടികയില്‍ കോലിയ്ക്ക് പിന്നിലുള്ള രണ്ടാമത്തെ ഇന്ത്യന്‍ താരം മുംബൈ ഇന്ത്യന്‍സ് നായകന്‍ രോഹിത് ശര്‍മയാണ്. 351 മത്സരങ്ങളില്‍ നിന്ന് 9348 റണ്‍സാണ് താരം സ്വന്തമാക്കിയത്. 

Content Highlights: Virat Kohli on the cusp of huge milestone in t 20 cricket