ദുബായ്: റെക്കോഡുകളുടെ കളിത്തോഴനായ വിരാട് കോലി വീണ്ടും ക്രിക്കറ്റില്‍ ചരിത്രം കുറിച്ചു. ട്വന്റി 20 മത്സരങ്ങളില്‍ 10000 റണ്‍സ് തികയ്ക്കുന്ന ആദ്യ ഇന്ത്യന്‍ താരം എന്ന റെക്കോഡ് കോലി സ്വന്തമാക്കി. ഐ.പി.എല്ലില്‍ മുംബൈ ഇന്ത്യന്‍സിനെതിരായ മത്സരത്തിലൂടെയാണ് ഇന്ത്യയുടെയും റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെയും നായകനായ കോലി ഈ നേട്ടം സ്വന്തമാക്കിയത്. 

അന്താരാഷ്ട്ര മത്സരങ്ങളും ഐ.പി.എല്‍ മത്സരങ്ങളും ഉള്‍പ്പെടെയാണിത്. 314 മത്സരങ്ങളില്‍ നിന്നാണ് താരം 10000 റണ്‍സ് നേടിയത്. മുംബൈയ്‌ക്കെതിരായ മത്സരത്തിലെ നാലാം ഓവറില്‍ ജസ്പ്രീത് ബുംറയുടെ പന്ത് സിക്‌സടിച്ചുകൊണ്ട് രാജകീയമായാണ് കോലി ഈ നേട്ടത്തിലെത്തിയത്. 

314 മത്സരങ്ങള്‍ കളിച്ചെങ്കിലും 298 ഇന്നിങ്‌സുകള്‍ മാത്രമാണ് കോലി 10000 റണ്‍സ് തികയ്ക്കാന്‍ വേണ്ടി എടുത്തത്. അതില്‍ അഞ്ച് സെഞ്ചുറികളും 73 അര്‍ധസെഞ്ചുറികളും ഉള്‍പ്പെടും. 41.61 ആണ് കോലിയുടെ ശരാശരി. 

ലോകത്തില്‍ ഈ നേട്ടം കൈവരിക്കുന്ന അഞ്ചാമത്തെ മാത്രം താരമാണ് കോലി. ക്രിസ് ഗെയ്ല്‍, കീറോണ്‍ പൊള്ളാര്‍ഡ്, ഷൊഹൈബ് മാലിക്ക്, ഡേവിഡ് വാര്‍ണര്‍ എന്നിവരാണ് ഇതിനുമുന്‍പ് ഈ നേട്ടം സ്വന്തമാക്കിയിട്ടുള്ളത്. ആദ്യമായി ഈ നേട്ടത്തിലെത്തിയ താരം വെസ്റ്റ് ഇന്‍ഡീസിന്റെ ക്രിസ് ഗെയ്ലാണ്. 

നിലവില്‍ ട്വന്റി 20 യില്‍ ലോകത്തിലേറ്റവുമധികം റണ്‍സ് നേടിയ താരം ഗെയ്ലാണ്. 447 മത്സരങ്ങളില്‍ നിന്ന് 14275 റണ്‍സാണ് താരം സ്വന്തം പേരില്‍ കുറിച്ചത്. പൊള്ളാര്‍ഡ് 11195 റണ്‍സും മാലിക്ക് 10808 റണ്‍സും വാര്‍ണര്‍ 10019 റണ്‍സും സ്വന്തമാക്കി. 

ഈ പട്ടികയില്‍ കോലിയ്ക്ക് പിന്നിലുള്ള രണ്ടാമത്തെ ഇന്ത്യന്‍ താരം മുംബൈ ഇന്ത്യന്‍സ് നായകന്‍ രോഹിത് ശര്‍മയാണ്. 351 മത്സരങ്ങളില്‍ നിന്ന് 9348 റണ്‍സാണ് താരം സ്വന്തമാക്കിയത്. 

Content Highlights: Virat Kohli goes past 10,000 runs in T20 cricket